കൊളംബിയയിലേക്ക് വിമാനത്തിൽ, ബ്രസീലിലേക്ക് ഓട്ടോറിക്ഷയിൽ, പെറുവിലേക്ക് വള്ളത്തിൽ ബെന്യാമിൻ യാത്രചെയ്യുന്നു. ആമസോണിെൻറവന്യമേനാഹാരിത മനസ്സിലേക്ക് പടർത്തിക്കൊണ്ട്. ആ അനുഭവങ്ങൾക്ക് എഴുത്തിെൻറ രൂപംനൽകുകയാണ് ഇവിടെ.
ആമസോൺ എന്ന പേരിൽതന്നെ സ്വപ്നവും ഭീതിയും ഒരേപോലെ കലർന്നുകിടക്കുന്നുണ്ട്. പാഠപുസ്തകങ്ങളിൽനിന്ന് മനസ്സിലാക്കിയിട്ടുള്ള ഒരു നദിയെക്കുറിച്ചും കാടിനെക്കുറിച്ചുമുള്ള നീണ്ട കാലത്തെ സ്വപ്നം. കെട്ടുകഥകളിൽനിന്ന് കേട്ടറിഞ്ഞിട്ടുള്ള അനാക്കോണ്ടകളുടെയും നരഭോജികളുടെയും ഭൂമിക എന്ന ഭീതി. ഇതിനെ മനസ്സിലിട്ടുകൊണ്ടാണ് കൊളംബിയ എന്ന ലാറ്റിനമേരിക്കൻ രാജ്യത്തിലേക്ക് യാത്ര പോകുന്നത്. സ്വപ്നങ്ങളിൽനിന്നും ഭീതികളിൽനിന്നും എത്ര അകലെയാണ് യാഥാർഥ്യം എന്ന് തൊട്ടറിയാനുള്ള ഒരു ശ്രമമായിരുന്നു അത്. പക്ഷേ, ആ അനന്ത വിസ്തൃതികളുടെ അരുകിൽ തൊടാൻപോലും കഴിഞ്ഞിട്ടില്ല എന്ന ബോധ്യം മനസ്സിലിട്ടുകൊണ്ടേ ആ യാത്രയെക്കുറിച്ച് ഒരു വരിയെങ്കിലും എഴുതാനാവൂ.
പൂർണമായും ആമസോൺ കാടുകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന കൊളംബിയൻ ഗ്രാമമാണ് ലെറ്റീഷ്യ. കൊളംബിയ, ബ്രസീൽ, പെറു എന്നീ രാജ്യങ്ങളുടെ സംഗമഭൂമിയാണിത്. ലെറ്റീഷ്യയോട് ചേർന്ന് തബാതിംഗ എന്ന ബ്രസീലിയൻ ഗ്രാമവും സാന്താ റോസ എന്ന പെറൂവിയൻ ദ്വീപും. വിമാനമാർഗമോ ബോട്ടു മാർഗമോ അല്ലാതെ ഈ ഗ്രാമങ്ങളിലേക്ക് കരമാർഗം എത്തിപ്പെടാൻ വഴികളില്ല. കൊളംബിയൻ തലസ്ഥാനമായ െബാഗോട്ടയിൽനിന്ന് പകൽ നേരത്തെ വിമാനമായിരുന്നതുകൊണ്ട് ആമസോൺ കാടുകളുടെ വന്യത അത്രയും കണ്ടാസ്വദിക്കാൻ കഴിഞ്ഞ ഒരു യാത്രയായി അത് മാറി. ഏതാണ്ട് ഒരു മണിക്കൂർ നീളം മുഴുവൻ താഴെ കാഴ്ചയിൽ വഴികളില്ല, വീടുകളില്ല, മനുഷ്യരില്ല. ഇടതൂർന്ന പച്ചക്കാടുകളും നിറഞ്ഞൊഴുകുന്ന പുഴകളും മാത്രം. ആമസോൺ കാട് ഒരു രാജ്യമാണെങ്കിൽ അതിെൻറ വലുപ്പത്തിനു ലോകത്തിൽ ഒൻപതാം സ്ഥാനം ലഭിക്കും എന്നു പറയുമ്പോൾ ആ വനപ്പരപ്പിെൻറ വിസ്തൃതി നമുക്ക് ഏതാണ്ട് ഊഹിക്കാൻ കഴിഞ്ഞേക്കും.
