ചൈനയിലെ മധുരവും കയ്പും

ചൈനയിൽ ഏഷ്യൻ ഗെയിംസ്​ കാണാനായി മുതിർന്ന സ്​പോർട്​സ് ജേണലിസ്​റ്റായ ലേഖകൻ പോയപ്പോൾ തൊട്ടറിഞ്ഞ ചൈനീസ്​ അനുഭവങ്ങളുടെ തുടർച്ച. ചൈനയുടെ പൗരാണികതയും ആധുനികതയും അനുഭവിച്ചറിഞ്ഞതി​ന്റെ സാക്ഷ്യം.3. പൗരാണികതയുടെ ഓർമപ്പെടുത്തലുകൾ ഷെജിയാങ് പ്രവിശ്യയുടെ തലസ്​ഥാനമാണ് ഹാങ്ചാ. പൗരാണികതയുടെ ഇഴകൾ മുറിയാതെ പുരോഗതി ഏറ്റുവാങ്ങിയ നഗരം. ദീപശിഖാ പ്രയാണം തുടങ്ങിയ സമീപ നഗരമായ ലിയാങ്ചുവാകട്ടെ യു​െനസ്​കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ട പ്രദേശമാണ്. സതേൺ സോങ് രാജവംശകാലത്ത് (1127-1279) ലിൻ യാൻ എന്ന പേരിൽ ഈ പ്രദേശം അവരുടെ തലസ്​ഥാനമായിരുന്നു. പുരാതന ചൈനയിലെ ഏഴു തലസ്​ഥാനങ്ങളിൽ ഒന്ന്. ക്രിസ്​തുവിന് 222 വർഷം...

ചൈനയിൽ ഏഷ്യൻ ഗെയിംസ്​ കാണാനായി മുതിർന്ന സ്​പോർട്​സ് ജേണലിസ്​റ്റായ ലേഖകൻ പോയപ്പോൾ തൊട്ടറിഞ്ഞ ചൈനീസ്​ അനുഭവങ്ങളുടെ തുടർച്ച. ചൈനയുടെ പൗരാണികതയും ആധുനികതയും അനുഭവിച്ചറിഞ്ഞതി​ന്റെ സാക്ഷ്യം.

3. പൗരാണികതയുടെ ഓർമപ്പെടുത്തലുകൾ

ഷെജിയാങ് പ്രവിശ്യയുടെ തലസ്​ഥാനമാണ് ഹാങ്ചാ. പൗരാണികതയുടെ ഇഴകൾ മുറിയാതെ പുരോഗതി ഏറ്റുവാങ്ങിയ നഗരം. ദീപശിഖാ പ്രയാണം തുടങ്ങിയ സമീപ നഗരമായ ലിയാങ്ചുവാകട്ടെ യു​െനസ്​കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ട പ്രദേശമാണ്. സതേൺ സോങ് രാജവംശകാലത്ത് (1127-1279) ലിൻ യാൻ എന്ന പേരിൽ ഈ പ്രദേശം അവരുടെ തലസ്​ഥാനമായിരുന്നു. പുരാതന ചൈനയിലെ ഏഴു തലസ്​ഥാനങ്ങളിൽ ഒന്ന്. ക്രിസ്​തുവിന് 222 വർഷം മുമ്പുപോലും നാഗരികത ഉൾക്കൊണ്ട പ്രദേശം. ‘‘ഏറ്റവും സുന്ദരവും ഗംഭീരവുമായ പ്രദേശം’’ എന്നാണ് ഹാങ്ചോയെക്കുറിച്ച് വെനീസിൽനിന്നുള്ള വ്യാപാരിയും സഞ്ചാരിയുമായ മാർക്കോ പോളോ രേഖപ്പെടുത്തിയത്.

നമ്മൾ എന്നും അഭിമാനിക്കുന്നതാണ് മോഹൻ ജൊ ദാരോയിലെയും ഹാരപ്പയിലെയും കണ്ടെത്തലുകൾ, അഥവാ ഇൻഡസ്​ താഴ്വരയിലെ നാഗരികത. 1921ൽ ഉദ്ഖനനം ചെയ്തെടുത്തത് ഇൻഡസ്​ നദീ തീരത്തെ, മോഹൻ ജൊ ദാരോയിലെയും ഇൻഡസ്​ നദിയുടെ കൈവരിയായ രവി നദിയോടു ചേർന്നുള്ള ഹാരപ്പയിലെയും ഒരു കാലഘട്ടത്തിലെ നാഗരികതയാണ്. മോഹൻ ജൊ ദാരോയും (ഉത്തര സിന്ധ് പ്രവിശ്യ) ഹാരപ്പയും (പശ്ചിമ പഞ്ചാബ്) ഇന്ന് പാകിസ്താനിലാണ്. പക്ഷേ, ഭാരതത്തിലെ ഒരു കാലഘട്ടത്തിലെ ജനജീവിതത്തിന്റെ ഉന്നതനിലവാരം അത് അടിവരയിടുന്നു. ഇത്തരമൊരു പൈതൃകം ചൈനക്കും അവകാശപ്പെടാനുണ്ട്.

ഹാങ്ചോ നഗരത്തിലെ ഷിയോഷാൻ ജില്ലയിലെ ഷിയാങ്ഹു മ്യൂസിയം പുരാതന ചൈനയുടെ സാംസ്​കാരിക പാരമ്പര്യം വിളിച്ചോതുന്നു. ഷിയാങ് തടാകക്കരയിലാണിത്. നൂറ്റാണ്ടുകൾക്കു മുമ്പ് ചൈനക്കാർ ഉപയോഗിച്ചിരുന്ന പാത്രങ്ങൾ, ചീനഭരണികൾ, അമ്പും വില്ലും, ആഭരണങ്ങൾ, മഴയും മഞ്ഞും തീയും അതിജീവിച്ച ചില തടിനിർമിതികൾ തുടങ്ങിയവയൊക്കെ ഇൻഡസ്​ സംസ്​കാരത്തെ അനുസ്​മരിപ്പിക്കുന്നു. ചൈനയിൽ കുയാഹുക്വിയാവോ (Kuahuqiao) സംസ്​കാരം പുരാതന സമുദ്ര സംസ്​കാരമായി അടയാളപ്പെടുത്തുന്നു. പുരാതന ചൈനക്കാർ മികച്ച നാവികരായിരുന്നെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും ആകർഷകമായി തോന്നിയത് 8000 വർഷം പഴക്കമുള്ള വഞ്ചിയാണ് (കനൂ –canoe). ഇത് ലോകത്തിലെതന്നെ ഏറ്റവും പഴക്കമുള്ള ‘കനൂ’വാണെന്ന് പറയപ്പെടുന്നു. എന്തായാലും ഏഷ്യയിലെ ഏറ്റവും പഴക്കമുള്ളതുതന്നെ.

ആശാരിമാർ പൈൻമരത്തിൽ കല്ലുളിക്കു കൊത്തിയെടുത്ത ഈ വഞ്ചിക്ക് 5.6 മീറ്റർ നീളവും 52 സെ.മീ. വീതിയും രണ്ടു മുതൽ മൂന്നുവരെ സെ.മീ. കനവുമുണ്ട്. ഈ വഞ്ചിയുടെ ചില ഭാഗങ്ങളൊക്കെ അഗ്നിക്ക് ഇരയാകുകയോ കാലപ്പഴക്കത്തിൽ ദ്രവിച്ചുപോകുകയോ ചെയ്തിട്ടുണ്ട്. ശേഷിച്ച ഭാഗം നഷ്​ടപ്പെടാതെ സൂക്ഷിക്കുന്നു. മ്യൂസിയത്തിൽ ചെന്ന ഉടനെ ഈ വഞ്ചിയെക്കുറിച്ചു തിരക്കിയതുകൊണ്ടാകാം ഇതു പരിചയപ്പെടുത്തുന്നതിൽ ഗൈഡ് പ്രത്യേക താൽപര്യം കാട്ടി. വിവിധ കലാരൂപങ്ങൾ പ്രദർശിപ്പിച്ചിരുന്നൊരു ഗാലറി കണ്ടുമടങ്ങുമ്പോൾ ആ വളപ്പിൽതന്നെ ഒരു മരം ചൂണ്ടിക്കാട്ടിയിട്ട് 800 വർഷം പഴക്കമുള്ളതെന്ന് പറഞ്ഞുതന്നു. ചൈനയിലെ ഇതര സംസ്​ഥാനങ്ങളിൽനിന്നെത്തിയ മാധ്യമപ്രവർത്തകർക്കും ഇതൊക്കെ പുതിയ കാഴ്ചകളായിരുന്നു. എന്നാൽ, തേയിലത്തോട്ടത്തിലൊക്കെ എത്തിയപ്പോൾ ഗ്രീൻ ടീയും മറ്റും വിശദീകരിക്കാൻ പരിചയസമ്പന്നരെപ്പോലെ അവർ താൽപര്യം കാട്ടി.

ഹാങ്ചോ ചൈനയുടെ പട്ടിന്റെ തലസ്​ഥാനമാണ് (Silk Capital). ഷായോസിങ്ങിലെ ജിംനേഷ്യം ഉൾപ്പെടുന്ന കായികവേദിയുടെ പേരുതന്നെ ചൈനാ ടെക്സ്റ്റൈൽ സിറ്റി സ്​പോർട്സ്​ സെ​​ന്റർ ജിംനേഷ്യം എന്നാണ്. പുരാതന ഷായോചിങ് നഗരം ക്രിസ്​തുവിന് മുമ്പ് 770-476 കാലത്ത് നിർമിക്കപ്പെട്ടതാണ​േത്ര. തേയിലയുടെ തറവാടായാണ് ചൈന അറിയപ്പെടുന്നത്. കിഴക്കൻ ചൈനയിലെ ഷിജിയാങ് പ്രവിശ്യയിലാണ് ഏറ്റവുമധികം തേയില ഉൽപാദിപ്പിക്കപ്പെടുന്നത്. ഹുഷു നഗരത്തിലെ അഞ്ജീ ടീയും നാട്ടിൻപുറത്തെ വൈറ്റ് ടീയും ഹുഷുവിലെതന്നെ വെസ്റ്റ് ലേക്കിലെ ലോങ്-ജിങ് ടീയും ലോകപ്രശസ്​തമാണെന്ന് ചൈനീസ്​ മാധ്യമസുഹൃത്തുക്കൾ പറഞ്ഞു.

