കിഴക്കൻ ജറൂസലമിൽ വീണ്ടും വെടിവെപ്പ്: ഫലസ്തീൻ ബാലൻ കൊല്ലപ്പെട്ടു

ജറൂസലം: കിഴക്കൻ ജറൂസലമിലുണ്ടായ വെടിവെപ്പിൽ 13 വയസുള്ള ഫലസ്തീൻ ബാലൻ കൊല്ലപ്പെട്ടു. വെടിവെപ്പിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിഴക്കൻ ജറൂസലമിലെ ജൂത സിനഗോഗിനു സമീപമുണ്ടായ വെടിവെപ്പിൽ ഏഴുപേർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണിത്. പരിക്കേറ്റ 47 വയസുള്ള പിതാവിനെയും 23 വയസുള്ള മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് 42 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഫലസ്തീനിൽനിന്ന് 1967ൽ ഇസ്രായേൽ പിടിച്ചടക്കിയ കിഴക്കൻ ജറുസലം നഗരത്തിൽ പ്രാദേശിക സമയം രാത്രി 8.15ഓടെയായിരുന്നു ആക്രമണം. വ്യാഴാഴ്ച ഇസ്രായേൽ അധിനിവേശ സേന വൃദ്ധയടക്കം ഒമ്പത് ഫലസ്തീനി​കളെ കൊലപ്പെടുത്തി മണിക്കൂറുകൾ പിന്നിടുന്നതിനിടെയാണ് ഇസ്രായേലിനെ നടുക്കിയ കൂട്ടക്കൊല അര​ങ്ങേറിയത്.

കിഴക്കൻ ജറുസലേമിൽ താമസിക്കുന്ന 21 കാരനാണ് വെടിയുതിർത്തതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. അക്രമിയെ സൈന്യം കൊലപ്പെടുത്തി. തനിച്ചെത്തിയ തോക്കുധാരി തുരു​തുരെ വെടിവെക്കുകയായിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ മുതൽ ഇസ്രായേൽ സൈന്യം ഗസ്സയിൽ പരക്കെ വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു. അൽ മഗാസി അഭയാർഥി ക്യാമ്പ്, ദക്ഷിണ ഗസ്സയിലെ സൈത്തൂൻ, വടക്കൻ ഗസ്സയിലെ ബൈത് ഹനൂൻ ഭാഗങ്ങളിലായി ഒമ്പത് ആക്രമണങ്ങൾ നടത്തിയതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു.

വ്യാഴാഴ്ചയാണ് ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം കൂട്ടക്കുരുതി നടത്തിയത്. വെടിവെപ്പിൽ 20 പേർക്ക് പരിക്കേറ്റിരുന്നു. കൂട്ടക്കൊലക്കു ശേഷം ജെനിനിൽനിന്ന് പിൻവാങ്ങിയ ഇസ്രായേൽ സൈന്യം, സ്ത്രീയുടെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പരിശോധിച്ചുവരുകയാണെന്ന് പറഞ്ഞു. വെടിയേറ്റവരെ കൊണ്ടു പോയ ആംബുലൻസ് യുദ്ധടാങ്ക് ഉപയോഗിച്ച് തടഞ്ഞതായി ഫലസ്തീൻ അധികൃതർ ആരോപിച്ചു. ജെനിനിൽ വെടിയേറ്റുവീണ വ്യക്തിയെ രക്ഷിക്കാൻ ആംബുലൻസുമായി പോകവെ ഇസ്രായേൽ സൈന്യം ആംബുലൻസിന് നേരെ വെടിയുതിർത്തതായി ജെനിൻ പബ്ലിക് ഹോസ്പിറ്റൽ മേധാവി വിസാം ബേക്കർ അൽജസീറയോട് പറഞ്ഞു. ഫലസ്തീനിൽ 2006നു ശേഷം രക്തരൂഷിതമായ വർഷമായിരുന്നു 2022.

വെസ്റ്റ് ബാങ്കിൽ തുടർച്ചയായി ഇസ്രായേൽ സൈന്യം നടത്തുന്ന റെയ്ഡും ഫലസ്തീനികളുടെ ചെറുത്തുനിൽപുമാണ് സംഘർഷത്തിനിടയാക്കുന്നത്. കഴിഞ്ഞ വർഷം മാത്രം അമ്പതിലേറെ കുട്ടികളെയും 17 സ്ത്രീകളെയുമടക്കം 250ലേറെ ഫലസ്തീനികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. ബെൻ ഗാവിർ നയിക്കുന്ന തീവ്ര വലതുപക്ഷ പാർട്ടിയുടെ പിന്തുണയോടെ ബിന്യമിൻ നെതന്യാഹു ഇസ്രായേലിൽ വീണ്ടും അധികാരത്തിലെത്തിയത് മേഖലയിൽ സംഘർഷം വർധിക്കാൻ വഴിയൊരുക്കുമെന്ന് വിലയിരുത്തലുണ്ട്.

Tags:    
News Summary - 13 Year Old Palestinian Shot A Father And His Son In Israel Synagogue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.