നമ്മുടെ നാട്ടിലെ ഒരു ബസ്സ്റ്റാൻഡിന്റെ അത്രപോലുമില്ലാത്ത, ഞാൻ കണ്ടിട്ടുള്ളതിൽ െവച്ച് ഏറ്റവും ചെറിയ, എയർപോർട്ടാണ് ലെറ്റീഷ്യയിലേത്. പണ്ടത്തെ കൊച്ചി എയർപോർട്ട് ഇതുപോലെ ആയിരുന്നു എന്ന് സഹയാത്രികൻ ഓർമിച്ചു. എയർപോർട്ട് ചെറുതാണെങ്കിലും ആവിയൻക, ലാൻ, വിവ കൊളംബിയ എന്നീ മൂന്ന് കമ്പനികളുടെ വിമാനങ്ങളും സഞ്ചാരികളെയുംകൊണ്ട് ദിവസവും ലെറ്റീഷ്യയിലേക്ക് പറന്നിറങ്ങുന്നു. ആമസോൺ കാടുകൾക്ക് നടുവിൽ ആയതുകൊണ്ട് ഒരു വനകുളിർമ ഒക്കെ ആഗ്രഹിക്കുമെങ്കിലും െബാഗോട്ടയിലെ തണുപ്പിൽനിന്ന് ചെന്നിറങ്ങിയത് കേരളത്തിെൻറ മീനച്ചൂടിലേക്ക്. ദേഹം പുഴുങ്ങിയെടുക്കുന്ന ആവി. കണ്ടാലും കേരളത്തിെൻറ ഒരു പ്രതീതിയുണ്ട്. നിറയെ മാവുകളും തെങ്ങുകളും.
ലെറ്റീഷ്യയിലെ പ്രധാന വാഹനം ഓട്ടോറിക്ഷയാണ്. അതും നമ്മുടെ സ്വന്തം ബജാജ് ഓട്ടോ. ടുക്-ടുക് എന്നാണതിനെ അവർ വിളിക്കുന്നത്. ഒരു സെക്കൻഡ് ഹാൻഡ് ഓട്ടോക്ക് ഇന്ത്യൻ രൂപ മൂന്ന് ലക്ഷം വരുമെന്ന് ഒരാൾ പറഞ്ഞു.
പൂർണമായും പ്രകൃതി സൗഹൃദമായ ഒരു ഹോട്ടലിൽ ആയിരുന്നു ഞങ്ങളുടെ താമസം ഒരുക്കിയിരുന്നത്. പഴയ കുപ്പികൾ, ടയറുകൾ, തടിക്കഷണങ്ങൾ എന്നിവയൊക്കെ എത്ര ക്രിയാത്മകമായി അവിടെ പുനരുപയോഗിച്ചിരിക്കുന്നു എന്നു കാണുന്നതിൽ ഒരു സന്തോഷമുണ്ടായിരുന്നു. ചെന്നിറങ്ങിയത് ഞായറാഴ്ച ആയിരുന്നു. സ്വതവേ ജനസംഖ്യ പരിമിതമായ ആ ഗ്രാമത്തിൽ അവധി ദിനത്തിെൻറ ആലസ്യംകൂടിയായപ്പോൾ നാട്ടിലെ ഹർത്താൽ ദിനത്തിെൻറ പ്രതീതി. ഇടക്കിടെ പോകുന്ന ടുക്- ടുക് മാത്രം വഴിയിൽ കാണാനുണ്ട്.
െലറ്റീഷ്യപോലെ രാജ്യങ്ങളുടെ ഒരു സംഗമഭൂമിയിൽ ഇതിനു മുൻപ് എത്തിയത് ഈജിപ്തിെൻറയും ഇസ്രായേലിെൻറയും അതിർത്തിയായ താബയിലാണ്. അവിടെ നിന്നാൽ ഈജിപ്ത്, ഇസ്രായേൽ, സൗദി അറേബ്യ, ജോർഡൻ എന്നീ നാലു രാജ്യങ്ങൾ കാണാം. എന്നാൽ ആ രാജ്യങ്ങളുടെ അതിർത്തികൾ ഒന്നു താണ്ടണമെങ്കിൽ വേണ്ടിവരുന്ന അധ്വാനത്തെപ്പറ്റിയാണ് അപ്പോൾ ഞാൻ ആലോചിച്ചത്. അവിടെയാണ് െലറ്റീഷ്യ വ്യത്യസ്തമാകുന്നത്. ഗ്രാമപരിധി വിട്ട് ആരും എങ്ങോട്ടും പോവുകയില്ല എന്നുറപ്പുള്ളതുകൊണ്ടാവും ഈ മൂന്ന് രാജ്യങ്ങൾ തമ്മിൽ എമിഗ്രേഷൻ പ്രശ്നങ്ങൾ ഇല്ല. ആർക്ക് എപ്പോൾ വേണമെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും കടക്കാം. രാജ്യാതിർത്തി എന്ന സങ്കൽപത്തെ െലറ്റീഷ്യയും സമീപ ഗ്രാമങ്ങളും അങ്ങനെ മറികടക്കുന്നു. ആ ചിന്തതന്നെ ഒരു ആഹ്ലാദമായിരുന്നു. മനുഷ്യൻ വരച്ചു ചേർക്കുന്ന അതിർത്തികൾ ഇല്ലാതാവാനും അവ അനയാസം മുറിച്ചുകടക്കാനും ആഗ്രഹിക്കുന്ന സഞ്ചാരികളുടെ ആഹ്ലാദം. അതുകൊണ്ടുതന്നെ ബ്രസീലിലേക്കുള്ള യാത്ര ആദ്യപരിപാടി എന്ന് ഞങ്ങൾ നിശ്ചയിച്ചു.