ക്വിയാ​​ന്റൊങ് നദിയും കുയാഹുക്വിയാവോ സംസ്​കാരവും ചൈനക്കാർക്ക് ഏറെ വിലപ്പെട്ടതാണെന്ന് ഏഷ്യൻ ഗെയിംസ്​ ഉദ്ഘാടനച്ചടങ്ങുകൾതന്നെ വ്യക്തമാക്കിയിരുന്നു. ക്വിയാ​​ന്റൊങ് നദിയിലെ ഓളങ്ങളും തീരങ്ങളും മറ്റും ഉദ്ഘാടന പരിപാടികളിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. എണ്ണായിരം വർഷത്തെ സംസ്​കാരമാണ് ഈ നദിയുമായി ബന്ധപ്പെട്ടുകിടക്കുന്നത്. ചിയാങ് തടാകവും ഇതുമായി ബന്ധപ്പെട്ടുള്ളതാണ്. മൂന്നുതവണ ഇവിടങ്ങളിൽ ഉദ്ഖനനം നടന്നെന്നും മത്സ്യബന്ധനവും വന്യമൃഗവേട്ടയും മാത്രമല്ല, വേവിച്ച ആഹാരങ്ങളും പ്രചാരത്തിൽ ഉണ്ടായിരുന്നെന്ന് വ്യക്തമായെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

പഴയ കാലത്തെ പല നിർമാണശാലകളും ഇന്ന് ആർട്ട് ഗാലറികളും പാർക്കുകളുമാണ്. നേച്ചർ ആൻഡ് ഹ്യുമാനിറ്റി മ്യൂസിയത്തിൽ ചൈനീസ്​ കത്തികൾ, കത്രികകൾ, വാളുകൾ, ഫാൻ, കുട തുടങ്ങിയവയൊക്കെ കണ്ടു. ഗ്രാൻഡ് കനാലും ഗോങ്ചെൻ ബ്രിജും വലിയൊരു സംസ്​കാരത്തിന്റെ തുടർച്ചയാണ്. ഗോങ്ചുവിലാണ് തടാകത്തിന്റെ തെക്കേയറ്റം. തെക്കുഭാഗത്ത് ഷോൻഗാ നദിയിൽ തുടങ്ങി വടക്ക് ചാങ്താങ് നദിയിലെത്തുന്ന ഈ തടാകം ഹാങ്ചോയുടെ ചരിത്രഭൂപടത്തിന്റെ ഭാഗമാണ്.

 

ഷാങ്​ഹായിൽ മാവോ സേ തുങ്ങിന്റെ പ്രതിമക്ക്​ മുന്നിൽ സനിൽ പി. തോമസ്​

ഒരുകാലത്ത് ഈ ഗ്രാൻഡ് കനാലായിരുന്നു ചൈനയിലെ ജനങ്ങളുടെ ജീവനാഡി. ആയിരം വർഷത്തെ ചലിക്കുന്ന സംസ്​കാരമായി വിശേഷിപ്പിക്കുന്ന തടാകത്തിന് ആയിരം കിലോമീറ്റർ നീളമുണ്ട്. ഈ കനാലിലൂടെ ഞങ്ങൾ ബോട്ടിൽ യാത്രചെയ്യുമ്പോൾ നിർമാണസാമഗ്രികൾ നിറച്ച ഒട്ടേറെ കൂറ്റൻ ബോട്ടുകൾ കണ്ടു. നമ്മുടെ പഴയകാല കെട്ടുവള്ളങ്ങളെ ഓർമിപ്പിച്ച കാഴ്ച. പുരാതനകാലത്ത് ജലഗതാഗതം പ്രധാനമായും ഈ തടാകത്തിലൂടെയായിരുന്നു. ധാന്യങ്ങൾ ശേഖരണശാലകളിൽ എത്തിച്ചിരുന്നതും ഇതുവഴിയായിരുന്നു. ഷിയാങ്ങി ക്ഷേത്രം, ഷിജിയാങ് പ്രവിശ്യയിലെ പാർട്ടി കമ്മിറ്റി ഓഫിസ്​, ഹാങ്ചോയിലെ ആദ്യത്തെ കോട്ടൻ മിൽ തുടങ്ങി പഴയകാല ഓർമകൾ ഉണർത്തുന്ന പലതും ചുറ്റുവട്ടത്ത് ഉണ്ടെന്ന് അറിഞ്ഞെങ്കിലും കാണാൻ സാധിച്ചില്ല.

കരകൗശല വസ്​തുക്കളും അച്ചാറും തേയിലയുമൊക്കെ പ്രദർശിപ്പിച്ച ഗ്രാമീണ ചന്തയിലെ യാത്ര ശ്രദ്ധേയമായിരുന്നു. വിദേശത്തുനിന്നു വന്ന ഞങ്ങൾക്ക് തേയിലയും അച്ചാറുമൊക്കെ അവർ സൗജന്യമായി തന്നപ്പോൾ ചൈനക്കാരായ മാധ്യമപ്രവർത്തകർക്ക് സൗജന്യങ്ങൾ നിയന്ത്രിക്കപ്പെട്ടിരുന്നു. അച്ചാറുകൾ എത്രനാൾ കേടുകൂടാതെ സൂക്ഷിക്കാം എന്നു നിശ്ചയമില്ലാത്തതിനാലും അവയുടെ രുചിയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നതിനാലും അവ വള​​ന്റിയർമാർക്കു സമ്മാനിച്ചു. ചൈനയുടെ ദേശീയദിനത്തിലാണ് ഗ്രാമീണച്ചന്തയിൽ എത്തിയത്. എന്റെ ഷർട്ടിൽ ചൈനീസ്​ പതാക മീഡിയ വില്ലേജിലെ റിസപ്ഷനിൽ ​െവച്ചുതന്നെ വള​​ന്റിയർമാർ പതിച്ചിരുന്നു. പക്ഷേ, ചന്തയിൽ എത്തിയപ്പോൾ അവർ ചൈനക്കാർക്ക് ഉൾപ്പെടെ ചെറിയ ദേശീയപതാക തന്നു. ചൈനക്കാരിയായ ഒരു ഫോട്ടോഗ്രാഫർ അത് ജീൻസിന്റെ പോക്കറ്റിൽ തിരുകി. ഇന്ത്യക്കാർ അങ്ങനെ കാട്ടിയാൽ അവർ എങ്ങനെ കണക്കാക്കും എന്ന ആശങ്കയിൽ ഞാൻ ചൈനീസ്​ പതാക ഷർട്ടിന്റെ പോക്കറ്റിൽ ​െവച്ചു. അൻസാർ എസ്​. രാജിന്റെ തലമുടിയിൽ ചൈനയിലെ ഒരു മാധ്യമപ്രവർത്തക ചുമന്ന പുഷ്പം കുത്തിക്കൊടുത്തു. ചന്തയിൽനിന്നു മടങ്ങിയിട്ടും തലയിൽ പൂവുള്ള കാര്യം അൻസാർ ഓർത്തില്ല. ഇത് ചിരിക്കാൻ വക നൽകി.

വിവിധ രാജ്യങ്ങളിലെ ബാഡ്ജ് അക്രഡിറ്റേഷൻ കാർഡിന്റെ സ്​ട്രാപ്പിൽ പലരും കുത്തി. ഇക്കാര്യത്തിൽ ശ്രദ്ധിക്കപ്പെട്ടത് മാതൃഭൂമി സ്​പോർട്സ്​ ലേഖകൻ ബി.കെ. രാജേഷാണ്. രാജേഷിന്റെ കഴുത്തിലെ സ്​ട്രാപ്പ് നിറയെ ബാഡ്ജുകളായിരുന്നു. ചൈനക്കാർക്ക് തന്റെ ശേഖരത്തിൽനിന്ന് ഇഷ്​ടമുള്ളത് എടുത്ത് പകരം ഇഷ്​ടമുള്ളതു കുത്താൻ രാജേഷ് സ്വാതന്ത്ര്യം നൽകി.

ദേശീയദിനം പ്രമാണിച്ച് ചൈനയിൽ മൂന്നു മുതൽ ഏഴുവരെ ദിവസമാണ് പൊതു അവധി. എങ്ങും എവിടെയും ദേശീയ പതാകകൾ. ആഘോഷങ്ങളും. ഏഷ്യൻ ഗെയിംസിനിടക്കായിരുന്നു ദേശീയ ദിനവും. അതിനൊപ്പം മൂൺ ഫെസ്റ്റിവൽ (ച​ന്ദ്രോത്സവം) കൂടിയെത്തിയാലോ? ചൈനീസ്​ ടി.വിയിലെ ചെൻ ഹ്യുയാങ് സെൻ പറഞ്ഞു ‘‘ഇന്ന് ചൈനയിൽ മിഡം ഓട്ടം ഫെസ്റ്റിവൽ (മൂൺ ഫെസ്റ്റിവൽ) ആണ്. ദേശീയ ദിനവും മൂൺ ഫെസ്റ്റിവലും ഒരുമിച്ചുവരുന്നത് അപൂർവമാണ്. ചൈനീസ്​ കലണ്ടർ വ്യത്യസ്​തമായതിനാൽ മൂൺ ഫെസ്റ്റിവൽ പല തീയതികളിലായിരിക്കും വരുക,’’ ചെൻ വിശദീകരിച്ചു.

