പടം: എ.പി

2024 ചൂട് 1.5 ഡിഗ്രി സെൽഷ്യസിനു മുകളിലെത്തിയ ആദ്യ വർഷമെന്ന് യൂറോപ്യൻ കാലാവസ്ഥാ ഏജൻസി

ലണ്ടൻ: 2024 ഭൂമി ഇതുവരെ നേരിട്ടതിൽവെച്ച് ഏറ്റവും ചൂടേറിയ വർഷമായിരിക്കാൻ സാധ്യതയേറെയെന്ന് യൂറോപ്യൻ യൂറോപ്യൻ കാലാവസ്ഥാ ഏജൻസി. വ്യവസായിക ലോകത്തിനുമുമ്പുള്ള ശരാശരിയെ അപേക്ഷിച്ച് ആദ്യമായി ഈ വർഷം ചൂട് 1.5 ഡിഗ്രി സെൽഷ്യസിലധികം (2.7 ഡിഗ്രി ഫാരൻഹീറ്റ്) എത്തിയെന്നും യൂറോപ്യൻ കാലാവസ്ഥാ ഏജൻസിയായ ‘കോപ്പർനിക്കസ്’ പുറത്തുവിട്ടു.

ആഗോള താപനത്തി​ന്‍റെ ഈ അശ്രാന്തമായ സ്വഭാവം ആശങ്കാജനകമെന്ന് കരുതുന്നു. ഇതിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ നിരന്തരമായ വർധനയില്ലാതെ ഭൂമി റെക്കോർഡ് താപനിലയുടെ നീണ്ട ശ്രേണി കാണില്ലെന്ന് ഡേറ്റ വ്യക്തക്കുന്നതായി കോപ്പർനിക്കസി​ന്‍റെ ഡയറക്‌ടർ കാർലോ ബ്യൂണ്ടെംപോ പറഞ്ഞു. ലോകമെമ്പാടുമുള്ള ഉപഗ്രഹങ്ങൾ, കപ്പലുകൾ, വിമാനങ്ങൾ, കാലാവസ്ഥാ കേന്ദ്രങ്ങൾ എന്നിവയിൽ നിന്നുള്ള കോടിക്കണക്കിന് അളവുകളിൽ നിന്നാണ് കോപ്പർനിക്കസിന് അതി​ന്‍റെ ഫലങ്ങൾ ലഭിക്കുന്നത്.

അസാധാരണമായ ചൂട് സംഭാവന ചെയ്യുന്ന ഘടകങ്ങളെയും ബ്യൂണ്ടെംപോ ഉദ്ധരിച്ചു. അവയിൽ ‘എൽ നിനോ’യും ഉൾപ്പെടുന്നു. ലോകമെമ്പാടുമുള്ള കാലാവസ്ഥയെ മാറ്റുന്ന പസഫിക്കി​ന്‍റെ ഭാഗങ്ങളുടെ ആപേക്ഷിക താപനം കൂടാതെ വായുവിലേക്ക് ജലബാഷ്പം തെറിപ്പിക്കുന്ന അഗ്നിപർവ്വത സ്ഫോടനങ്ങളും സൂര്യനിൽനിന്നുള്ള ഊർജത്തിലെ വ്യതിയാനങ്ങളും ഇതിൽ വരും. ‘എൽ നിനോ’ പോലെയുള്ള പ്രതിഭാസങ്ങൾകൊണ്ടല്ലാത്ത, താപനിലയിലെ ദീർഘകാല വർധനവ് ഒരു മോശം സൂചനയാണെന്ന് അദ്ദേഹവും മറ്റ് ശാസ്ത്രജ്ഞരും പറയുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ ‘തട്ടിപ്പ്’ എന്ന് വിളിച്ച റിപ്പബ്ലിക്കൻ ഡൊണാൾഡ് ട്രംപ് വീണ്ടും യു.എസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് റെക്കോർഡ് ചൂടി​ന്‍റെ വാർത്ത വരുന്നത്. ഫോസിൽ ഇന്ധനങ്ങൾക്ക് പരിധിവെക്കുന്നതിനു പകരം എണ്ണ ഖനനവും ഉൽപാദനവും വർധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത പ്രസിഡന്‍റാണ് ഡൊണാൾഡ് ട്രംപ്. COP29 എന്ന പേരിൽ അടുത്ത യു.എൻ കാലാവസ്ഥാ ഉച്ചകോടി അസർബൈജാനിൽ ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പു കൂടിയാണ് ട്രംപി​ന്‍റെ രണ്ടാംവരവ്.