അങ്ങനെ കുളനടയിൽനിന്ന് പന്തളത്തേക്ക് പോകുന്നത്ര ലാഘവത്തോടെ ഓട്ടോയിലാണ് ഞങ്ങൾ ബ്രസീലിലേക്ക് കടന്നത്. വെറും പത്തു മിനിറ്റ് യാത്ര. വഴിയിൽ 'ബ്രസീൽ നിങ്ങളെ സ്വാഗതം ചെയ്യുന്നു' എന്ന ഒരു ബോർഡ് കാണാം. തബാതിംഗയും ചെറിയ ഗ്രാമം തന്നെ. അവിടെയും വിമാനത്താവളം ഉണ്ട്. ഒരു പട്ടാള ക്യാമ്പും. അങ്ങാടിയിൽ ബ്രസീലിയൻ ബാങ്ക്, മുനിസിപ്പാലിറ്റി ഓഫിസ്, കുറച്ച് കടകളും കാണാം. സ്വാഭാവികമായും ഉച്ചത്തിൽ സംഗീതം പൊഴിക്കുന്ന നിരവധി ബാറുകളും. കാടിനുള്ളിൽ അകപ്പെട്ടുപോയ മനുഷ്യരുടെ ഏക വിനോദോപാധി. മറ്റൊന്നും അവിടെ കാണാനോ ആസ്വദിക്കാനോ ഇല്ല. ബ്രസീൽവരെ പോയി വന്നു എന്ന് മേനി പറയാം എന്നു മാത്രം.
യന്ത്രം ഘടിപ്പിച്ച ബോട്ടിലാണ് പിറ്റേന്ന് ആമസോൺ നദിക്ക് അക്കരെയുള്ള സാന്താ റോസയിലേക്ക് പോയത്. വെറും ആയിരത്തി എണ്ണൂറ് ആളുകൾ മാത്രം അധിവസിക്കുന്ന ഒരു കുഞ്ഞ് ദ്വീപ്. ബോട്ടുജട്ടിയിൽ ഉണ്ടായിരുന്ന ബൈക്ക് റിക്ഷക്കാരനോട് ഞങ്ങളെ ഗ്രാമം മുഴുവൻ കൊണ്ടുനടന്ന് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ അങ്ങനെ ഇവിടെ കാണാനൊന്നുമില്ല എന്നായിരുന്നു അയാളുടെ നിലപാട്. എങ്കിലും ഞങ്ങളുടെ നിർബന്ധത്തിനു വഴങ്ങി അയാൾ വണ്ടി എടുത്തു. ദ്വീപിെൻറ ചളിക്കെട്ടിനെ മറികടക്കാൻ പലക പാകിയ വഴികൾ. വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ കാലുകളിൽ പൊങ്ങിനിൽക്കുന്ന വീടുകൾ. ലാറ്റിനമേരിക്കൻ ഗ്രാമങ്ങളുടെ ദാരിദ്ര്യം വിളിച്ചുപറയുന്ന പുറം കാഴ്ചകൾ. പത്തു മിനിറ്റുകൊണ്ട് ദ്വീപിെൻറ മറുവശത്ത് എത്തി. അവിടെ ചെറിയ കപ്പലിൽനിന്ന് ദ്വീപിലേക്ക് വേണ്ട സാധനങ്ങൾ ഇറക്കുന്നു. ആഹാരസാധനങ്ങൾ മുതൽ കെട്ടിട നിർമാണ സാമഗ്രികൾവരെയുണ്ട് അക്കൂട്ടത്തിൽ. എപ്പോൾ വേണമെങ്കിലും ഇളകിത്തെറിച്ചു പോകാവുന്ന പലകറോഡിലൂടെ പിന്നെയും പത്തു മിനിറ്റു കൂടി സഞ്ചരിച്ച് ദ്വീപിലെ ചെറിയ കളിക്കളത്തിനു സമീപം എത്തിയപ്പോൾ യാത്ര അവസാനിച്ചതായി ബൈക്കുകാരൻ പ്രഖ്യാപിച്ചു. മാർകോസ് എന്നാണ് ആ യുവാവിെൻറ പേരെന്ന് ഞങ്ങൾ അതിനിടെ മനസ്സിലാക്കിയിരുന്നു.
