ഇറ്റാലിയൻ തീരത്ത് രണ്ട് ബോട്ട് അപകടങ്ങളിൽ 11 മരണം; 64 പേരെ കാണാതായി

റോം: ഇറ്റാലിയൻ തീരത്ത് രണ്ട് വ്യത്യസ്ത അപകടങ്ങളിലായി 11 മരണം. 64 പേരെ കാണാതായി. ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയ്ക്ക് സമീപം തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ആദ്യത്തെ അപകടം. ലിബിയയിൽനിന്ന് കുടിയേറ്റക്കാരുമായി പുറപ്പെട്ട ബോട്ടാണ് അപകടത്തിൽപ്പെട്ടത്. സിറിയ, ഈജിപ്റ്റ്, പാകിസ്താൻ, ബം​ഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു ബോട്ടിലുണ്ടായിരുന്നതെന്ന് യു.എൻ.എച്ച്.സി.ആർ. അറിയിച്ചു.

ജർമ്മൻ ചാരിറ്റിയായ റെസ്‌ക്യുഷിപ്പ് നടത്തുന്ന കപ്പലായ നാദിറിൽ നിന്നുള്ള രക്ഷാപ്രവർത്തകർ തിങ്കളാഴ്ച സെൻട്രൽ മെഡിറ്ററേനിയനിലെ തടി ബോട്ടിൻ്റെ താഴത്തെ ഡെക്കിൽ പത്ത് മൃതദേഹങ്ങൾ കണ്ടെത്തി. ടുണീഷ്യയിൽ നിന്ന് പുറപ്പെട്ടതായി കരുതപ്പെടുന്ന മുങ്ങിക്കൊണ്ടിരുന്ന കപ്പലിൽ ഉണ്ടായിരുന്ന 51 പേരെ രക്ഷിച്ചതായി ചാരിറ്റി അറിയിച്ചു. രക്ഷപ്പെട്ടവരെ ഇറ്റാലിയൻ കോസ്റ്റ്ഗാർഡിന് കൈമാറുകയും തിങ്കളാഴ്ച രാവിലെ കരയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

അതേദിവസം നടന്ന മറ്റൊരു അപകടത്തിൽ 26 കുട്ടികളടക്കം 64 പേരെ കാണാതായിട്ടുണ്ട്. തെക്കൻ ഇറ്റലിയിലെ കാലാബ്രിയൻ തീരത്തുനിന്ന് 100 മൈൽ അകലെയായിരുന്നു ഈ അപകടം. തുർക്കിയിൽനിന്ന് പുറപ്പെട്ട കപ്പലാണിതെന്ന് അന്വേഷണത്തിൽ വ്യക്തമായി. രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നുണ്ടെന്നും കൂടുതൽ റെസ്ക്യു ടീമിനെ എത്തിച്ചിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. യൂറോപ്പിലെത്താൻ ശ്രമിക്കുന്ന ആളുകളുടെ പ്രധാന ലാൻഡിംഗ് പോയിൻ്റുകളിൽ ഒന്നാണ് ഇറ്റലി. 2014 മുതൽ ഈ റൂട്ടിൽ 20,000-ത്തിലധികം മരണങ്ങളും തിരോധാനങ്ങളും ഉണ്ടായിട്ടുണ്ടെന്നാണ് യു.എൻ ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.

Tags:    
News Summary - 11 dead in two boat accidents off Italian coast; 64 people are missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.