അദ്ദേഹം എനിക്കൊരു ചെറിയ ബാഗ് സമ്മാനമായി തന്നു. എന്നിട്ടു പറഞ്ഞു. ‘‘യുയെ ലിയാങ് ലാ യി ബിയാസ്​ വോ ദേഷിൻ’’ എന്ന് ചൈനീസ്​ ടി.വിയിൽ അദ്ദേഹത്തോടൊപ്പം പാടണം. ചന്ദ്രൻ എന്റെ ഹൃദയത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന് അർഥം. ‘‘പൂർണ ചന്ദ്രൻ പ്രത്യക്ഷപ്പെടുമ്പോൾ എന്റെ ഹൃദയവും നിറയുന്നു.’’ ചൈനയിൽ എല്ലാവർക്കും ഈ ഗാനം അറിയാമെന്ന് ചെൻ പറഞ്ഞു. അപ്പോഴാണ് അന്നു രാവിലെ കണ്ട രംഗം ഓർമയിൽ വന്നത്. വഴിയോരത്ത്, ഹാങ്ചോ ഏഷ്യൻ ഗെയിംസിനെ സ്വാഗതം ചെയ്യുന്ന പ്രത്യേക വേദികളിൽ ഒന്നിനു മുന്നിൽ ഷിങ് ഡിച്ചെൻ എന്ന യുവതി ‘ഇർഹു’ എന്ന സംഗീതോപകരണം വായിക്കുന്നു. അവരുടെ പിതാവ് ഇത് വിഡിയോയിലാക്കുന്നു. അവരുടെ ഒരു വയസ്സുള്ള കുട്ടിയെ മാതാവ് നോക്കുന്നു. ഷിങ് ഡിച്ചെൻ സംഗീത അധ്യാപികയാണ്. അവർ ഈണമിട്ടതും ഒരുപക്ഷേ, മേൽപറഞ്ഞ ഗാനമായിരിക്കും. ചോദിക്കാൻ സാധിച്ചില്ല.

മൂൺ ഫെസ്​റ്റിവൽ ദിനത്തിൽ മീഡിയ സെ​​ന്ററിലെ ഒരുപറ്റം പെൺകുട്ടികൾ ‘മൂൺ കേക്ക്’ സമ്മാനിച്ചു. അത്​ലറ്റിക് സ്റ്റേഡിയത്തിലേക്കു തിരക്കിട്ടു പോകുകയായിരുന്നതിനാൽ രുചിക്കു നോക്കിയിട്ട് നാളെ പറയാമെന്നു പറഞ്ഞു. എന്നിട്ടും അവർ വിട്ടില്ല. മൂൺ കേക്കുമായി നിൽക്കുന്ന എനിക്കു ചുറ്റുംനിന്ന് ഫോട്ടോയെടുത്തു. മൂൺ കേക്കിന്റെ രുചി പ്രത്യേകതയുള്ളതായിരുന്നു. മുഴുവൻ കഴിച്ചു. പിറ്റേന്നു പെൺകുട്ടികൾ പിടികൂടി. നന്നായിരുന്നു എന്നുതന്നെ പറഞ്ഞു. ആ മറുപടിക്കായിട്ടായിരുന്നല്ലോ അവർ കാത്തിരുന്നതും.

ഷിങ്ങിനെ പരിചയപ്പെട്ടിടത്തുനിന്ന് ഒരു ഷോപ്പിങ് മാളിലേക്ക് ടാക്സിക്കായി കാത്തുനിന്നു. ഫോണിലൂടെയേ ടാക്സി ബുക്ക് ചെയ്യാൻ സാധിക്കൂ. അതിനുള്ള ആപ്പ് ഫോണിൽ ഇല്ലതാനും. ഷിങ്ങിന്റെ മാതാവ് പറഞ്ഞു, ‘‘ഞങ്ങളുടേത് ചെറിയ കാർ ആണ്. അതിൽ കയറാൻ ബുദ്ധിമുട്ടില്ലെങ്കിൽ ഷോപ്പിങ് മാളിൽ വിടാം.’’ സന്തോഷത്തോടെ, അതിലേറെ നന്ദിയോടെ അവരുടെ ക്ഷണം സ്വീകരിച്ചു. വിചാരിച്ചതിലും അകലമുണ്ടായിരുന്നു ഷോപ്പിങ് മാളിലേക്ക്.

ചൈനയിൽ നിർമിച്ചത് എന്നു കേൾക്കുമ്പോൾ നമ്മുടെ നാട്ടിൽ രണ്ടാംതരം എന്നാണു സങ്കൽപം. വില കുറഞ്ഞതും അധികകാലം നിൽക്കാത്തതുമെന്നാണ് നമ്മുടെ ചിന്ത. പക്ഷേ, ചൈനയിൽ അനുഭവം മറിച്ചാണ്. അവർ ഞങ്ങൾക്ക് ഉപയോഗിക്കാൻ തന്ന സോപ്പും ഷാംപൂവും ബോഡിലോഷനും പേസ്റ്റുമൊക്കെപ്പോലെ എല്ലാം ഉന്നത നിലവാരത്തിലുള്ളതുതന്നെ. തുണിക്കടകളിൽ രണ്ടായിരം രൂപയിൽ കുറഞ്ഞ ടി ഷർട്ടുകളും ആയിരം രൂപയിൽ കുറഞ്ഞ ബാഗുകളും ഇല്ല. ചൈനക്കാരുടെ എക്സ്​ട്രാ ലാർജ് ടീ ഷർട്ട് വാങ്ങി നാട്ടിലെത്തിയപ്പോൾ ആറടി ഉയരമുള്ള മരുമകന് ചെറുതാണ്. ആറടിക്കാർ ചൈനയിൽ അപൂർവമാണെന്നു തോന്നുന്നു.

രുചിയെക്കുറിച്ചു സംശയം ഉണ്ടായിരുന്നതിനാൽ വഴിയോര ഹോട്ടലുകളിൽ കയറിയില്ല. വഴിവക്കിൽ സിഗരറ്റ് വലിക്കുന്നതിനു നിയന്ത്രണമില്ലെന്നു മാത്രമല്ല, വേസ്റ്റ് ബിന്നുകൾക്കൊപ്പം വഴിനീളെ ആഷ്േട്രകളുമുണ്ട്. വേസ്റ്റ് ബിൻ എല്ലാം രണ്ടായി തിരിച്ചതാണ്. ഒന്ന് ഭക്ഷണ പദാർഥങ്ങളും മറ്റും ഇടുവാൻ, രണ്ടാമത്തേത് കടലാസും പ്ലാസ്റ്റിക്കുമൊക്കെ ഇടുവാൻ.

വാറ്റു ചാരായവും വൈനും ചൈനയിൽ എവിടെയും സുലഭമാണ്. വലിയ ചീനഭരണികളിൽ മനോഹരമായ വർണങ്ങളിലുള്ള തുണികൊണ്ടു മൂടിയിരിക്കുന്നത് നാടൻ വാറ്റാണ്. അളന്നു കൊടുക്കും. വില കുറവാണ്. പക്ഷേ, ചൈനീസ്​ നിർമിത സാധാരണ മദ്യത്തിൽതന്നെ ആൽക്കഹോൾ 55 ശതമാനം വരുന്നതിനാൽ ഇത് അതിലും കൂടാനാണു സാധ്യത. പരീക്ഷണത്തിനു ധൈര്യമില്ലായിരുന്നു. പക്ഷേ, വൈൻ രുചിച്ചു നോക്കി. പൂവുകൊണ്ട് തയാറാക്കിയ വൈൻ ഏറെ രുചികരമായി തോന്നി. ഇന്ത്യയിൽനിന്നുള്ള ഒരു റിപ്പോർട്ടർ സഹപ്രവർത്തകർക്കായി രണ്ടു കുപ്പി ചൈനീസ്​ നിർമിത വിസ്​കി വാങ്ങി.

 

അരിക്കേക്ക്​ നിർമാണത്തിൽ അൻസാർ എസ്​. രാജും പങ്കാളിയായപ്പോൾ

അവധി ദിവസമേ സൽക്കരിക്കാവൂ, അല്ലെങ്കിൽ എല്ലാവരും ഓഫ് ആയി പത്രം ഇറങ്ങാതെ പോകുമെന്ന് ഞാൻ അദ്ദേഹത്തെ ഓർമിപ്പിച്ചു. ‘കൊറോണ’ ബിയർ ചൈനയിൽ കണ്ടപ്പോൾ ഉള്ളൊന്നു പിടഞ്ഞു. പരിചയമുള്ള ഒരു ലൈറ്റ് ബിയർ തണുക്കാത്തതു ചോദിച്ചു. അത് മനസ്സിലാക്കാൻ കടയുടമക്ക് ഏറെ സമയം വേണ്ടിവന്നു. മിക്കവാറും കടകളിൽ ‘അലി പേ’ ഇല്ലെങ്കിൽ ‘യുവാൻ’ ഉണ്ടോയെന്നാണു ചോദിക്കുന്നത്. പക്ഷേ, അംഗീകൃത മെമന്റോ ഷോപ്പുകളിലൊക്കെ കാർഡ് സ്വീകരിക്കുന്നുണ്ട്. കടകളിലായാലും എക്സിബിഷൻ സ്റ്റാളുകളിലായാലും ഭാഷ മനസ്സിലാകുന്നില്ലെങ്കിലും അവർ നിർത്താതെ സംസാരിക്കുന്നതു കാണുമ്പോൾ സന്തോഷം തോന്നി.

4. നഗരവും ഗ്രാമവും കണ്ടു; ചൈനീസ്​ സംസ്​കാരം അറിഞ്ഞു

ഏഷ്യൻ ഗെയിംസിനു വന്ന മാധ്യമ പ്രവർത്തകർക്കായി ദിവസവും സിറ്റി ടൂർ ഒരുക്കിയിരുന്നു. ഉച്ചക്ക് ഒരു മണിക്കാണ് യാത്ര തുടങ്ങുക. രാവിലെ പേരു രജിസ്റ്റർ ചെയ്യണം. ഒരിക്കൽ പോയിടത്ത് വീണ്ടും കൊണ്ടുപോകില്ല. വിദേശ മാധ്യമ പ്രവർത്തകർക്കൊപ്പം ചൈനയിൽനിന്നുള്ളവരും ഈ യാത്രയിൽ ഉണ്ടായിരുന്നു. പലപ്പോഴും അവരായിരുന്നു കൂടുതൽ. ചൈനയിലെ ഇതര സംസ്​ഥാനക്കാരിൽ പലരും ഹാങ്ചോ നഗരം മുമ്പ് കണ്ടിട്ടില്ലെന്നു മനസ്സിലായി. മാത്രമല്ല, ചൈനയിലെ മാധ്യമ പ്രവർത്തകർക്കും മീഡിയ വില്ലേജിൽ താമസ സൗകര്യം ഒരുക്കിയിരുന്നു.

