ഫ്രിഡ്ജിൽ കഴിഞ്ഞത് 20 മണിക്കൂർ; 11കാരനായ ഫിലിപ്പീൻസ് ബാലൻ മണ്ണിടിച്ചിലിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു-VIDEO

മനില: ഫിലിപ്പീൻസിൽ ഉരുൾപൊട്ടലിൽ നിന്ന് അഭയംതേടിയ 11കാരൻ ദിവസം മുഴുവൻ കഴിഞ്ഞത് റഫ്രിജറേറ്ററിനുള്ളിൽ. സി.ജെ ജാസ്മി എന്ന ബാലന്റെ കഥ ന്യൂയോർക്ക് പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്. മെഗി കൊടുങ്കാറ്റ് നാശം വിതച്ച ലെയ്‌റ്റെ പ്രവിശ്യയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് തകർന്ന ഉപകരണത്തിനുള്ളിൽ ജാസ്മി കിടക്കുന്നതായി അധികൃതർ കണ്ടെത്തിയത്.

വെള്ളിയാഴ്ച ബേബേ സിറ്റിയിൽ മണ്ണിടിച്ചിലുണ്ടാകുമ്പോൾ സി.ജെ ജാസ്മി കുടുംബത്തോടൊപ്പം വീട്ടിലായിരുന്നു. വീടും ദുരന്തത്തിൽ ഉൾപെട്ടതായി മനസ്സിലാക്കിയ ബാലന് ഫ്രിഡ്ജിൽ കയറിയിരിക്കാമെന്ന് ഉപായം തോന്നി. കൊടുങ്കാറ്റിൽ നിന്ന് രക്ഷതേടി അവൻ 20 മണിക്കൂർ അവിടെ തന്നെ കഴിച്ചുകൂട്ടി. ഒടുവിൽ രക്ഷാപ്രവർത്തകർ നദിക്കരയിൽ വെച്ച് കുട്ടിയെ കണ്ടെത്തുകയായിരുന്നു.

Full View

തുടർന്ന് രക്ഷാപ്രവർത്തകർ ജാസ്മിനെ അവിടെ നിന്ന് രക്ഷപെടുത്തിയതായി പൊലീസ് ഉദ്യോഗസ്ഥൻ ജോനാസ് എറ്റിസ് അറിയിച്ചതായി ന്യൂയോർക്ക് പോസ്റ്റ് പറയുന്നു. ചെളിയിൽ നിന്ന് ഉപകരണം ഉയർത്തിയ ശേഷം 11കാരനെ സ്‌ട്രെച്ചറിലേക്ക് മാറ്റിയാണ് കൊണ്ടുപോയത്. 'എനിക്ക് വിശക്കുന്നു'-എന്നായിരുന്നു അവൻ ആദ്യം പറഞ്ഞ വാക്കുകൾ.

ജാസ്മിക്ക് ബോധമുണ്ടായിരുന്നു. എന്നാൽ കാലിന് ഒടിവുണ്ടായി. പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ച ശേഷം ഒടിഞ്ഞ കാലിന് ശസ്ത്രക്രിയ നടത്തി.

നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. ജാസ്മിന്റെ അമ്മയെയും സഹോദരങ്ങളെയും ഇനിയും കണ്ടെത്തിയിട്ടില്ല. ഒരു ദിവസം മുമ്പ് മറ്റൊരു മണ്ണിടിച്ചിലിൽ പിതാവ് മരിച്ചു. ജാസ്മിന്റെ 13കാരനായ സഹോദരൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതായാണ് അധികൃതർ കരുതുന്നത്.

കൊടുങ്കാറ്റിനെ തുടർന്ന് ബേബേയിൽ മാത്രം 200 ഓളം ഗ്രാമീണർക്ക് പരിക്കേൽക്കുകയും 172 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. കൊടുങ്കാറ്റിനെ തുടർന്ന് 200 ദശലക്ഷത്തിലധികം ആളുകളെയാണ് പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചത്. ചെളിയും മണ്ണിന്റെ അവശിഷ്ടങ്ങളും കാരണം രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായി മാറി.

Tags:    
News Summary - 11 year old Philippines boy Miraculously escaped landslide by taking refuge in refrigerator for 20 Hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.