കിയവ്: യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുടെ ജന്മനാടായ ക്രീവി റീഹിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. 28 പേർക്ക് പരിക്കേറ്റതായും യുക്രെയ്ൻ അധികൃതർ അറിയിച്ചു. ഖാർകീവിൽ ഡ്രോൺ ആക്രമണമുണ്ടായതായും റിപ്പോർട്ടുണ്ട്. അതേസമയം, റഷ്യ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
ക്രീവി റീഹിലുണ്ടായ മിസൈൽ ആക്രമണത്തിൽ തകർന്ന അഞ്ച് നില അപ്പാർട്ട്മെന്റിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഭാഗികമായി തകർന്ന കെട്ടിടത്തിൽനിന്ന് പുക ഉയരുന്നത് ദൃശ്യങ്ങളിൽ കാണാം. ഈ കെട്ടിടത്തിൽനിന്ന് നാല് മൃതദേഹങ്ങളും മറ്റൊരു വ്യാപാര സ്ഥാപനത്തിൽനിന്ന് അഞ്ച് മൃതദേഹങ്ങളും കണ്ടെത്തി.
റഷ്യൻ സേനക്കെതിരായ യുക്രെയ്നിന്റെ പ്രത്യാക്രമണം തുടരുന്നതിനിടെയാണ് റഷ്യയുടെ ഏറ്റവും പുതിയ ആക്രമണം. പ്രത്യാക്രമണത്തിൽ ഏഴ് പ്രദേശങ്ങൾ ഇതിനകം പിടിച്ചെടുത്തതായാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്. ഡൊനെസ്ക് മേഖലയിലെ മകാറിവ്കയിൽ പിടിച്ചെടുത്ത ഗ്രാമത്തിന്റെ ദൃശ്യങ്ങൾ യുക്രെയ്ൻ സായുധ സേന പുറത്തുവിട്ടു. യുദ്ധം ശക്തമാണെങ്കിലും തങ്ങൾ നിർണായകമായ മുന്നേറ്റം നടത്തിയതായി പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി തിങ്കളാഴ്ച രാത്രി പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
അതിനിടെ, റഷ്യയുടെ ഉയർന്ന റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥരിൽ ഒരാളായ മേജർ ജനറൽ സെർജി ഗോറ്യച്ചേവ് യുക്രെയ്നിൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പ്രശസ്ത റഷ്യൻ സൈനിക ബ്ലോഗർ യൂറി കോട്ടെനോക് റിപ്പോർട്ട് ചെയ്തു. എന്നാൽ, റഷ്യൻ അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മറ്റൊരു സംഭവവികാസത്തിൽ, യുക്രെയ്ൻ സൈന്യത്തിൽനിന്ന് പിടിച്ചെടുത്ത പാശ്ചാത്യ നിർമിത സൈനിക വാഹനത്തിന്റെ ദൃശ്യങ്ങൾ റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.