മിക്കവാറും യാത്രകൾ അഞ്ചു മണിക്കു മുമ്പ് അവസാനിക്കും. ഒരിടത്തുമാത്രമാണ് അൽപം വൈകിയത്. അതുകൊണ്ട് യാത്രക്ക് എടുക്കുന്ന സമയം കൂടി തിരക്കിയിട്ടാണ് പിന്നീട് പേരു നൽകിയത്. അല്ലെങ്കിൽ ഉച്ചക്കുശേഷമുള്ള മത്സരങ്ങൾ കാണാൻ കഴിയാതെവരും. മടങ്ങിവരുമ്പോൾ ട്രാൻസ്​പോർട്ട് മാളിനു പുറത്താണ് ഇറക്കുന്നത്. പിന്നീട് സുരക്ഷാ പരിശോധന കഴിഞ്ഞുവേണം മാളിൽ കയറാൻ. എവിടെയും ഗ്രീൻ ടീ നൽകിയാണു സ്വീകരണം. ഗ്രീൻ ടീ ഗ്ലാസിൽ ഇട്ട് തിളച്ചവെള്ളം ഒഴിക്കും. മധുരമിടില്ല. നമ്മൾ ഒരു വിധം കുടിച്ചുതീർക്കുമ്പോൾ അവർ വീണ്ടും തിളച്ചവെള്ളം ഒഴിച്ചിരിക്കും.

ഹാങ്ചോക്കു പുറമെ തൊട്ടടുത്തുള്ള നിങ്ബോ, ഹ്യുചോ, ജിൻഹുവ, ഷാവോചിങ്, വെൻചോ എന്നീ നഗരങ്ങളിലുമായിരുന്നല്ലോ ഏഷ്യൻ ഗെയിംസിന് വേദികൾ ഒരുക്കിയിരുന്നത്. ഈ പ്രദേശങ്ങളും ഷിജിയാങ് പ്രവിശ്യയിലെതന്നെ മറ്റ് ഏതാനും നഗരങ്ങളും ഉൾപ്പെടുത്തി ഏതാണ്ട് 30 മീഡിയ ടൂർ റൂട്ടുകളാണ് ക്രമീകരിച്ചിരുന്നത്. ഇതിനു പുറമെ അഞ്ച് സാംസ്​കാരിക പരിചയ പരിപാടികളും ഉൾപ്പെടുത്തി. ഇവ മിക്കവാറും സായാഹ്നങ്ങളിലോ രാത്രിയിലോ ആയിരുന്നു. ഈ സാംസ്​കാരിക പരിചയ പരിപാടികളിൾ ചന്ദ്ര നിരീക്ഷണം (moon watching) മിഡ് ഓട്ടം ഫെസ്റ്റിവലിനോട് അനുബന്ധിച്ചായിരുന്നു.

ഈ യാത്രകളെല്ലാം സംഘം ചേർന്നുള്ളതായിരുന്നു. അതുകൊണ്ടുതന്നെ സംഘത്തിൽനിന്നു വേർപിരിഞ്ഞ് സഞ്ചരിക്കാൻ ആരെയും അനുവദിച്ചില്ല. നമ്മുടെ ചെവിയിൽ ഘടിപ്പിക്കുന്ന ഉപകരണം നമ്മൾക്കു ഗൈഡ് പറയുന്നതു കേൾക്കാൻ വേണ്ടി മാത്രമുള്ളതല്ല; മറിച്ച് നമ്മൾ നിയന്ത്രണം വിട്ട് ഒറ്റക്കു സഞ്ചരിക്കുന്നുണ്ടോയെന്ന് അറിയാൻ വേണ്ടിയും ഉള്ളതാണെന്ന് തോന്നി. ഒരിടത്ത് ഒരു പാലത്തിൽ കയറിയ എന്നെ എവിടെ നിന്നോ വന്നൊരാൾ പിന്തിരിപ്പിച്ചത് ഓർക്കുന്നു. അജ്ഞാത നിരീക്ഷകരും ഉണ്ടെന്നു ചിന്തിച്ചുപോയി.

മുപ്പതു റൂട്ടുകളിൽ മൂന്നു ഗ്രാമങ്ങൾ പരിചയപ്പെടുത്തുന്ന ആറ്, ലിൻ ആൻ മ്യൂസിയം, ക്വിൻഷാങ് തടാകം എന്നിവ ഉൾപ്പെട്ട ഒമ്പത്, നിങ്ബോ ഫൂഷാൻ പോർട്ടിലേക്കുള്ള പതിനൊന്ന്, നാട്ടിൻ പുറങ്ങളിലേക്കുള്ള പന്ത്രണ്ട്, വ്യവസായ മേഖല ലക്ഷ്യമിടുന്ന പതിമൂന്ന്, നദിക്കരയിലെ പട്ടണത്തിലേക്കു നിശ്ചയിക്കപ്പെട്ട പതിനാല്, സാംസ്​കാരിക യാത്രയായ പതിനഞ്ച്, ജിൻഹുവയിലേക്കുള്ള പതിനാറ്, മത്സ്യബന്ധന തുറമുഖം ഉൾപ്പെട്ട പതിനേഴ്, ഗ്രാമീണ പുനരുദ്ധാരണം വിളിച്ചറിയിക്കുന്ന നിങ്ബോ യാത്രയായ പതിനെട്ട്, ഭാവിയിലെ വ്യവസായങ്ങൾ പരിചയപ്പെടുത്തുന്ന വെൻഷുവിലേക്കുള്ള ഇരുപത്, ഹുഷു യാത്രയുടെ ഇരുപത്തൊന്ന്, തായ്ഹു തടാകയാത്രയായ ഇരുപത്തിരണ്ട്, പുജിയാങ് ചരിത്രവും സംസ്​കാരവും പഠിക്കാൻ ഉതകുന്ന ഇരുപത്തിയാറ്, ഇരുപത്തിയേഴ്, ആധുനിക തീരദേശ സൗകര്യങ്ങൾ പരിചയപ്പെടുത്തുന്ന ഇരുപത്തിയെട്ട്, ഗുയോക്വിങ് ക്ഷേത്രത്തിലേക്കുള്ള ഇരുപത്തൊമ്പത് എന്നീ റൂട്ടുകൾ ഒരു ദിവസത്തെ പരിപാടിയായതിനാൽ മിക്കവരും ഉപേക്ഷിച്ചു. മത്സരങ്ങൾ റിപ്പോർട്ട് ചെയ്യാൻ എത്തിയവർക്കായി ഒരു ദിവസ യാത്രകൾ ക്രമീകരിച്ചത് എന്തിനെന്ന് മനസ്സിലായില്ല.

ശേഷിച്ചത് ഒരു ഡസൻ റൂട്ടുകൾ മാത്രം. മൂന്നാഴ്ചയോളം മാധ്യമപ്രവർത്തകർ ചൈനയിൽ തങ്ങിയെങ്കിലും അര ദിവസ യാത്രകളുടെ (മിക്കവാറും നാലു മണിക്കൂർ) ഒരു ഡസനിൽനിന്നാണ് റൂട്ട് തിരഞ്ഞെടുത്തത്. ഒരുപക്ഷേ, മത്സരങ്ങൾ തുടങ്ങുന്നതിന് ഒരാഴ്ച മുമ്പൊക്കെ ആരെങ്കിലും എത്തിയിരുന്നെങ്കിൽ അവർക്ക് ഈ യാത്രകൾ പ്രയോജനപ്പെടുമായിരുന്നു. പക്ഷേ, അത്രയും നേരത്തേ ആരും എത്തിയില്ല. ഏഷ്യൻ ഗെയിംസിനു തിരശ്ശീല വീണശേഷം കൂടുതൽ ദിവസം തങ്ങി യാത്രയിൽ പങ്കെടുക്കാൻ കഴിയില്ലായിരുന്നു. ഒന്നാമത്, ഗെയിംസ്​ തീർന്നതിന്റെ പിറ്റേന്നുതന്നെ (2023 ഒക്ടോബർ ഒമ്പതിന്) മീഡിയ വില്ലേജിലെ മുറികൾ ഒഴിയണമെന്ന് ബുക്കിങ് വേളയിൽതന്നെ കർശന നിർദേശമുണ്ടായിരുന്നു. മാത്രമല്ല, മീഡിയ സെന്റർ ഗെയിംസിന്റെ സമാപനത്തോടെ അടച്ചു. പിന്നെ ടൂർ സാധ്യതയില്ല. ഒരുപക്ഷേ, ചൈനയിലെ ഇതര സംസ്​ഥാനങ്ങളിൽ നിന്നു വന്നവർക്കുവേണ്ടിയായിരിക്കണം ഒരുദിവസ യാത്രകൾ.

യാത്രക്കായി ബസിൽ കയറുമ്പോൾതന്നെ ഒരു കുപ്പി വെള്ളം തന്നാണ് വരവേൽപ്. ചില ബോട്ട് യാത്രയിൽ ചായയും സ്​നാക്സും കിട്ടി. ചിലയിടങ്ങളിൽ ശരിക്കും പട്ടിണിയായി, ബാഗിൽ പഴവും ബിസ്​കറ്റുമൊന്നും കരുതാതിരുന്നവർ വിഷമിച്ചു. എങ്കിലും ചെല്ലുന്ന വേദികളിലെ നടത്തിപ്പുകാരുടെയും ഒപ്പമുള്ള ഗൈഡുകളുടെയും പെരുമാറ്റം നമ്മളെ ഉത്സാഹഭരിതരാക്കും. ഒട്ടേറെ നിർമാണശാലകളും നേരത്തേ പറഞ്ഞതുപോലെ ആർട്ട് ഗാലറികളും കണ്ടു.

