ഭീകരാക്രമണം നടന്ന മൊഗാദിശുവിലെ ഹയാത്ത് ഹോട്ടലിന് മുന്നിലെ കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്നവർ

30 മണിക്കൂർ നീണ്ട പോരാട്ടം; സൊമാലിയൻ ഹോട്ടലിൽനിന്ന് ബന്ദികളെ ഒഴിപ്പിച്ചു

മൊഗാദിശു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിശുവിലെ ഹോട്ടലിൽ 21 പേരുടെ മരണത്തിനിടയാക്കിയ ഭീകര സംഘത്തിന്‍റെ ബന്ദി നാടകം 30 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പൊലീസ് നിയന്ത്രണ വിധേയമാക്കി. ശനിയാഴ്ച അർധരാത്രിയോടെ ആക്രമണം അവസാനിപ്പിക്കാൻ കഴിഞ്ഞതായി പൊലീസ് കമീഷണർ അബ്ദി ഹസൻ ഹിജാർ മാധ്യമങ്ങളെ അറിയിച്ചു. ഇന്നലെ രാവിലെ 9.30 ന് ശേഷം ഹോട്ടലിൽ നിന്നു വെടിയൊച്ച കേട്ടിട്ടില്ലെന്ന് പ്രദേശവാസികളും പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അൽശബാബ് ഭീകരരുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

ഹോട്ടലിനുള്ളിൽ കുടുങ്ങിയ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരെ പൊലീസ് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകീട്ടോടെയാണ് മൊഗാദിശുവിലെ ഹയാത്ത് ഹോട്ടലിൽ ഭീകരാക്രമണം തുടങ്ങിയത്. ഹോട്ടലിന് പുറത്തു നടന്ന ഇരട്ടസ്ഫോടനത്തിന് പിറകെ തോക്കുധാരികൾ ഹോട്ടലിൽ കയറി വെടിയുതിർക്കുകയും ആളുകളെ ബന്ദികളാക്കുകയുമായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം അൽ ഖാഇദയുമായി ബന്ധമുള്ള അൽ ശബാബ് ഏറ്റെടുത്തിരുന്നു. എന്നാൽ അക്രമി സംഘത്തിൽ എത്രപേർ ഉണ്ടായിരുന്നു എന്നത് വ്യക്തമല്ല.

ഹോട്ടലിൽ നിന്ന് ഭീകരവാദികളെ ഒഴിപ്പിച്ചതിന്‍റെ മറ്റ് വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല. സൊമാലിയൻ പ്രസിഡന്റായി ഹസ്സൻ ഷെയ്ഖ് മഹമൂദ് അധികാരത്തിലെത്തിയശേഷം ആദ്യമായാണ് ഈ രീതിയിലെ ആക്രമണം നടക്കുന്നത്. ആക്രമണത്തെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. സമാധാനത്തിനായുള്ള സൊമാലി ജനതയുടെ സമരത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും യു.എൻ പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - 30 hours of fighting; Hostages evacuated from Somalian hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.