കിയവിൽ റഷ്യൻ ആക്രമണത്തിൽ തീപിടിച്ച പാർപ്പിട സമുച്ചയത്തിൽനിന്ന് ഒഴിപ്പിക്കവെ വിതുമ്പുന്ന വനിതയെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന രക്ഷാപ്രവർത്തക

പിന്തുണയുമായി മൂന്നു പ്രധാനമന്ത്രിമാർ കിയവിൽ; റഷ്യൻ വ്യോമാക്രമണത്തിൽ 19 മരണം

കിയവ്: മൂന്നാഴ്ച പിന്നിടുന്ന റഷ്യൻ അധിനിവേശം ജീവിതം നരകമാക്കിയ യുക്രെയ്നിലെത്തി യൂറോപ്യൻ യൂനിയൻ നേതാക്കൾ. പോളണ്ട്, ചെക്, സ്ലൊവീനിയ എന്നീ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരാണ് ട്രെയിനിൽ യുക്രെയ്ൻ തലസ്ഥാന നഗരമായ കിയവിലേക്ക് പുറപ്പെട്ടത്. യുക്രെയ്ൻ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും യൂറോപ്യൻ യൂനിയന്റെ സമ്പൂർണ പിന്തുണ അറിയിക്കാനാണ് എത്തിയതെന്ന് ചെക്ക് പ്രധാനമന്ത്രി പീറ്റർ ഫിയാല പറഞ്ഞു.

റഷ്യൻ സേന കിലോമീറ്ററുകൾ അകലെ നിൽക്കുന്ന തലസ്ഥാന നഗരത്തിൽ ആദ്യമായാണ് വിദേശ രാജ്യത്തെ നേതാക്കൾ എത്തുന്നത്. അതിനിടെ, രാജ്യത്തിന്റെ വടക്കു പടിഞ്ഞാറൻ മേഖലയിലെ റിവ്നെയിൽ ടെലിവിഷൻ ടവറിനുനേരെ റഷ്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു. ഈ മേഖലയിലെ ഏറ്റവും കനത്ത ആൾനാശമാണിത്. കിയവിൽ ചൊവ്വാഴ്ച പുലർച്ചയുണ്ടായ റഷ്യൻ ആക്രമണത്തിൽ സിവിലിയന്മാർ വസിക്കുന്ന ബഹുനില കെട്ടിടം ബോംബാക്രമണത്തിൽ തകർന്നിരുന്നു.

നാലു പേർ മരിച്ചതായാണ് പ്രാഥമിക കണക്ക്. രൂക്ഷമായ ആക്രമണം വകവെക്കാതെ മൂന്നു രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുടെ കിയവ് സന്ദർശനം യുക്രെയ്ൻ പ്രധാനമന്ത്രി വൊളോദിമിർ സെലൻസ്കിക്ക് കൂടുതൽ കരുത്തുപകരും. കിയവിലേക്ക് ഓരോ ദിനവും റഷ്യൻ സേന കൂടുതൽ അടുത്തുവരുന്നതായാണ് സൂചന. നഗരം പിടിക്കുന്നതിന്റെ ഭാഗമായി ഇവിടെ ഷെല്ലാക്രമണം കൂട്ടിയിട്ടുണ്ട്. വടക്ക്, കിഴക്കൻ മേഖലകളിൽ വലിയ പട്ടണങ്ങൾ ഇനിയും പിടിക്കാനാവാത്ത റഷ്യ തെക്കൻ മേഖലകളിൽ കൂടുതൽ സൈനിക വിജയങ്ങൾ നേടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഏറ്റവുമൊടുവിൽ ഖേർസൺ പട്ടണം ചൊവ്വാഴ്ചയോടെ റഷ്യയുടെ നിയന്ത്രണത്തിലായി.

നേരത്തേ, ബെർഡിയൻസ്ക്, മെലിറ്റോപോൾ എന്നിവയും പിടിച്ചെടുത്തിരുന്നു. മെലിറ്റോപോൾ, നിപ്രോറുഡ്നെ പട്ടണങ്ങളിലെ മേയർമാരെ തട്ടിക്കൊണ്ടുപോയതായും മെലിറ്റോപോളിൽ റഷ്യൻ അനുകൂല മേയറെ പകരം നിയമിച്ചതായും റിപ്പോർട്ടുണ്ട്.

Tags:    
News Summary - 19 killed in Russian airstrikes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.