എല്ലായിടത്തും കുട്ടികൾ മാതാപിതാക്കളോടൊപ്പമെത്തി ചെറിയ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നതു നല്ല കാഴ്ചയായിരുന്നു. കുടകളിൽ വിവിധ ചിത്രങ്ങൾ വരക്കുന്ന കുട്ടികളും കടലാസിൽ ചിത്രരചനയിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികളും തയ്യൽജോലികളിൽ പരിശീലനം നേടുന്ന കുട്ടികളും ഉണ്ടായിരുന്നു. ചെറിയ, ചെറിയ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന കുട്ടികളെയും കണ്ടു. അവധി ദിവസങ്ങൾ കുട്ടികൾ തൊഴിൽ പരിശീലനത്തിനും വിനോദത്തിനുമായി ചെലവിടുന്നു. അഞ്ചു വയസ്സു മുതലുള്ള കുട്ടികളെ കാണാം. നമ്മുടെ കുട്ടികൾ നന്നേ ചെറുപ്പത്തിലെ ടി.വി കണ്ടും മൊബൈൽ ഫോൺ ഉപയോഗിച്ചും സമയം കളയുമ്പോൾ ചൈനക്കാർ അവരെ ഭാവിക്കായി ഒരുക്കുന്നു. പരിശീലനം നൽകുന്നു.

ഒരു ആർട്ട് ഗാലറിയിൽ ചിത്രം വരക്കാൻ ക്ഷണിച്ചു. വരച്ച് കൈയൊപ്പിട്ടു കൊടുത്തപ്പോൾ, അവിടത്തെ ആർട്ട് ടീച്ചർ വരച്ചൊരു ചിത്രം പകരം തന്നു. രണ്ടു ചിത്രങ്ങളും ചേർത്തു പിടിച്ചൊരു ഫോട്ടോയും എടുത്തു. എത്രയോ വർഷങ്ങൾക്കുശേഷമാണ് ചിത്രരചനക്ക് അവസരം കിട്ടിയതെന്ന് ഓർത്തുപോയി.

ഒരു ഹെറിറ്റേജ് ഏരിയയിൽ അരി കേക്ക് കഴിക്കണമെന്നു നിർബന്ധം. തിളച്ച വെള്ളത്തിൽ അരിപ്പൊടി കുഴച്ചത് ചേരുവകൾക്കൊപ്പം വലിയ ഉരലിൽ ഇട്ട് വലിയ കൂടംകൊണ്ട് 100 തവണ അടിച്ചു പതംവരുത്തിയാണ് കേക്ക് നിർമിക്കുന്നത്. സന്ദർശകർക്കും കൂടംകൊണ്ട് അടിക്കുവാൻ അവർ അവസരം തന്നു. ഞങ്ങളുടെ സംഘത്തിൽ പലരും ശ്രമിച്ചെങ്കിലും ലക്ഷ്യസ്​ഥാനത്ത് കൂടം കൊള്ളിച്ചത് കേരള കൗമുദിയിലെ അൻസാർ എസ്​. രാജ് മാത്രം. കൂടം ഉയർത്തുന്ന അവസരത്തിലാണ് ഉരലിനുള്ളിലെ മാവ് ഒരാൾ ഗ്ലൗസ്​ ഇട്ട ​െകെകൊണ്ട് ഉരുട്ടിക്കൂട്ടുക. ഞങ്ങളിൽ ആരെങ്കിലും അടിക്കുമ്പോൾ അയാളുടെ കൈയിൽ കൊള്ളുമോ എന്നായിരുന്നു എന്റെ ഭയം. ഭാഗ്യം, അങ്ങനെയൊന്നും സംഭവിച്ചില്ല. പക്ഷേ, അരികേക്കിന് പ്രത്യേക രുചിയൊന്നും തോന്നിയില്ല. രുചി അത്ര ഇഷ്​ടപ്പെട്ടില്ലെന്നു മനസ്സിലാക്കി അവർ പഞ്ചസാര ചേർത്തു കഴിക്കാൻ േപ്രരിപ്പിച്ചു. അപ്പോൾ, പുഴുങ്ങിയ ഇലയട കഴിക്കുന്നതുപോലെ അനുഭവപ്പെട്ടു.

പാവകളിപോലുള്ള പ്രദർശനങ്ങളും കണ്ടു. ഒരു ടൂർ ഗ്രൂപ്പിൽ ഉൾപ്പെട്ടാൽ അതിൽ ഉൾപ്പെട്ടതൊന്നും ഒഴിവാക്കി മുന്നോട്ടു നീങ്ങാൻ സാധിക്കില്ല. കണ്ട്, അൽപം വേഗത്തിൽ ഇറങ്ങാമെന്നു മാത്രം. ‘സിറ്റി ടൂർ’ എന്നാണു പേരെങ്കിലും ഒട്ടേറെ ഗ്രാമീണ കാഴ്ചകളും കണ്ടു. ഗ്രീൻ ഗെയിംസ്​ എന്നു പ്രഖ്യാപിക്കുക മാത്രമല്ല അത് നടപ്പിലാക്കാനും സംഘാടകർക്കു സാധിച്ചു. ആറു നഗരങ്ങളിലും വിൻഡ് പവറും ഫോട്ടോ വോൾടെയ്ക് എനർജിയും പരമാവധി ഉപയോഗിച്ച് കാർബൺ ന്യൂട്രൽ അന്തരീക്ഷമൊരുക്കി. ഗ്രീൻ പാസ്​പോർട്ട് ഓരോരുത്തർക്കും തന്നു. നമ്മൾ മടക്കിക്കൊടുക്കുന്ന പ്ലാസ്റ്റിക് വസ്​തുക്കൾ സ്വീകരിച്ച് പാസ്​പോർട്ടിൽ പോയന്റ് രേഖപ്പെടുത്തി. ഒടുവിൽ പോയന്റ് കൂട്ടി സമ്മാനങ്ങൾ തന്നു. എനിക്കു കിട്ടിയത് മടക്കി പോക്കറ്റിൽ വെക്കാവുന്ന ഷോപ്പിങ് ബാഗാണ്.

അമ്പത്താറ് മത്സരവേദികളിൽ 12 എണ്ണം മാത്രമാണ് പുതുതായി നിർമിച്ചത്. 31 എണ്ണം പുതുക്കിപ്പണിതു. 2007ൽ ഫിഫ വനിത ലോകകപ്പ് ഫുട്ബാൾ നടന്ന സ്റ്റേഡിയം 2019ൽ പുനർനിർമിച്ചുതുടങ്ങി. സമയത്തിനു പൂർത്തിയാക്കി. 80 ലക്ഷം യുവാൻ ആണ​െത്ര ഇതുവഴി ലാഭിച്ചത്. ഉപേക്ഷിക്കപ്പെട്ടൊരു ക്വാറിയിലാണ് സ്​പോർട് ക്ലൈംബിങ് സെന്റർ പണിതത്. പട്ടുനൂൽപ്പുഴുവിന്റെ രൂപത്തിൽ അത് മനോഹരമാക്കി. ടെക്സ്റ്റൈൽ സിറ്റി സ്​പോർട്സ്​ സെന്റർ മുമ്പ് ബാസ്​കറ്റ്ബാൾ കോർട്ടായിരുന്നു. അത് വോളിബാൾ കളിക്കാൻ പാകത്തിലാക്കിയപ്പോൾ ആവശ്യം കഴിഞ്ഞ് വീണ്ടും ബാസ്​കറ്റ്ബാൾ കോർട്ട് ആക്കാനുള്ള ഒരുക്കങ്ങളും ചെയ്തിരുന്നു. നീന്തൽ, ഡൈവിങ് വേദി പുറത്തുനിന്നു കാണുമ്പോൾ ഒരു ഡൈവർ വെള്ളത്തിൽ പതിക്കുമ്പോൾ ഉയരുന്ന തിരകളെ ഓർമിപ്പിക്കും. പ്രധാന സ്റ്റേഡിയം ഒരു താമരപ്പൂവ് കമഴ്ത്തിവെച്ചിരിക്കുന്നതുപോലുണ്ട്.

കോവിഡ് വ്യാപനത്തെ തുടർന്ന് ഗെയിംസ്​ 2022ൽ നിന്ന് 2023ലേക്കു മാറ്റിയെങ്കിലും വേദികളെല്ലാം മുൻ നിശ്ചയപ്രകാരം പൂർത്തിയാക്കിയിരുന്നു. ശേഷിച്ച ഒരു വർഷം ഈ വേദികളിൽ ഒരു കോടിയിലേറെ സന്ദർശകർ എത്തി. അഥവാ അവർ വേദികൾ അടച്ചിട്ടില്ല എന്നു സാരം. ഏഷ്യൻ ഗെയിംസും ഏഷ്യൻ പാരാ ഗെയിംസും സമാപിച്ചതോടെ വേദികൾ വരുംകാലങ്ങളിലെ കായികവിനോദങ്ങൾക്കു പുറമെ പൊതുജനത്തിന്റെ കായികക്ഷമതാ പരിശീലനങ്ങൾക്കും ഉപയോഗിക്കും. നമ്മൾ കണ്ടു പഠിക്കേണ്ട മാതൃക.

മീഡിയ വില്ലേജിലെയും പ്രധാന പ്രസ് സെന്ററിലെയും ഡൈനിങ് ഹാളുകളിൽ ഹലാൽ, ഈസ്റ്റ് ഏഷ്യൻ, ചൈനീസ്​ തുടങ്ങി അര ഡസനിലേറെ ഇനങ്ങളിൽ ഭക്ഷണം ലഭ്യമായിരുന്നു. പക്ഷേ, വെസ്റ്റേൺ ഭാഗികമായിരുന്നു. ബേക്കറിയെന്ന് അവർ വിശേഷിപ്പിച്ച, റൊട്ടിയും മുട്ടയും ബട്ടറും ജാമുമൊക്കെ മാത്രമുള്ള വിഭാഗമായിരുന്നു ഇത്. മത്സ്യം കുറവായിരുന്നു. പഴമാകട്ടെ നമ്മുടെ നാട്ടിലെ റോബസ്റ്റപോലുള്ള ഒരിനം മാത്രം. എന്നാൽ, എല്ലാ ഭക്ഷണത്തിന്റെയും കലോറിയും ചേരുവകളുമെല്ലാം വ്യക്തമായി പ്രദർശിപ്പിച്ചിരുന്നു.