ഈ ഗ്രാമത്തിലെ ഏറ്റവും പ്രായം ചെന്ന ആളിനെ കാണാൻ എന്താ ഒരു വഴി എന്ന് അന്നേരം ഞങ്ങളാരാഞ്ഞു. അങ്ങനെ ഒരാളുടെ സാന്നിധ്യത്തെപ്പറ്റി അപ്പോഴാണെന്നു തോന്നുന്നു അവൻ ഓർക്കുന്നതുതന്നെ. ആ ദൗത്യം മാർകോസ് ഏറ്റെടുത്തു. അടുത്തുള്ള വീടുകളിൽ എല്ലാം കയറിയിറങ്ങി അങ്ങനെ ഒരാളെ കണ്ടുപിടിച്ചുകൊണ്ടു വന്നു. ഈ ക്രിസ്മസിനു തൊണ്ണൂറ് വയസ്സ് പിന്നിടും എന്ന് സ്വയം അവകാശപ്പെടുന്ന ഹോസെ കുരിച്ചിമാ യുമ്പാത്തോസ്. ദ്വീപിെൻറ അവകാശത്തെച്ചൊല്ലി പെറുവും കൊളംബിയയും തമ്മിൽ തർക്കങ്ങൾ നടക്കുന്ന കാലത്ത് അഞ്ചാം വയസ്സിൽ ബ്രസീലിലെ മാത്തൂറയിൽനിന്ന് ദ്വീപിൽ എത്തിയ ഹോസെ പിന്നെ ഒരിക്കലും അവിടംവിട്ട് എവിടെയും പോയിട്ടില്ല. കപ്പ, വാഴ, ചോളം എന്നിവ കൃഷി ചെയ്തും ആമസോൺ നദിയിൽ നിന്ന് മീൻപിടിച്ചും ജീവിച്ചുപോരുന്നു. ഈ ദ്വീപിനപ്പുറമുള്ള ലോകം കാണാൻ ആഗ്രഹമില്ലേ എന്ന ചോദ്യത്തിന് നിഷ്കളങ്കമായ ഒരു ചിരിയായിരുന്നു ഹോസെയുടെ ഉത്തരം.
സാന്താ റോസയിൽ ഒരു വിദ്യാലയം ഉണ്ട്. രസകരമായ കാര്യം പകൽ സമയത്തെ വിദ്യാലയം രാത്രികാലത്ത് ബാറായി പരിണമിക്കും എന്നതാണ്. ബാറിെൻറ നഗ്നസുഖമുള്ള ബോർഡ് അവിടെ പ്രദർശിപ്പിച്ചിട്ടുമുണ്ട്. വല്ലാത്ത സ്ഥലപരിമിതിയുള്ള ഒരു ദ്വീപിൽ പകൽ പഠിപ്പുകഴിഞ്ഞ് ഒഴിഞ്ഞു കിടക്കുന്ന മുറികൾ ബാറാക്കി മാറ്റിക്കളയാം എന്ന് ഒരു ജനത തീരുമാനമെടുത്തെങ്കിൽ ആർക്ക് കുറ്റം പറയാൻ സാധിക്കും.
വിറ്റ്തോതോ ഗോത്രക്കാർ താമസിക്കുന്ന ഒരു മലോക്ക കാണാൻ പിറ്റേന്ന് ഞങ്ങൾ പുറപ്പെട്ടു. ലെറ്റീഷ്യയിൽ നിന്ന് പതിനഞ്ച് കിലോമീറ്ററോളം കാറിലും പിന്നെ ഏറെ ദൂരം കല്ലും മുള്ളും ചളിയും വെള്ളവും ചവിട്ടി നടന്നുമാണ് ഞങ്ങളവിടെ എത്തിപ്പെട്ടത്. പത്തു മുതൽ പതിനഞ്ച് വരെ കുടുംബങ്ങൾ ഒന്നിച്ചു താമസിക്കുന്ന വലിയ കുടിലിനാണ് മലോക്ക എന്നു പറയുന്നത്. ഞങ്ങൾ ചെല്ലുമ്പോൾ അവിടെ വിചിത്രവേഷധാരിയായ ഒരു ചെറുപ്പക്കാരൻ വടിയും പിടിച്ച് നിൽപുണ്ട്. െബാഗോട്ടയിലാണ് വീടെന്നും ഇപ്പോൾ ഈ ആദിവാസികൾക്കൊപ്പമാണ് താമസമെന്നും പറഞ്ഞു. മൊത്തത്തിൽ ഒരു പന്തികേട്. കണ്ടിട്ട് മരിയുവാ വലിച്ച് കിറുങ്ങി നിൽക്കുന്ന മട്ടുണ്ട്. ഇത്തിരി കഴിഞ്ഞപ്പോൾ അവരുടെ ഗോത്രപ്രമുഖൻ - ഷെമാൻ - പണിയിടത്തിൽനിന്ന് കയറി വന്നു. ചളിയിൽ പണിയാനുള്ള ഗം ബൂട്ട്സും പാൻറ്സും ഷർട്ടും വേഷം. കൈയിൽ ഒരു കൈതച്ചക്കയുണ്ട്. പിന്നാലെ വന്ന ഷെമാെൻറ ഭാര്യ അത് ഞങ്ങൾക്ക് ചെത്തി തന്നു. അത്ര മധുരമുള്ള കൈതച്ചക്ക കഴിച്ചതിെൻറ ഓർമ നാവിലെവിടെയുമില്ല. മലോക്കയുടെ നിർമാണ രീതികൾ, അതിെൻറ ഓരോ വലിയ തൂണുകളും ഏതൊക്കെ ദേവതകൾക്ക് വേണ്ടി സങ്കൽപിച്ചിരിക്കുന്നു, അവരുടെ ജീവിത രീതികൾ എന്തൊക്കെയാണ്, മംഗ്യുവാറെ എന്ന വാദ്യോപകരണം താളത്തിൽ കൊട്ടുന്നതെങ്ങനെ, കൊക്ക ചെടിയുടെ ഇല ഉരലിൽ ഇട്ട് ഇടിച്ചുപൊടിച്ച് എങ്ങനെയാണ് പ്രകൃതിദത്ത ലഹരി പദാർഥം ഉണ്ടാക്കുന്നത് എന്നൊക്കെ ഷെമാൻ വിശദീകരിച്ചുതന്നു. എന്നുമാത്രമല്ല, ഓരോ സ്പൂൺ പൊടി രുചി നോക്കാനും തന്നു. കാപ്പിപ്പൊടി ചവയ്ക്കുന്ന മാതിരി ഒരു ചവർപ്പ്, അത്രയുമേ എനിക്ക് അനുഭവപ്പെട്ടുള്ളൂ. ഇതിനോടൊപ്പം ചില ആസിഡുകളും കെമിക്കലുകളും ചേർത്താണ് മാരക ലഹരിവസ്തുവായ കൊക്കെയ്ൻ ഉണ്ടാക്കുന്നത്.
