ഗസ്സ സിറ്റി: ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 175 ആയതായി ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ്. സംഘർഷം ആരംഭിച്ച് ഒരുവർഷം പൂർത്തിയായ വേളയിലാണ് ഇത്രയും മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട വിവരം പുറത്തുവരുന്നത്.
വിവിധ രാജ്യങ്ങളിലുള്ള മാധ്യമസ്ഥാപനങ്ങൾക്കുവേണ്ടി ഫ്രീലാൻസായി ജോലിചെയ്തിരുന്ന ഫലസ്തീനികളായ മാധ്യമപ്രവത്തകരാണ് കൊല്ലപ്പെട്ടവരിൽ അധികവും. മാധ്യമപ്രവർത്തകരാണെന്ന് തിരിച്ചറിഞ്ഞിട്ടും ഇസ്രയേൽ സൈന്യം അവരെ ആക്രമിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഗസ്സയിലെ മാധ്യമപ്രവർത്തകരെ ഇസ്രായേൽ മനഃപൂർവം കൊലപ്പെടുത്തുകയാണെന്ന് ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ് പ്രതിനിധി ടിം ഡോസൺ ചൂണ്ടിക്കാട്ടുന്നു. ഈ ജീവഹാനിയുടെ തോത് ഞെട്ടിക്കുന്നതാണ്. അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇക്കാര്യത്തിൽ ഇടപെടണം. ഗസ്സയിലെ 10 ശതമാനത്തിലധികം മാധ്യമപ്രവർത്തകർക്കാണ് ജീവൻ നഷ്ടപ്പെട്ടതെന്നും അദ്ദേഹം ‘അൽജസീറ’യോട് പറഞ്ഞു.
മാധ്യമപ്രവർത്തകരുടെ ജീവൻ രക്ഷിക്കാന്‍ ആവശ്യമായ ന്യായമായ നടപടികൾ സ്വീകരിക്കണമെന്ന് ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ് നേരത്തേ ഇസ്രായേൽ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മറുപടി ഉണ്ടായില്ല. നാൾക്കുനാൾ ഗസ്സ മാധ്യമപ്രവർത്തകരുടെ കൊലക്കളമായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.