ടൊറന്‍റോ: യു.എസ്-കാനഡ അതിർത്തിയിൽ കൊടുംതണുപ്പിൽ നാല് ഇന്ത്യക്കാർ മരിച്ചത് ഉള്ളുലക്കുന്ന ദാരുണ സംഭവമാണെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. മനുഷ്യക്കടത്ത് തടയാൻ യു.എസ് അധികൃതരുമായി ചേർന്ന് സാധ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മരിച്ച നാലംഗ കുടുംബം ഗുജറാത്തിൽ നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞു. കാനഡയിൽ നിന്ന് യു.എസിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചവരാണ് ഇവരെന്ന് കരുതുന്നു. പുരുഷൻ, സ്ത്രീ, കൗമാരപ്രായത്തിലുള്ള കുട്ടി, പിഞ്ചുകുഞ്ഞ് എന്നിവരുടെ മൃതദേഹമാണ് വ്യാഴാഴ്ച തെക്കൻ-മധ്യ മാനിടോബയിലെ എമേഴ്സൺ പ്രദേശത്ത് മാനിടോബ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (ആർ.സി.എം.പി) കണ്ടെത്തിയത്.
കാനഡയിലെ ഇന്ത്യൻ ഹൈകമീഷണർ അജയ് ബിസാരിയയാണ് മരിച്ചവർ ഗുജറാത്തികളാണെന്ന് സ്ഥിരീകരിച്ചത്. കുടുംബത്തിലെ നാലുപേരാണ് മരിച്ചതെന്ന് യു.എസ് അറ്റോണി ഓഫിസും വ്യക്തമാക്കി. മരിച്ചവരുടെ പോസ്റ്റ്മോർട്ടം ജനുവരി 24ന് നടത്തുമെന്ന് കാനഡ അധികൃതർ അറിയിച്ചു.
ജനുവരി 19ന് യു.എസ് അധികൃതർ യു.എസ്/കാനഡ അതിർത്തിയിൽ നിന്ന് യാത്ര രേഖകളില്ലാത്ത യു.എസ് പൗരനടക്കം ഏഴുപേരെ പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇപ്പോൾ കസ്റ്റഡിയിലുള്ളവരിലും ഗുജറാത്തി ഭാഷ സംസാരിക്കുന്നവരുണ്ട്. ഇവരിൽ രണ്ടുപേരെ കൊടും തണുപ്പേറ്റ അവശതമൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 മണിക്കൂറോളം തണുത്തുറഞ്ഞ സ്ഥലങ്ങളിലൂടെ നടന്നതായി സംഘത്തിലുള്ളവർ പൊലീസിനോട് പറഞ്ഞു.
ടൊറന്‍റോയിലെ കോൺസുലേറ്റ് ജനറലിൽ നിന്നുള്ള പ്രത്യേകസംഘം മാനിടോബയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഓട്ടവയിലെ കോൺസുലേറ്റും ഹൈകമീഷനും കാനഡ അധികൃതരുമായി ബന്ധപ്പെട്ടു വരികയാണ്. അതിനിടെ, അനധികൃത മനുഷ്യക്കടത്തിന് 47 കാരനായ യു.എസ് പൗരൻ സ്റ്റീവ് ഷാൻഡിനെതിരെ യു.എസിലെ മിനിസോട ജില്ല കോടതിയിൽ കേസ് ഫയൽ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.