ആമസോൺ കാടുകളിൽ കാണുന്ന ഒരുതരം ശവംതീനി ഉറുമ്പുകളുടെ പേരാണ് വിറ്റ്തോതോ എന്നത്. ഈ ഗോത്രക്കാർ പണ്ട് ശത്രുക്കളെ കീഴടക്കിയ ശേഷം അവരുടെ ശരീരത്തിൽനിന്ന് ഒരു ഭാഗം മുറിച്ചു കഴിക്കുന്ന രീതിയുണ്ടായിരുന്നത്രേ. അങ്ങനെയാണ് അവർക്ക് ഈ പേര് ലഭ്യമായത്. ഗിയർമേ മൊസംബിത്തേ എന്നാണ് ഷെമാെൻറ യഥാർഥ പേര്. വില്യം എന്ന് വിളിക്കും. ചില രാത്രികളിൽ അവിടെ രഹസ്യമായ ചില പൂജകൾ നടത്തുന്നുണ്ടെന്നും അതിൽ പങ്കെടുക്കാമെങ്കിൽ ഉള്ളിലെ മാലിന്യങ്ങൾ എല്ലാം കഴുകിക്കളഞ്ഞ് നിങ്ങളെ ഒരു പുതിയ മനുഷ്യനാക്കി തീർക്കാം എന്നും വില്യം വാഗ്ദാനം ചെയ്തു. ധാരാളം വിദേശികൾ അതിനായി വില്യമിനെ സമീപിക്കാറുണ്ടത്രേ. ഞങ്ങൾക്ക് ഈ കാട്ടുയാത്രക്കുള്ള ഒരുക്കങ്ങൾ ചെയ്തുതന്ന ടൂർ കമ്പനിയിലെ മാർസേല എന്ന പെൺകുട്ടി പിന്നീട് ആ പൂജയെപ്പറ്റി വളരെ പുകഴ്ത്തി സംസാരിച്ചു. രണ്ടുതവണ അവൾ അതിൽ പങ്കെടുത്തിട്ടുണ്ട് എന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
ആമസോൺ കാടുകളിലെ ചില പ്രത്യേകതരം മരങ്ങളും ചെടികളും കണ്ട് ഞങ്ങൾ കുറെ ഉള്ളിലേക്ക് നടന്നു. ഞങ്ങളെ വഴികാട്ടാൻ നന്നായി ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്ന ഒഡിൻ എന്ന ചെറുപ്പക്കാരൻ കൂടെയുണ്ട്. നാടൻ കവുങ്ങുപോലെ നീണ്ട അസായി മരം, ആമസോൺ മുന്തിരി എന്നറിയപ്പെടുന്ന ഊവ വർണം ചാലിക്കാൻ ഉപയോഗിക്കുന്ന ഏലംപോലെയിരിക്കുന്ന എലികോണിയ, പൂവിതളിനിടയിൽ വെള്ളം ശേഖരിക്കാൻ കഴിവുള്ളതുകൊണ്ട് 'കപ്പ് ഓഫ് വാട്ടർ' എന്ന പേരിലറിയപ്പെടുന്ന ഒരുതരം ചെടികൾ, നടക്കുന്ന മരം എന്നു പേരുള്ള പോണ എന്നിവ ഞങ്ങൾ ആ യാത്രയിൽ കണ്ടു. വേരുകളിൽ കാലുയർത്തിയതുപോലെയാണ് പോണയുടെ നിൽപ്. സൂര്യരശ്മിയുടെയും വെള്ളത്തിെൻറയും ലഭ്യതക്കനുസരിച്ച് അത് പഴയ വേരുകൾ ഉപേക്ഷിക്കുകയും പുതിയവ മണ്ണിലാഴ്ത്തുകയും ചെയ്യും. അങ്ങനെ കുറച്ചുകാലം കഴിയുമ്പോൾ സ്ഥാനം മാറിയാവും അതിെൻറ നിൽപ്. അതുകൊണ്ടാണ് അതിനെ നടക്കുന്ന മരം എന്ന് വിളിക്കുന്നത്.