കാറ്റ്, സൗരോർജ്ജം തുടങ്ങിയ ശുദ്ധമായ ഊർജങ്ങളിലേക്ക് ലോകത്തെ പരിവർത്തനം ചെയ്യാൻ സഹായിക്കുന്നതിന് ട്രില്യൺ കണക്കിന് ഡോളർ എങ്ങനെ സമാഹരിക്കാം എന്നതിനെക്കുറിച്ച് ‘കോപ്പി​’ലെ ചർച്ചകൾ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 1.5 ഡിഗ്രി സെൽഷ്യസ് താപന പരിധി കടക്കുന്നത് 2015 ലെ പാരീസ് ഉടമ്പടിയിൽ സ്വീകരിച്ച ലക്ഷ്യത്തിൽ നിന്ന് വ്യത്യസ്തമാണെന്ന് ബ്യൂണ്ടെംപോ ചൂണ്ടിക്കാട്ടി. ഉടമ്പടിയനുസരിച്ച് വ്യാവസായികത്തിനു മുമ്പുള്ള കാലഘട്ടം മുതൽ ചൂട് 1.5 ഡിഗ്രി സെൽഷ്യസിൽനിന്നും കുറക്കാൻ ശ്രമിക്കണമെന്നാണ്. എന്നാൽ, അത് ലക്ഷ്യം കണ്ടില്ലെന്നുകൂടിയാണ് നിലവിലെ റെക്കോഡ് ചൂട് കാണിക്കുന്നത്. തീവ്രമായ കാലാവസ്ഥ ഉൾപ്പെടെയുള്ള വ്യതിയാനം മനുഷ്യരാശിയിൽ ഉണ്ടാക്കുന്ന ഏറ്റവും മോശമായ പ്രത്യാഘാതങ്ങൾ തടയാൻ ലക്ഷ്യമിട്ടാണ് ഈ ഉടമ്പടി തയ്യാറാക്കിയത്.

നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന ഉഷ്ണതരംഗങ്ങളും കൊടുങ്കാറ്റും വരൾച്ചയും മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന് കോർണൽ യൂണിവേഴ്സിറ്റിയിലെ എർത്ത് ആൻഡ് അറ്റ്മോസ്ഫെറിക് സയൻസസ് ചെയർ നതാലി മഹോവാൾഡ് പറഞ്ഞു. കോപ്പർനിക്കസിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടിൽ താൻ ആശ്ചര്യപ്പെടുന്നില്ലെന്ന് ഇൻഡ്യാന സ്റ്റേറ്റ് ക്ലൈമറ്റോളജിസ്റ്റ് ബെത്ത് ഹാൾ പറഞ്ഞു. എന്നാൽ, കാലാവസ്ഥ മാറുന്നത് പ്രാദേശിക അനുഭവങ്ങൾക്കപ്പുറം ഒരു ആഗോള പ്രശ്നമാണെന്ന് ആളുകൾ ഓർമിക്കണമെന്ന് അവർ ഊന്നിപ്പറഞ്ഞു. സ്വന്തം ലോകത്തിൽ എല്ലാവരും നിശബ്ദരാകാനുള്ള പ്രവണത കാണിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ഈ വർഷത്തെ 1.5 ഡിഗ്രി സെൽഷ്യസ് മറികടക്കുക എന്നത് അതീവ പ്രധാനമാണ് എന്നും നവംബർ 11 മുതൽ 22 വരെ അസർബൈജാനിൽ നടക്കുന്ന വാർഷിക യു.എൻ കാലാവസ്ഥാ ഉച്ചകോടിയിൽ രാജ്യങ്ങൾ ആഭ്യന്തരമായി തീരുമാനങ്ങൾ എടുക്കുകയും ചർച്ചകളെ സമീപിക്കുകയും ചെയ്യുമെന്ന് കരുതുന്നുവെന്നും കാർലോ ബ്യൂണ്ടെംപോ പറഞ്ഞു. ‘തീരുമാനം വ്യക്തമായും നമ്മുടേതാണ്. നമ്മൾ ഓരോരുത്തരുടേതുമാണ്. അതി​ന്‍റെ അനന്തരഫലമായി നമ്മുടെ സമൂഹത്തി​ന്‍റെയും നമ്മുടെ നയരൂപകർത്താക്കളുടേതുമാണ്. ഈ തീരുമാനങ്ങൾ തെളിവുകളുടെയും വസ്‌തുതകളുടെയും അടിസ്ഥാനത്തിലാണെങ്കിൽ കൂടുതൽ മികച്ചതാകുമെന്ന് ഞാൻ വിശ്വസിക്കുന്നു - അദ്ദേഹം പറഞ്ഞു.

Tags:    
News Summary - 2024 'almost certain' to be warmest year and first above 1.5 degree Celsius: European climate agency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.