വാഷിങ്ടൺ: ചൈനയുടെ ഉയ്ഗൂർ വംശഹത്യയെ പിന്തുണച്ച 45 രാജ്യങ്ങൾ സ്വേച്ഛാധിപത്യ ഭരണത്തിന് കീഴിലാണെന്ന് ഉയഗൂർ-അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തക റുഷൻ അബ്ബാസ്. ചൈനയുടെ ഈ സുഹൃത്ത് രാജ്യങ്ങൾ, തങ്ങളുടേത് സ്വേച്ഛാധിപത്യ ഭരണമാണെന്ന് തെളിയിച്ചെന്നും വിഡിയോ സന്ദേശത്തിൽ റുഷൻ ചൂണ്ടിക്കാട്ടി.
ആധുനിക യുഗത്തിലെ കോളനിവാഴ്ചയെ കുറിച്ചും തിരികെ വരുന്ന അടിമത്തത്തെ കുറിച്ചും വീണ്ടും ചിന്തിക്കണമെന്ന് ചൈനയെ പിന്തുണച്ച ആഫ്രിക്കൻ രാജ്യങ്ങളുടെ നേതാക്കളോട് റുഷാൻ ആവശ്യപ്പെട്ടു.
ഉയ്ഗൂർ ന്യൂനപക്ഷങ്ങൾ, ടിബറ്റ് പൗരന്മാൻ, മംഗോളിയന്മാർ, ഹോങ്കോങ് പൗരന്മാർ അടക്കമുള്ള വിഷയങ്ങളിൽ ചൈന അസത്യം പറയുകയാണ്. ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിലൂടെ നിക്ഷേപിക്കുന്നതും പിന്തുടരുന്നതും ആഗോള ആധിപത്യം നേടാനുള്ള ചൈനയുടെ തന്ത്രങ്ങളാണെന്നും അവർ ചൂണ്ടിക്കാട്ടി.
മുസ്‌ലിംകൾക്കെതിരായ ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളെ പിന്തുണച്ച ഇസ് ലാമിക രാഷ്ട്രങ്ങളുടെ നിലപാടിനെ റുഷാൻ അപലപിച്ചു. ചൈന ഇസ് ലാമിനെതിരെ യുദ്ധം ചെയ്യുകയാണ്. ഞങ്ങളുടെ മുന്നറിയിപ്പുകൾ ഓർമ്മിക്കുക. ചൈന നിങ്ങളുടെ ഓരോ രാജ്യത്തെയും കോളനിവത്കരിക്കാൻ പോകുകയാണ്. പടിഞ്ഞാറിനെ കോളനിവത്കരിക്കാൻ ചൈന ശ്രമിക്കുന്നു -റുഷൻ അബ്ബാസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.