ആ രാത്രി ഞങ്ങളുറങ്ങിയത് ആമസോൺ കാടിനു നടുവിൽ മുപ്പത്തിയഞ്ച് മീറ്റർ ഉയരത്തിൽ കെട്ടിയുണ്ടാക്കിയ ഒരു മരത്തട്ടിൽ ആയിരുന്നു. ഒറ്റക്കയർ വഴി വലിഞ്ഞു കയറി അവിടെ എത്തിപ്പെടാൻ പെട്ട പാടോർത്താൽ ഇപ്പോഴും നെഞ്ചിൽ ഒരു വിറയൽ ബാക്കിയാണ്. മരത്തട്ടിനു ചെറിയ കൈവരി ഉണ്ടെന്നതല്ലാതെ മേൽക്കൂരപോലെയുള്ള ആടയാഭരണങ്ങൾ ഒന്നുമില്ല. കിടക്കാൻ ഒരു വിരിപ്പുമാത്രം. വെളിച്ചത്തിനു മെഴുകുതിരി വെട്ടം. രാത്രിയാഹാരം ബ്രഡും ചീസും. മുത്രശങ്കയുണ്ടായാൽ മരത്തട്ടിലിരുന്ന് കാട്ടിലേക്ക് നീട്ടി നിർവഹിച്ചുകൊള്ളണം. രാത്രി നിറയെ നക്ഷത്രങ്ങളുള്ള മാനം നോക്കിയും അജ്ഞാതമായ ഏതോ രാപ്പാടിയുടെ പാട്ടുകേട്ടും ഇരട്ട വെളിച്ചമുള്ള മിന്നാമിന്നിനെ കണ്ടുമുള്ള കിടപ്പ് ഏറെ രസകരമായിരുന്നുവെങ്കിലും പെട്ടെന്ന് അന്തരീക്ഷം മാറിമറിഞ്ഞു. മാനത്ത് കാർമേഘങ്ങൾ വന്നു നിറഞ്ഞു. ആമസോണിൽ തണുത്ത കാറ്റ് വീശാൻ തുടങ്ങി. മഴ വന്നാൽ മരത്തട്ടിൽനിന്ന് താഴെ ഇറങ്ങിക്കൊള്ളണം എന്നാണ് നിയമം. എന്നാൽ അതിനു സഹായിക്കാനായി വന്നുകൂടിയിരിക്കുന്ന ഒഡിനും മറ്റ് രണ്ട് സഹായികളും അതിനോടകം മരിയുവാന പുകച്ച് നീല മേഘങ്ങളിൽ നീന്തുന്നവരായിക്കഴിഞ്ഞിരുന്നു. അവരുടെ സഹായത്തോടെ ഇറങ്ങാൻ ശ്രമിക്കുന്നതിലും നല്ലത് താഴേക്ക് ചാടുന്നതാവും എന്ന് ഞങ്ങൾക്കുറപ്പുണ്ടായിരുന്നു. അതുകൊണ്ട് വന്ന മഴയെയും കാറ്റിനെയും അവഗണിച്ച് ഞങ്ങൾ അവിടെത്തന്നെ രാത്രി കഴിച്ചുകൂട്ടാൻ തീരുമാനിച്ചു. ഭാഗ്യത്തിനു മഴ മറ്റെവിടെക്കോ വഴിമാറിപ്പോയി. കാറ്റ് ശമിച്ചു. രാത്രി കൂടുതൽ പ്രശോഭിതമായി. വിദൂരമായ മരച്ചില്ലകളിലിരുന്ന് അമോസോൺ കിളികൾ വിചിത്രശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ടിരുന്നു. രാത്രി എപ്പോഴോ കണ്ണു തുറന്നു നോക്കുമ്പോൾ നാലു തിളങ്ങുന്ന കണ്ണുകൾ മരത്തട്ടിെൻറ അങ്ങേ മൂലയിലിരുന്ന് ഞങ്ങളെ തുറിച്ച് നോക്കുന്നു. പാതിയുറക്കത്തിൽ ഒഡിൻ മൊബൈലിലെ ടോർച്ച് തെളിച്ചു നോക്കിയിട്ട് അതൊരു മുള്ളൻപന്നിയും മകനുമാണ് എന്നുപറഞ്ഞുകൊണ്ട് തിരിഞ്ഞു കിടന്നു. ബഹളവും വെളിച്ചവും കണ്ട് അവ താഴേക്ക് ഇറങ്ങിപ്പോയെന്ന് തോന്നുന്നു. ഇപ്പോഴും അത്ഭുതമാണ്. മുള്ളൻ പന്നിക്ക് മരം കയറാനറിയാമോ..? എങ്ങനെ അവ അത്ര ഉയരത്തിലേക്ക് കയറി വന്നു..? അവക്ക് കയറാൻ കഴിയുമെങ്കിൽ ആ കാടുകളിൽ നിറയെ ഉള്ള അമേരിക്കൻ കടുവക്കും (Jaguar) ആ മരത്തട്ടിലേക്ക് കയറി വരാൻ കഴിയുമായിരിക്കണമല്ലോ..? ആ പേടിയും അനശ്ചിതത്വവുമായിരുന്നു ആ രാത്രിയുടെ സൗന്ദര്യം. അനേകായിരം പക്ഷിച്ചിലപ്പുകളുടെ അകമ്പടിയോടെ ആമസോൺ മഴക്കാടുകൾക്കു മുകളിലേക്ക് ഉദിച്ചുവന്ന പിറ്റേ പ്രഭാതം ജീവിതത്തിൽ ഒരിക്കലും മറക്കാനിടയില്ല. വിവരണാതീതമായ ചിലതുണ്ട് ഇപ്പോഴും ആ ആമസോണയിൽ.