ഹുയാങ്ലോങ് സ്​പോർട്സ്​ സെന്ററിൽ നീന്തൽക്കുളത്തിനു സമീപമുള്ള മീഡിയ വർക്ക് റൂമിൽ ചെന്നപ്പോൾ വളന്റിയർ പെൺകുട്ടി ചൈനീസ്​ നൂഡിൽസ്​ കഴിക്കാൻ ക്ഷണിച്ചു. അതിലെ ചേരുവകൾ ഫോണിലൂടെ ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തി ഉറപ്പാക്കിത്തന്നാണ് അവൾ അതു തയാറാക്കിത്തന്നത്. ഏറെ രുചികരമായ ഭക്ഷണം. വേണമെങ്കിൽ കഴിച്ചിട്ടുപോകുക എന്നതല്ല; ഭക്ഷണം എന്തെന്ന് അറിഞ്ഞ്, ആസ്വദിച്ചുകഴിക്കുക എന്നതായിരുന്നു ചൈനക്കാരുടെ സമീപനം. എത്ര ഹൃദ്യമായ അനുഭവം. സിറ്റി ടൂറിൽ ഒപ്പമുണ്ടായിരുന്ന, ചൈനയിലെ മാധ്യമ പ്രവർത്തകരിൽ ഇംഗ്ലീഷ് സംസാരിക്കുന്നവരും ഉണ്ടായിരുന്നു. അവർ ഗെയിംസിനെക്കുറിച്ചു പറയുകയും നമ്മുടെ അഭിപ്രായം തേടുകയും ചെയ്തു. മീഡിയ സെന്ററിലും പല ചൈനീസ്​ പത്രങ്ങളും ടി.വി ചാനലുകളും അഭിമുഖം എടുത്തു. ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും അവർക്കു സന്തോഷമായിരുന്നു. പക്ഷേ, ഒരു അഭിമുഖം തിരിച്ചു ചോദിക്കരുത്.

തേയിലത്തോട്ടത്തിൽ എനിക്കൊപ്പം സെൽഫിയെടുത്ത, ചൈനയിലെ ‘പീപ്ൾസ്​ ഡെയ്​ലി’ റിപ്പോർട്ടർ വാങ് ഹാലിൻ (ഉച്ചാരണം എലീൻ എന്ന് അവർ പറഞ്ഞു) പറഞ്ഞു. ‘‘വിദേശത്തു നിന്നുള്ളവർക്ക് അഭിമുഖം കൊടുക്കാൻ അനുവാദമില്ല; റെക്കോഡ് ചെയ്യുകയുമരുത്.’’ പെട്ടെന്ന് ഓർമയിൽ വന്നത്, 1990കളിൽ ചൈനയുടെ സൂപ്പർ അത്​ലറ്റിക് കോച്ചായിരുന്ന മാ യുൻ റെനിനെ കാണാൻ ശ്രമിച്ച അനുഭവമാണ്. 1994ലെ ഹിരോഷിമ ഏഷ്യൻ ഗെയിംസ്​ വേളയിൽ അത്​ലറ്റിക് വില്ലേജിൽ എത്തിയപ്പോൾ ചൈനക്കാർ താമസിക്കുന്നിടത്ത് ഒരു ബോർഡ്. ‘‘ചൈനീസ്​ സംഘത്തലവന്റെ അനുവാദമില്ലാതെ കോച്ച് മാ യുൻ റെനിനെ കാണരുത്.’’ മാ ഒരു വിടുവായൻ ആണ​േത്ര. എന്തും വിളിച്ചുപറയും. അതു ഭയന്നിട്ടായിരുന്നു ഈ നിയന്ത്രണം. ‘‘ബുദ്ധിമുട്ടിക്കുന്നില്ല’. ഞാൻ എലീനോട് പറഞ്ഞു. അവരോട് പരിഭവം തോന്നിയില്ല.

5. ഷാങ്ഹായ് യാത്രയും റാബിറ്റ് മിഠായിയും

ചൈനയിലെ ഏറ്റവും വികസിത സംസ്​ഥാനമായാണ് ഷാങ്ഹായ് അറിയപ്പെടുന്നത്. അവിടേക്ക് ഹാങ്ചോവിൽനിന്ന് ബുള്ളറ്റ് െട്രയ്ൻ ഉണ്ട്. അൻസാറിന്റെ സുഹൃത്ത് അബു ഏബ്രഹാം ജയിംസ്​ അവിടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്​ഥനാണ്. ദേശീയ ദിനം പ്രമാണിച്ച് അബുവിന് ഏതാനും ദിവസം അവധിയുണ്ട്. അതിലൊരുനാൾ അതിരാവിലെ ഞങ്ങൾ യാത്രതിരിച്ചു. വൈകുന്നേരം മത്സര സമയത്ത് മടങ്ങിയെത്താൻ പാകത്തിൽ മടക്ക ടിക്കറ്റ് അബു ബുക്ക് ചെയ്തിരുന്നു. പക്ഷേ, അങ്ങോട്ടുള്ള റിസർവേഷൻ ഇല്ല.

​െറയിൽവേ സ്റ്റേഷനിൽ എത്തിയാൽ ഏഷ്യൻ ഗെയിംസ്​ അക്രഡിറ്റേഷൻ ഉള്ളവർക്ക് പരിഗണന കിട്ടുമെന്ന് അറിഞ്ഞു. അങ്ങനെ പരീക്ഷിക്കാമെന്നു കരുതി. ഹാങ്ചോവിൽ എവിടെയും ഏഷ്യൻ ഗെയിംസുകാർക്കായി ഹെൽപ് ഡെസ്​ക്കും പ്രത്യേക ചാനലുമുണ്ട്. ഹെൽപ് ഡെസ്​ക്കിലെ പെൺകുട്ടി കൂടെ വന്നു. ​െറയിൽവേ ഉദ്യോഗസ്​ഥയോട് സംസാരിച്ചു. ‘‘സീറ്റില്ല നിൽക്കണം’’ അവർ പറഞ്ഞു. ഇന്ത്യക്കാർക്ക് െട്രയിനിൽ നിന്നുള്ള യാത്ര എത്രയോ പരിചിതം. മറ്റൊരു ഉദ്യോഗസ്​ഥയോട് സംസാരിച്ച് എനിക്കും അൻസാറിനും പ്രവേശനം നൽകി. നിൽക്കാൻ വേറെയും പലരുമുണ്ടായിരുന്നു. വിദേശികൾ ​െറയിൽവേ സ്റ്റേഷനിലും പാസ്​പോർട്ട് കാണിക്കണമെന്ന് നേരത്തെ അറിഞ്ഞിരുന്നു. ​െറയിൽവേ ഉദ്യോഗസ്​ഥ പാസ്​പോർട്ട് പരിശോധിച്ച് ടിക്കറ്റിന്റെ പണം വാങ്ങി. 73 യുവാൻ (ഉദേശം 800 രൂപ) ടിക്കറ്റിന്റെ കോപ്പി ഫോണിൽ പകർത്തിക്കോളാൻ അവർ ഉപദേശിച്ചു.

യു.കെയിൽനിന്ന് യൂറോപ്യൻ യൂനിയനിലെ രാജ്യങ്ങളിലേക്കു പോകാൻ ​െറയിൽവേ സ്റ്റേഷനിൽ പാസ്​പോർട്ട് കാണിച്ചപോലൊരു അനുഭവം. ഷാങ്ഹായ് ആകുമ്പോൾ ഒന്നു പറഞ്ഞാൽ ഉപകാരമെന്ന് കൂട്ടത്തിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ഉദ്യോഗസ്​ഥയോടു പറഞ്ഞു. ‘‘സംശയിക്കാനൊന്നുമില്ല. കൃത്യം നാൽപത്തിയെട്ട് മിനിറ്റിൽ ഷാങ്ഹായിൽ എത്തും.’’ അവർ പറഞ്ഞു. എന്നിട്ട് എന്റെ മൊബൈലിലെ സമയം നോക്കി ഇത്ര സമയത്ത് എത്തും എന്നുകൂടി പറഞ്ഞുതന്നു. നാൽപത്തിയെട്ട് മിനിറ്റിൽതന്നെ ഷാങ്ഹായിൽ െട്രയിൻ എത്തി. നിന്നായിരുന്നു യാത്ര എങ്കിലും ബുള്ളറ്റ് െട്രയിനിന്റെ അതിവേഗമൊന്നും മനസ്സിലായില്ല. ഷാങ്ഹായിൽ ഇറങ്ങിയപ്പോൾ റെയിൽവേ ഉദ്യോഗസ്​ഥ അടുത്തുവന്നു. ‘ഓ.. കെ..’ പറഞ്ഞു.

 

അ​ബു ഏ​ബ്ര​ഹാം ജ​യിം​സ്​, അൻസാർ കെ. രാജ്​ എന്നിവർക്കൊപ്പം ലേഖകൻ ഷാങ്​ഹായ്​ ബണ്ടിൽ

പുറത്തിറങ്ങാൻ ഫോണിൽ പകർത്തിയ ടിക്കറ്റ് മതിയാകുമെന്നാണ് കരുതിയത്. പക്ഷേ, ടിക്കറ്റ് അല്ല പാസ്​പോർട്ടാണ് വേണ്ടത്. പാസ്​പോർട്ട് സ്​കാൻ ചെയ്തപ്പോൾ പുറത്തേക്കുള്ള വാതിൽ തുറന്നു. ടിക്കറ്റ് എടുത്തപ്പോൾതന്നെ പാസ്​പോർട്ട് ചൈനീസ്​ ​െറയിൽവേയുടെ ലിങ്കിൽ എത്തിക്കഴിഞ്ഞിരിക്കണം. ഞങ്ങളുടെ അനുഭവം അടുത്ത ദിവസങ്ങളിൽ ഷാങ്ഹായ് യാത്രക്ക് പുറപ്പെട്ട മറ്റ് മാധ്യമപ്രവർത്തകർക്ക് ഉപകാരമായി. പാസ്​പോർട്ട് കരുതണമെന്നത് അവർക്കൊക്കെ പുതിയ അറിവായിരുന്നു.

