ബെർലിൻ: ഈ വർഷം രാജ്യത്തെത്തിയ 11 ലക്ഷത്തിലധികം അഭയാർഥികൾക്കും കുടിയേറ്റക്കാർക്കും അഭയമൊരുക്കാൻ വഴിതേടുകയാണ് ജർമനി. ഇത്തരം നഗരങ്ങൾക്കും പട്ടണങ്ങൾക്കും കൂടുതൽ സഹായംനൽകുമെന്ന് ജർമൻ സർക്കാർ ചൊവ്വാഴ്ച അറിയിച്ചു. യുദ്ധം പിടിച്ചുലച്ച യുക്രെയ്ൻ വിട്ടോടിയവരാണ് ഭൂരിഭാഗവുമെങ്കിലും സിറിയ, അഫ്ഗാനിസ്താൻ പൗരന്മാരുമുണ്ട്. സമീപ മാസങ്ങളിൽ അഭയ അപേക്ഷകളുടെ എണ്ണവും വർധിച്ചു. സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം ഈവർഷം 1.34 ലക്ഷം പേരാണ് അഭയത്തിന് അപേക്ഷിച്ചിട്ടുള്ളത്.
ഈ വർഷം ആദ്യം പതിനായിരക്കണക്കിന് അഭയാർഥികൾക്കായി സർക്കാർ പാർപ്പിടം അനുവദിച്ചെങ്കിലും, നിലവിലെ പ്രതിസന്ധി മറികടക്കാൻ 4,000 അഭയാർഥികൾക്ക് ഉടൻ പാർപ്പിടം നൽകുമെന്ന് സംസ്ഥാന, പ്രാദേശിക ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ആഭ്യന്തരമന്ത്രി നാൻസി ഫേസർ പറഞ്ഞു. എന്നാൽ സാമ്പത്തിക സഹായ വാഗ്ദാനത്തിന്റെ കൃത്യമായ കണക്കുകൾ മന്ത്രി വെളിപ്പെടുത്തിയില്ല. സ്ഥിരം കുടിയേറ്റ കേന്ദ്രങ്ങളിൽ ആൾപ്പെരുപ്പം ഏറിയതിനാൽ നിരവധി നഗരങ്ങൾ അടുത്തിടെ കൂടാരങ്ങൾ സ്ഥാപിക്കുകയും കൺവെൻഷൻ സെന്ററുകളെ താൽക്കാലിക താമസകേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്തിരുന്നു.
ഫെബ്രുവരി 24ന് റഷ്യ ആക്രമണം തുടങ്ങിയശേഷം യുക്രെയ്നിൽ നിന്ന് 10 ലക്ഷത്തിലധികം ആളുകൾ ജർമനിയിലേക്ക് കടന്നതായാണ് റിപ്പോർട്ട്. ഇവരിൽ മൂന്നിലൊന്ന് കുട്ടികളും കൗമാരക്കാരാണ്. മുതിർന്നവരിൽ 70 ശതമാനത്തിലധികം സ്ത്രീകളാണ്. യുക്രെയ്ൻകാർക്ക് വിസയില്ലാതെ ജർമനിയിൽ പ്രവേശിക്കാം. അഭയത്തിന് അപേക്ഷിക്കേണ്ടതുമില്ല. മറ്റ് കുടിയേറ്റക്കാർ രാജ്യത്തേക്ക് കടക്കാതിരിക്കാനായി ഓസ്ട്രിയൻ അതിർത്തിയിലെ നിയന്ത്രണം ആറ് മാസംകൂടി നീട്ടുകയും ചെക്ക് റിപ്പബ്ലിക് അതിർത്തിയിലെ നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ഓസ്ട്രിയയും ചെക്ക് റിപ്പബ്ലിക്കും കുടിയേറ്റക്കാരെ തടയാൻ സ്ലോവാക്യൻ അതിർത്തിയിൽ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഈ നീക്കം.
ജർമനി, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, സ്ലോവാക്യ എന്നിവ യൂറോപ്യൻ യൂനിയന്റെ വിസരഹിത മേഖലകളിൽപെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.