എൺപത്തിയഞ്ച് കിലോ മീറ്റർ ദൂരപരിധിക്കുള്ളിൽ കിടക്കുന്ന അഞ്ച് ദ്വീപുകളിലേക്കുള്ള ആമസോൺ നദിയിലെ ബോട്ടുയാത്രയായിരുന്നു അടുത്ത പരിപാടി. ഒരു കുമ്പിൾ വെള്ളം കോരിയിട്ട് ഞാൻ കടൽ കോരി എന്നു പറയുന്നതിനു തുല്യമാണ് ആ യാത്ര എന്ന് അറിയാതെയല്ല. എങ്കിലും പഠനകാലം മുതൽ സദാ ഭ്രമിപ്പിച്ചുകൊണ്ടിരുന്ന ഒന്നായിരുന്നു ആമസോൺ നദി. ആറുരാജ്യങ്ങളിലൂടെ ഏഴായിരം കിലോമീറ്റർ ദൂരം ഒഴുകി അറ്റ്ലാൻറിക് സമുദ്രത്തിൽ പതിക്കുന്ന ആ വിസ്മയം ദൂരെ നിന്ന് കാണാൻ കിട്ടുന്ന ഒരവസരം പോലും മഹാഭാഗ്യമായി കാണുന്ന ഒരാൾക്ക് ആ യാത്ര ആവശ്യത്തിലധികമായിരുന്നു. വന്യമല്ല ആമസോണിെൻറ ഒഴുക്ക്. എന്നാൽ അതിെൻറ ആഴവും പരപ്പും പേടിപ്പെടുത്തുന്നതുതന്നെയാണ്. ഞങ്ങൾ യാത്ര തുടങ്ങിയിടത്ത് നാലു കിലോ മീറ്റർ ആണ് അതിെൻറ വീതി. മഴക്കാലത്ത് ചിലയിടങ്ങളിൽ അത് നൂറ്റിതൊണ്ണൂറ്റിയൊന്ന് കിലോമീറ്റർ വരെ കടന്നുകയറുന്നുണ്ടത്രേ. നൈലിെൻറ ഏറ്റവും കൂടിയ വീതി വെറും ഏഴര കിലോമീറ്റർ മാത്രമാണെന്നറിയുമ്പോഴാണ് ആമസോൺ വന്യത നമുക്ക് ബോധ്യമാവുക. അറ്റ്ലാൻറിക് സമുദ്രത്തിൽ ഐസ് കട്ടകൾ പോലെയാണ് ആമസോണിലെ തടികൾ. തീരങ്ങളിലെ മരങ്ങളെ മുഴുവൻ കടപുഴക്കിക്കൊണ്ടാണ് അവൾ ഒഴുകി വരുന്നത് എന്നു തോന്നിപ്പോകുംവിധം തടികൾ ഒഴുകിവരുന്നുണ്ട്. വളരെ വിദഗ്ധനായ ഒരാൾക്കു മാത്രമേ അവിടെ ബോട്ടോടിക്കാൻ സാധിക്കൂ. അല്ലെങ്കിൽ അപകടം സുനിശ്ചയം. എന്നാൽ മിടുക്കനായ ഞങ്ങളുടെ ഡ്രൈവർ ആ തടികൾക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും അതിവേഗത്തിൽ ബോട്ടോടിച്ചു പോയി.
സ്പാനിഷ് മാത്രം അറിയാവുന്ന ഗൈഡ് പറയുന്നതൊന്നും ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല. അപ്പോൾ ബോട്ടിൽ ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന ഗ്രബിയേല എന്നും മാത്തോസ് എന്നും പേരുള്ള രണ്ട് കുട്ടികളാണ് ഞങ്ങളെ ഇത്തിരിയെങ്കിലും സഹായിക്കാനെത്തിയത്. കൊളംബിയയിലെ പുതിയ തലമുറ ഇംഗ്ലീഷ് പഠിക്കാൻ താൽപര്യം കാണിക്കുന്നു. ഏതെങ്കിലും മുതിർന്നവരോട് ''ഹബ്ള ഇംഗ്ലീഷ്'' എന്നു ചോദിച്ചാൽ, ഇല്ല പക്ഷേ ഇവർ സംസാരിക്കും എന്ന് അഭിമാനത്തോടെ കുട്ടികളിലേക്ക് വിരൽ ചൂണ്ടും. സ്പാനിഷ് ലോകത്തുനിന്ന് കൊളംബിയ പതിയെ ഇംഗ്ലീഷ് ലോകത്തിലേക്ക് കടക്കുകയാണ്.
