ലണ്ടൻ: കോവിഡ് ഒമിക്രോൺ വകഭേദം പടരുന്ന സാഹചര്യത്തിൽ ബ്രിട്ടൻ നിയന്ത്രണം കടുപ്പിക്കുന്നു. രാജ്യത്ത് ഇതുവരെ 160 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതായി യു.കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി വ്യക്തമാക്കി.
യാത്രക്കാർക്ക് കോവിഡ് പരിശോധന നിർബദ്ധമാക്കി. നൈജീരിയയിൽ നിന്നെത്തുന്നവർക്ക് ഹോട്ടൽ ക്വാറന്‍റീൻ നിർബന്ധമാക്കിയതായി ആരോഗ്യ മന്ത്രി സാജിദ് ജാവിദ് അറിയിച്ചു.
ഒമിക്രോണിന്‍റെ വ്യാപനം മന്ദഗതിയിലാക്കാൻ യാത്രാ നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. അതേസമയം വാക്‌സിൻ ഫലപ്രാപ്തിയെയും രോഗവ്യാപനത്തെയും കുറിച്ച് ശാസ്ത്രജ്ഞർ കൂടുതൽ പഠനങ്ങൾ നടത്തി വരികയാണ്.
യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് പി.സി.ആർ അല്ലെങ്കിൽ ലാറ്ററൽ ഫ്ലോ ടെസ്റ്റ് നടത്തിയിരിക്കണമെന്നാണ് പുതിയ നിർദേശം. തിങ്കളാഴ്ചയാണ് ബ്രിട്ടൻ നൈജീരിയയെ ചുവന്ന പട്ടികയിൽ പെടുത്തിയത്. ബ്രിട്ടനിൽ സ്ഥിരീകരിച്ച കേസുകൾക്ക് ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളിൽ നിന്നെത്തിയ യാത്രക്കാരുമായി ബന്ധമുെണ്ടന്നാണ് അധികൃതർ വിശദീകരിക്കുന്നത്.
ദക്ഷിണാഫ്രിക്കയടക്കം 10 രാജ്യങ്ങളെ കഴിഞ്ഞ ആഴ്ച ബ്രിട്ടൻ ചുവപ്പ് പട്ടികയിൽ ഉൾപെടുത്തിയിരുന്നു. യു.കെ പൗരൻമാർക്കോ അല്ലെങ്കിൽ താമസക്കാർക്കോ മാത്രമാകും രാജ്യത്തേക്ക് പ്രവേശനം. എന്നാൽ ഇവർ ഹോട്ടൽ ക്വാറന്‍റീനിൽ കഴിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.