ഷാങ്ഹായ് മറ്റൊരു പ്രവിശ്യയാണ്. അവിടെ ഏഷ്യൻ ഗെയിംസിന് എത്തിയവർക്ക് പ്രത്യേക പരിഗണനയൊന്നുമില്ല. ബുള്ളറ്റ് െട്രയിനിന്റെ പശ്ചാത്തലത്തിൽ ഏതാനും ഫോട്ടോ എടുത്ത് പ്ലാറ്റ്ഫോമിൽ നിന്നപ്പോൾ പൊലീസ്​ ഓഫിസർ മുന്നറിയിപ്പ് നൽകി. ‘‘അവിടെ നിൽക്കരുത്. താഴേക്ക് പോകണം.’’ അബുവിനെ ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹം നിൽക്കുന്നിടം കണ്ടെത്താൻ വിഷമിച്ചു. പക്ഷേ, അൻസാറിനെ അബു കണ്ടുകഴിഞ്ഞിരുന്നു. പിന്നെ എല്ലാം എളുപ്പമായി.

അബു ഷാങ്ഹായിൽ എത്തിയിട്ട് ഏതാനും മാസമേ ആയുള്ളൂ എങ്കിലും അദ്ദേഹത്തിന് അത്യാവശ്യം സ്​ഥലങ്ങളെല്ലാം ഒരുവിധം പരിചിതമായിരുന്നു. സാധാരണ ട്രാൻസ്​ഫർ കിട്ടി അന്യദേശത്ത് ചെല്ലുന്നവർ ആദ്യം ഒറ്റക്ക് പോയി ഒന്ന് സെറ്റിൽ ആയിട്ടാണ് കുടുംബത്തെ കൊണ്ടുപോകുക. അബു അതിനൊന്നും കാത്തുനിന്നില്ല. ഷാങ്ഹായിൽ ജോലിക്ക് ചേരാൻ എത്തിയതുതന്നെ ഭാര്യയും മക്കളുമൊത്തായിരുന്നു. അബുവിന് മൂന്ന് കൊച്ചുകുട്ടികളാണ്. മൂന്നു കുട്ടികളുമായി പുറത്തിറങ്ങിയാൽ ആളുകളെല്ലാം കൗതുകത്തോടെ നോക്കുമെന്ന് അബു പറഞ്ഞു. ചൈനയിൽ മിക്കവർക്കും ഒരു കുട്ടിയാണല്ലോ.

താൻ എത്തിയപ്പോൾ സ്​ഥലംമാറ്റം കിട്ടിയ സഹപ്രവർത്തകനെ യാത്രയാക്കാൻ പുദോങ് വിമാനത്താവളത്തിൽ എത്തി ഭാഷ അറിയാതെ മണിക്കൂറുകൾ അലഞ്ഞ കഥ പറഞ്ഞാണ് അബു ഞങ്ങളെ എതിരേറ്റത്. മടക്കയാത്രയിൽ ഞങ്ങൾക്ക് അതൊരു മുന്നറിയിപ്പ് മാത്രമല്ല, അനുഭവവുമായി.

ചൈനയിൽ വന്നിട്ട് ആദ്യമായി മാവോ സേ തൂങ്ങിന്റെ പ്രതിമ കണ്ടത് ഷാങ്ഹായിലാണ്. അവിടെ ഫോട്ടോ എടുക്കാൻ നല്ല തിരക്കുണ്ടായിരുന്നു. ഏറ്റവും ആധുനിക നഗരമെന്ന് വിശേഷിക്കപ്പെടുമ്പോഴും ഷാങ്ഹായ് പഴമയുടെ പ്രൗഢി വിട്ടൊഴിഞ്ഞിട്ടില്ല. പൗരാണികത വിളിച്ചോതുന്ന കെട്ടിടങ്ങളും ചെറിയ വഴികളും കണ്ടു. വിവിധതരം ഭക്ഷണപദാർഥങ്ങൾ വിൽക്കുന്ന സ്റ്റാളുകൾ ഏറെ. ഒരിടത്ത് കോഴിയുടെ കഴുത്ത്, കാല് തുടങ്ങിയവ മാത്രം റോസ്റ്റ് ചെയ്ത രീതിയിൽ കണ്ടു. ചില ഹോട്ടലുകളുടെ മുന്നിൽ മാംസത്തിന്റെ ഗന്ധം രൂക്ഷമായിരുന്നു. അതുമായി പൊരുത്തപ്പെടാൻ ആവാതെ പെട്ടെന്ന് നടന്നുനീങ്ങി.

ലോകോത്തര ബ്രാൻഡുകളുടെ വിൽപന തകൃതി. ആപ്പിളിന്റെ ഏറ്റവും പുതിയ ഫോൺ വാങ്ങാൻ ഷോപ്പിനു മുന്നിൽ നീണ്ട ക്യൂ. ഇട​ക്കൊരിടത്ത് വഴിയരികെ ഭിത്തിയിൽ സ്​ഥലത്തെ പൊലീസ്​ ഓഫിസറുടെ ഫോട്ടോയും ഫോൺനമ്പറും പ്രദർശിപ്പിച്ചിരിക്കുന്നു. അത്യാവശ്യം സഹായത്തിന് വിളിക്കാമ​െത്ര. ആ പ്രദേശത്തിനു മുഴുവൻ ഈ ഒരൊറ്റയാൾ മതിയെന്ന് തോന്നി.

മിഠായിയും മധുരപലഹാരങ്ങളും വിതരണം ചെയ്യുന്നൊരു കടയിൽ കയറി. പലതരത്തിലുള്ള മിഠായി ഒരേ വില രേഖപ്പെടുത്തി പ്രദർശിപ്പിച്ചിരിക്കുന്നു. ആളുകൾ എല്ലാം ചേർത്ത് കവറിലിട്ട് തൂക്കിവാങ്ങുന്നു. ഞാനും വ്യത്യസ്​തമായ ഏതാനും റാബിറ്റ് മിഠായികൾ കൂടിലാക്കി. അതിനൊപ്പം വേറിട്ടൊരു രൂപത്തിൽപ്പെട്ട ഏതാനും ചോക്ലറ്റുകളും കവറിലിട്ടു. സെയിൽസ്​ ഗേൾ എന്നോട് കവർവാങ്ങി മിഠായിയെല്ലാം തിരിച്ചിട്ടു. ഞാൻ എന്തോ തെറ്റു ചെയ്തോയെന്നു സംശയിച്ചു. പക്ഷേ, അവർ രണ്ടു കവറുകൾ എടുത്തിട്ട് വ്യത്യസ്​തമായ മിഠായി മാത്രം അതിലൊന്നിൽ ഇട്ടുതന്നു. ഈ മിഠായിക്കു മാത്രം വില വ്യത്യാസമുണ്ടായിരുന്നു. മറ്റു മിഠായികളെക്കാൾ വിലക്കുറവായിരുന്നു. എനിക്ക് ഏതാനും യുവാൻ ലാഭമുണ്ടാകാനാണ് അവർ ശ്രമിച്ചത്.

മടക്കയാത്രക്ക് ടിക്കറ്റ് കൈവശമുണ്ടെങ്കിലും െട്രയിനിൽ കയറേണ്ട ഇടം കണ്ടുപിടിക്കാൻ കുറച്ചു വിഷമിച്ചു. ആരോടും ചോദിച്ചിട്ടും രക്ഷയില്ല. അബുവിനാകട്ടെ അകത്തോട്ട് പ്രവേശനവുമില്ല. നീണ്ട ക്യൂവാണ്. വിവിധ നമ്പർ ഗേറ്റുകൾ. ഒരറ്റം മുതൽ നടക്കുകതന്നെ. ഒടുവിൽ െട്രയിൻ നമ്പർ ആണ് ഗേറ്റിനു മുന്നിലെ ബോർഡിലെന്ന് അൻസാർ കണ്ടുപിടിച്ചതോടെ പകുതി ആശ്വാസമായി. ഇന്ത്യയിൽനിന്ന് വന്ന റിപ്പോർട്ടർമാർക്കിടയിൽ അൻസാർ ആയിരുന്നു ‘വടക്കുനോക്കിയന്ത്രം.’ ഒരുവിധം വഴികളെല്ലാം കക്ഷി കണ്ടെത്തും. ഞങ്ങൾ രണ്ടു ബോഗികളിലായിട്ടായിരുന്നു മടക്കയാത്ര. അടുത്ത സീറ്റിൽ ഇരുന്ന ആളിനോട് ഹാങ്ചോ തിരക്കിയപ്പോൾ മുമ്പ് റെയിൽവേ ഉദ്യോഗസ്​ഥ ഷാങ്ഹായിയെക്കുറിച്ചു പറഞ്ഞ അതേ മറുപടി, ‘‘48 മിനിറ്റ് യാത്ര.’’

പോയ വർഷം ലണ്ടൻ റെയിൽവേ സ്​റ്റേഷനിൽനിന്ന് ആംസ്റ്റർഡാമിലേക്ക് െട്രയിൻ നോക്കിനിന്ന സംഭവം ഓർത്തുപോയി. കണ്ണൂർ സർവകലാശാലാ മുൻ വൈസ്​ ചാൻസലർ ഡോ. ഖാദർ മാങ്ങാടും ഭാര്യ ഡോ. നസീമയും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. രാവിലെ 8.12നാണ് െട്രയിൻ. കൃത്യം ആ സമയത്തെ െട്രയിനിലേ കയറാവൂ എന്ന് ഖാദർ സാർ ഓർമിപ്പിച്ചു. അദ്ദേഹം മുമ്പൊരിക്കൽ ജർമനിയിൽ ഉന്നത വിദ്യാഭ്യാസ സെമിനാറിൽ പങ്കെടുക്കാൻ പോയി. രണ്ടു മിനിറ്റ് മുമ്പേവന്ന െട്രയിനിൽ കയറി. ചെന്നത് എത്തേണ്ടതിന്റെ എതിർദിശയിൽ ഒരിടത്തും. ആ അനുഭവം വെച്ചാണ് ഖാദർ സാർ മിനിറ്റുപോലും ശ്രദ്ധിക്കണമെന്ന് ഓർമിപ്പിച്ചത്.