ആമസോൺ ഉൾക്കാടുകളിൽ എത്തിപ്പെടാൻ ഇനിയും മനുഷ്യന് കഴിഞ്ഞിട്ടില്ല എന്ന് കേട്ടിട്ടുണ്ട്. എന്നാൽ ആരെങ്കിലും ഈ നദിയിലൂടെ പൂർണമായും സഞ്ചരിച്ചിട്ടുണ്ടോ എന്ന കൗതുകം നിറഞ്ഞ ഒരു ചോദ്യം ഞാൻ ഗബ്രിയേലാ വഴി ഗൈഡിനോട് ചോദിച്ചു. ഉണ്ട്. അർജൻറീന, ബ്രസീൽ, കൊളംബിയ, പെറു എന്നീ രാജ്യങ്ങളിലെ നാലുപേർ ചേർന്ന് നാലു മാസംകൊണ്ട് നദിയുടെ ഉറവിടം മുതൽ അഴിമുഖംവരെ ബോട്ട് യാത്ര നടത്തിയിട്ടുണ്ടെന്ന് അയാൾ പറഞ്ഞു. അപ്പോൾപോലും അനേകം കൈവഴികളും പോഷകനദികളും ഉള്ള ആമസോണിെൻറ ഒരു ഭാഗത്തുകൂടി സഞ്ചരിച്ചു എന്നു മാത്രം പറയാം.
കുട്ടിക്കുരങ്ങന്മാരെക്കൊണ്ട് നിറഞ്ഞ ലോസ് മികോസ്, മോട്ടോർ വാഹനങ്ങൾ ഒന്നുമില്ലാത്ത പോർത്തോ നരീന്യോ, ടിക്കൂണ ഗോത്രക്കാരുടെ മാസിഡോണിയ, വിക്ടോറിയ ലോട്ടസുകളുടെയും മുഴുത്ത തത്തകളുടെയും ദ്വീപ്, പിങ്ക് ഡോൾഫിനുകളുടെ തടാകം എന്നിവയാണ് ഞങ്ങൾ ആ യാത്രയിൽ സന്ദർശിച്ചത്. ബോട്ടിെൻറ മുന്നിലൂടെ നീന്തി മറയുന്ന പിങ്ക് ഡോൾഫിനുകളും ദേഹത്ത് കയറി ചാടി മറിയുന്ന കുട്ടിക്കുരങ്ങന്മാരും ആനച്ചെവിയോളം വലുപ്പമുള്ള താമരയിലകളും മുഴുത്ത തത്തകളും വളരെ കൗതുകമുളവാക്കിയ കാര്യങ്ങളാണ്.
മാസിഡോണിയ എന്ന ദ്വീപിലെ ടിക്കൂണ സ്ത്രീകൾ ഒരു നൃത്തം അവതരിപ്പിച്ചു. ടൂറിസ്റ്റുകൾക്കുവേണ്ടി തയാർ ചെയ്തിരിക്കുന്ന ഒരു ഇൻസ്റ്റൻറ് നൃത്തമായിട്ടാണ് അത് തോന്നിയത്. യാത്രകളിൽ വല്ലാത്ത വിരസത ഉണ്ടാക്കുന്ന ഒരു വിഭവമായി ഇത്തരം നൃത്തങ്ങൾ മാറുന്നുണ്ട് എന്നതാണ് സത്യം. അതുകൊണ്ടുതന്നെ നൃത്തം പൂർത്തിയാവുന്നതിനു മുൻപേ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി ദ്വീപിലൂടെ കുറെ നടന്നു. വൃത്തി എവിടെയും ദൃശ്യമായിരുന്നു. മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കാൻ പ്രത്യേകം ഡ്രമ്മുകൾതന്നെ വഴിയിൽ സജ്ജീകരിച്ചിരിക്കുന്നു. വീടുകൾ തകര ഷീറ്റു മേഞ്ഞവയാണ്. അതിൽ താമസിക്കുന്നവരിലാവട്ടെ പ്രാചീന ഗോത്രമുദ്രകൾ ഒന്നും കാണാനില്ല. അധിനിവേശം അവരുടെ രക്തത്തിൽ എന്നപോലെ ആഹാരത്തിലും വസ്ത്രത്തിലും ഭാഷയിലും ജീവിതചര്യയിലും എല്ലാം കലർന്നിരിക്കുന്നു. ശുദ്ധമായ ആമസോണിയ ഇനിയും നിലനിൽക്കുന്നുണ്ടോ എന്നന്വേഷിച്ചാൽ ഒരുപക്ഷേ പരിഷ്കൃത മനുഷ്യന് ഇനിയും കടന്നുചെല്ലാൻ കഴിയാത്ത ഉൾക്കാടുകളിൽ എവിടെയെങ്കിലും ഉണ്ടാവും എന്ന് വെറുതെ സമാധാനിക്കേണ്ടി വരും. നദിയെയും കാടിനെയും തൊടാൻ, അതിെൻറ ഉൾക്കാമ്പ് കാരണം, ഇനിയും മനുഷ്യന് സാധ്യമായിട്ടില്ല എന്നതു മാത്രമായിരുന്നു ആശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.