ജർമനിയിലെ കുഴിമാടത്തിൽ നിന്ന് 3000 വർഷം പഴക്കമുള്ള വാൾ കണ്ടെത്തി

ബർലിൻ: ജർമനിയിൽ 3000 വർഷം പഴക്കമുള്ള വാൾ കണ്ടെത്തി. യാതൊരു വിധത്തിലുള്ള കേടുപാടുകളും കണ്ടെത്തിയിട്ടില്ലാത്ത വാളിന് തിളക്കവും നഷ്ടമായിട്ടില്ല. ബി.സി 14ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ (വെങ്കല യുഗം)നിർമിച്ച വാളാണിതെന്നാണ് പുരാവസ്തു ഗവേഷകർ പറയുന്നത്. ഈ കാലഘട്ടത്തിൽ നിർമിച്ച വാളുകൾ അപൂർവമാണിന്ന്.

 ഒരു പുരുഷന്‍റെയും സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹം അടക്കം ചെയ്ത കുഴിയിൽ നിന്നാണ് വാള്‍ കണ്ടെത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞാഴ്ച തെക്കൻ ജർമനിയിലെ ബവേറിയ പ്രദേശത്തെ നോര്‍ഡ്‌ലിങ് പട്ടണത്തില്‍ നടത്തിയ ഖനനത്തിനിടെയാണ് വാള്‍ കണ്ടെടുത്തത്. വാള്‍ ഇപ്പോഴും ഉപയോഗപ്രദമാണെന്ന് പുരാവസ്തു ഗവേഷകര്‍ പറഞ്ഞു.

പൂര്‍ണമായും വെങ്കലത്തില്‍ നിര്‍മ്മിച്ച അഷ്ടഭുജാകൃതിയിലുള്ള വാളാണിത്. ഇത്തരത്തിലുള്ള വാളുകള്‍ വളരെ അപൂർവമാണ്. വാളിന്റെ പിടിയില്‍ കൊത്തുപണികളും ചെയ്തിട്ടുണ്ട്. പുരുഷന്റെ മൃതദേഹത്തോട് ചേര്‍ന്ന നിലയിലാണ് വാള്‍ കണ്ടെത്തിയത്. ഈ കുടുംബം സൈനിക കുടുംബമാണോ അതോ അന്നത്തെ അധികാരികളില്‍ ആരെങ്കിലുമാണോ എന്നു വ്യക്തമല്ല. വാള്‍ ബവേറിയയില്‍ തന്നെ നിർമിച്ചതാണോ അല്ലെങ്കില്‍ ഇറക്കുമതി ചെയ്തതാണോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പുരാവസ്തു ഗവേഷകര്‍ പറഞ്ഞു.

ഇത്തരത്തിലുള്ള വാളുകള്‍ ജര്‍മനിയിലെ മൂന്ന് പ്രധാന വിതരണ കേന്ദ്രങ്ങളില്‍ ഉണ്ടായിരുന്നു. ഒന്ന് തെക്കന്‍ ജര്‍മ്മനിയിലും മറ്റുള്ളവ ഡെന്‍മാര്‍ക്കിലും വടക്കന്‍ ജര്‍മ്മനിയിലുമായിരുന്നു. ഇപ്പോള്‍ കിട്ടിയ വാള്‍ എവിടെ നിന്നു നിർമിച്ചതാണെന്നത് കൂടുതല്‍ പരിശോധനയിലൂടെ വ്യക്തമാകൂ എന്ന് ഗവേഷകര്‍ അറിയിച്ചു.

Tags:    
News Summary - 3,000 year old bronze age sword unearthed in Germany

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.