ഷാങ്ഹായിൽ ചൈനാ പോസ്റ്റിന്റെ കുട്ടിബൈക്കുകൾ റോഡരികിൽ നിരനിരയായി പാർക്ക് ചെയ്തിരിക്കുന്നതു കണ്ടു. ചൈനയിലെ പോസ്റ്റൽ വകുപ്പ് കുറ്റമറ്റതാണെന്നു മനസ്സിലാക്കുന്നു. നമ്മുടെ നാട്ടിൽ പോസ്റ്റ്മാൻമാർ മുമ്പ് സൈക്കിളും ഇപ്പോൾ സ്​കൂട്ടറും ഉപയോഗിക്കുന്നു. ചൈനയിൽ മോപ്പെഡ് പോലെ ഉയരം കുറഞ്ഞ മോട്ടോർ സൈക്കിളാണ് പോസ്റ്റൽ വകുപ്പിന്റെ ഔദ്യോഗിക വാഹനം. പ്രധാന പ്രസ് സെന്ററിൽ ബാങ്കുകൾ പോലെ പോസ്റ്റ് ഓഫിസും ഉണ്ടായിരുന്നു. ചില വിദേശികൾ, ഏഷ്യൻ ഗെയിംസ്​ മെമ​​ന്റോകൾ നാട്ടിലേക്കു പോസ്റ്റിൽ അയക്കുന്നതു ശ്രദ്ധിച്ചു. വലിയ ചെലവ് ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഏഷ്യൻ ഗെയിംസിനോട് അനുബന്ധിച്ചു പുറത്തിറക്കിയ സ്റ്റാമ്പ് വാങ്ങാൻ നീണ്ട ക്യൂ ഉണ്ടായിരുന്നു.

ഷാങ്ഹായ് ബണ്ടിൽനിന്നുള്ള കാഴ്ച കൗതുകകരമാണ്. പുദോങ് ജില്ലയിലെ ലൂജിയാസുവിലെ ആധുനിക അംബരചുംബികൾ ഇവിടെനിന്നു കാണാം. ഇതിൽ ഒട്ടേറെ ബാങ്കുകളുണ്ട്. എന്റെ മകൻ നിർമൽ യു.എസിന്റെ സിറ്റി ബാങ്കിൽ ആയതിനാൽ ഇവിടെ കണ്ട സിറ്റിബാങ്കിന്റെ കൂറ്റൻ കെട്ടിടത്തിന്റെ ഫോട്ടോയെടുത്ത് അവന് അയച്ചുകൊടുത്തു. ഹുയാങ്പു നദിയുടെ പടിഞ്ഞാറേ തീരത്താണ് ബണ്ട്.

ഷാങ്ഹായിയുടെ മധ്യത്തിലായിട്ടാണിത്. ചരിത്ര പ്രാധാന്യമുള്ള സംരക്ഷിത ജില്ലയായാണ് ഇവിടം കണക്കാക്കുന്നത്. യൂറോപ്പിന്റെ സ്വാധീനം പ്രകടമാണ്. ഗോഥിക്, ബരോക്യു, നിയോക്ലാസിക്കൽ, റോമൻ ശൈലികളൊക്കെ കെട്ടിട നിർമാണത്തിൽ കാണാം. വിവിധതരം ഭക്ഷണശാലകൾക്ക് ഷാങ്ഹായ് പ്രസിദ്ധമാണ്. സ്റ്റാർബക്സ്​ കോഫി ഷോപ്പിൽ നല്ല തിരക്കുണ്ടായിരുന്നു. മൂന്നുപേർ ഓരോ കപ്പ് കാപ്പി കുടിച്ചപ്പോൾ 1200 രൂപയായി (സിംഗപ്പൂർ വിമാനത്താവളത്തിൽ സ്റ്റാർബക്ക്സിൽ കാപ്പിക്ക് ഇതിലും വില കൂടുതൽ അനുഭവപ്പെട്ടു).

ഷിൻജിയാങ്ങിലെ യൂജ്ഹൂർ മുസ്‍ലിംകൾ നടത്തുന്ന ഹോട്ടലിലെ കബാബ് പ്രശസ്​തമാണ്. പൊതുവേ തൊപ്പി ധരിക്കുന്ന ഇവർ സുന്നി വിഭാഗമാണ്. തുർക്കി വംശജരാണ് കൂടുതൽ. ഷിൻജിയാങ്ങിൽ യൂജ്ഹൂർ വിഭാഗത്തോട് ചൈന ക്രൂരമായി പെരുമാറുന്നു എന്ന ആക്ഷേപം അടുത്തകാലത്തായി ഏറെ കേൾക്കുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങൾ ചൈനയുടെ പേരിൽ വംശഹത്യയും ആരോപിക്കുന്നു. പക്ഷേ, ഹോട്ടലിന് ഉള്ളിൽ നല്ല തിരക്കുണ്ടെന്നും കബാബ് രുചികരമാണെന്നും അൻസാറും അബുവും പറഞ്ഞു. ഇത്തരം മാംസഭക്ഷണങ്ങൾ ഇഷ്​ടപ്പെടാത്തതിനാൽ ഞാൻ കയറിയില്ല.

ചൈനക്കാർ പൊതുവെ വൈകീട്ട് ആറുമണിക്ക് അത്താഴം കഴിക്കുമെന്ന് അബു പറഞ്ഞു. മദ്യപാനമൊക്കെ അതിനുശേഷമാണ്. ഇന്ത്യക്കാരെപ്പോലെ കാലിയായ വയറ്റിൽ മദ്യം കഴിച്ച് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കില്ല. മാത്രമല്ല, മദ്യപിച്ചശേഷം നടത്തത്തിലും ചില്ലറ വ്യായാമങ്ങളിലും ഏർപ്പെടും. അതുകൊണ്ടാകാം മീഡിയക്കായുള്ള ഡൈനിങ് ഹാളുകളിൽ രാത്രിഭക്ഷണത്തിന് നാട്ടുകാരെ കാണാതിരുന്നത്.

ഷാങ്ഹായിയിലെ ലോകൻ ക്ഷേത്രം പ്രശസ്​തമാണ്. അതിനടുത്തുള്ള ഐ.സി.ഐ.സി.ഐ ബാങ്ക് കെട്ടിടം 78 നിലകളിലുണ്ടെന്നു കേട്ടു. ഗ്രാൻഡ് തിയറ്ററിന് എതിർവശത്ത് പാർക്കിൽ കയറാതെ ഞാൻ വഴിയോരക്കാഴ്ചകൾ കണ്ടുനടന്നു. കോഴിക്കോട്ടെ മിഠായിത്തെരുവ് പോലെ വസ്​ത്രങ്ങളുടെ തെരുവ് തന്നെയുണ്ട് ഇവിടെ. ഹാങ്ചോവിലെ അപേക്ഷിച്ച് പലതിനും വിലക്കുറവുണ്ട്. ഒരുപക്ഷേ, ക്വാളിറ്റിയുടെ വ്യത്യാസമാകാം. പാർക്കിലെ അനുഭവം പിന്നീട് അൻസാർ വിശദീകരിച്ചു. ‘‘കൈനോട്ടക്കാരെപ്പോലെ ഏറെപ്പേർ, പുരുഷന്മാരും വനിതകളും ഇരിക്കുന്നു. അവർക്കടുത്ത് പ്രായമുള്ള ഏറെപ്പേർ വന്നുപോകുന്നു. അവർ ചില കാർഡുകൾ കൈമാറുന്നു. അതിൽ പല സംഖ്യകളുണ്ട്. മക്കൾക്ക് പറ്റിയ ജീവിതപങ്കാളികളെ തേടിയിറങ്ങിയവരാണ് അവർ. കാർഡിലെ സംഖ്യ മക്കളുടെ ഉയരവും പ്രായവുമൊക്കെയാണ്.’’

ഡേറ്റിങ് ആപ്പ് ഒക്കെയുണ്ടെങ്കിലും ചൈനയിൽ യുവാക്കൾ വിവാഹകാര്യങ്ങളിൽ താൽപര്യം കാണിക്കുന്നില്ലെന്ന് കേട്ടിട്ടുണ്ട്. അതായിരിക്കാം പ്രായമായ മാതാപിതാക്കൾ മക്കൾക്കായി ജീവിതപങ്കാളിയെ തേടിയിറങ്ങുന്നത്. നമ്മുടെ നാട്ടിൽ കണ്ടിട്ടുള്ള സമൂഹവിവാഹത്തിന്റെ മറ്റൊരു പതിപ്പ്.

നാട്ടിൽ മടങ്ങിയെത്തി, റാബിറ്റ് മിഠായിയും ചോക്ലറ്റും വിതരണംചെയ്തു. പക്ഷേ, പാല് അടിസ്​ഥാനമായുള്ള റാബിറ്റ് മിഠായിയുടെ അകത്തെ റാപ്പർ ഒട്ടിപ്പിടിച്ചിരിക്കുന്നു. കടലാസ്​ വയറ്റിൽ ചെന്നാൽ പ്രശ്നമാകുമോ എന്ന് സംശയം. പക്ഷേ, ചൈനക്കാർ ഇത്തരമൊരു അബദ്ധം കാട്ടില്ലല്ലോ. പ്രത്യേകിച്ച് ഭക്ഷണസാമഗ്രികളുടെ കാര്യത്തിൽ. മിഠായി കഴിച്ച കുട്ടി സംഘങ്ങളൊന്നും പരാതി പറഞ്ഞുമില്ല. ഒടുവിൽ മകൾ നീത് പറഞ്ഞു.‘‘അരിയും വെള്ളവും ഗ്ലിസറിൻ മൊണോസ്റ്ററേറ്റുമൊക്കെ ചേർത്തുണ്ടാക്കിയ ഈ കടലാസ്​ കഴിക്കാവുന്നതാണ്.’’ 1943 മുതൽ പ്രചാരത്തിലുള്ള റാബിറ്റ് കാൻഡി, ചൈനയിൽ ഒട്ടേറെപ്പേരുടെ ബാല്യകാല ഓർമയിലുണ്ട്. പല ചൈനീസ്​ ക്ലാസിക് മൂവികളിലും ടി.വി പരമ്പരകളിലും ഉൾപ്പെട്ടിട്ടുണ്ട്. പക്ഷേ അരി കേക്ക് പോലെ അരി പേപ്പറും വേറിട്ട അനുഭവമായി. മധുരമുള്ള ചൈനീസ്​ ഓർമകളായി.

(അവസാനിച്ചു)

Tags:    
News Summary - weekly yathra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.