തെരഞ്ഞെടുപ്പ് അട്ടിമറി; ഡോണൾഡ് ട്രംപിനെതിരെ നാലാമത്തെ കേസ്

ജോർജിയ: 2020ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരെ കുറ്റം ചുമത്തി. ട്രംപിനെതിരെ ചുമത്തപ്പെടുന്ന നാലാമത്തെ കേസാണിത്.

വോട്ടെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപിക്കുന്ന രണ്ടാമത്തെ കേസും. ട്രംപും മറ്റ് 18 പേരും ജോര്‍ജിയയിലെ തെരഞ്ഞെടുപ്പില്‍ ഇടപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തിയെന്നാണ് കുറ്റം. രണ്ട് വര്‍ഷത്തെ അന്വേഷണത്തെ തുടര്‍ന്നാണ് ട്രംപിനെതിരെ ഫുള്‍ട്ടണ്‍ കൗണ്ടി ഗ്രാന്‍ഡ് ജൂറി കുറ്റപത്രം സമര്‍പ്പിച്ചത്. തോല്‍വി മറികടക്കാന്‍ ട്രംപ് നിയമവിരുദ്ധമായി ഇടപെട്ടെന്ന്  94 പേജുള്ള കുറ്റപ്പത്രത്തിൽ പറയുന്നു.

മുന്‍ വൈറ്റ് ഹൗസ് സ്റ്റാഫ് ചീഫ് മാര്‍ക്ക് മെഡോവ്‌സ്, ട്രംപിന്‍റെ പേഴ്സണല്‍ അറ്റോര്‍ണി റുഡി ഗിയൂലിയാനി, ട്രംപ് ഭരണകൂടത്തിന്‍റ നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥന്‍ ജെഫ്രി ക്ലാര്‍ക്ക് തുടങ്ങിയവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്. വ്യാജരേഖ ചമക്കലടക്കം 11 കുറ്റങ്ങളാണ് ട്രംപിനും കൂട്ടാളികള്‍ക്കുമെതിരെ ചുമത്തിയത്.

2020ലെ തെരഞ്ഞെടുപ്പില്‍ തനിക്ക് പ്രസിഡന്‍റ്   സ്ഥാനം ഉറപ്പാക്കാന്‍ വോട്ടുകള്‍ കണ്ടെത്തണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ ജോര്‍ജിയ സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫ്ഫെന്‍സ്പെര്‍ഗറിലോട് ട്രംപ് ഫോണ്‍ കോളിലൂടെ ആവശ്യപ്പെട്ടുവെന്നതാണ് കേസ്. അഞ്ചു മാസത്തിനിടെ ഇത് നാലാമത്തെ കേസാണ് വ്യത്യസ്ത നഗരങ്ങളിലായി രജിസ്റ്റർ ചെയ്യുന്നത്.

Tags:    
News Summary - 4th criminal brought against donald trump indicted in georgia over 2020 election meddling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.