നേപ്പാൾ വിമാനാപകടം: 16 മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ പുരോഗമിക്കുന്നു

കഠ്മണ്ഡു: നേപ്പാൾ വിമാനാപകടത്തിൽ 16 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ബാക്കിയുള്ള ആറ് പേർക്കായി പൊലീസും സൈനികരും ചേർന്ന് തെരച്ചിൽ തുടരുകയാണ്.

മസ്താങ് ജില്ലയിലെ തസാങ്-2 സനോസ്‌വെയറിലാണ് വിമാനം തകർന്നു വീണത്. മലയുടെ 14,500 അടി ഉയരത്തിൽ ഇടിച്ചാണ് വിമാനം തകർന്നതെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു. വിമാന അവശിഷ്ടങ്ങളും മൃതദേഹങ്ങളും ഏകദേശം 100 മീറ്റർ ചുറ്റളവിൽ ചിതറിയതായി പൊലീസ് പറഞ്ഞു.

വിമാനം തകർന്ന നിലയിൽ കണ്ട വിവരം പ്രദേശവാസികൾ സൈന്യത്തെ അറിയിക്കുകയായിരുന്നു. 15 പേരടങ്ങുന്ന സൈനിക സംഘത്തെ സ്ഥലത്ത് ഇറക്കിയതായി നേപാൾ സൈനിക വക്താവ് അറിയിച്ചിരുന്നു.

നാല് ഇന്ത്യക്കാരടക്കം 22 പേരുമായി പറന്നുയർന്ന പ്രാദേശിക കമ്പനിയായ താര എയറിന്‍റെ ട്വിൻ ഒട്ടർ വിമാനമാണ് അപകടത്തിൽ പെട്ടത്. യാത്രക്കാരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്ന് കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി അറിയിച്ചു.

മസ്താങ് ജില്ലയിലെ ജോംസോമിലൂടെ സഞ്ചരിച്ച വിമാനം ധൗലഗിരി പർവതത്തിലേക്ക് വഴിതിരിച്ചു വിട്ടിരുന്നെന്നും അതിനുശേഷം ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നുമായിരുന്നു ലഭിച്ച ആദ്യ വിവരം.

2009ൽ യെതി എയർലൈൻസ് ഫ്‌ളീറ്റിൽ നിന്നുള്ള വിമാനങ്ങൾ ഉപയോഗിച്ചാണ് താര എയർ രൂപീകരിച്ചത്. 2019 ൽ താര എയറിനെ സുരക്ഷിതമല്ലാത്ത എയർലൈനുകളിൽ ഒന്നായി ഫോർബ്സ് വിലയിരുത്തിയിരുന്നു.

Tags:    
News Summary - 16 bodies found so far at Nepal plane crash site, officials suspect all flyers killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.