ഹവാന: ലാറ്റിനമേരിക്കൻ രാജ്യമായ ക്യൂബയെ വിറപ്പിച്ച് വൻ ഭൂചലനം. യു.എസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് പ്രകാരം 6.8 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായത്. രാജ്യത്തിന്റെ തെക്ക്-കിഴക്കൻ തീരത്തിന് സമീപത്തുള്ള ഗ്രാൻമ പ്രവശ്യയിലെ ബാർട്ടോലോമെ മാസോയിലാണ് ഭൂചലനമുണ്ടായത്. മുൻ ക്യൂബൻ നേതാവ് ഫിദൽ കാസ്ട്രോ വിപ്ലവകാലത്ത് ഇവിടം കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചത്. ഭൂചലനത്തെ തുടർന്ന് സാന്റിയാഗോ ഡി ക്യൂബയിൽ കെട്ടിടങ്ങൾക്ക് ഉൾപ്പടെ നാശനഷ്ടമുണ്ടായി.
ഭൂചലനത്തെ തുടർന്ന് മണ്ണിടിച്ചിലും വീടുകൾക്കും വൈദ്യുതി ലൈനുകൾക്ക് നാശനഷ്ടമുണ്ടായതായി ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡയസ് കാനൽ പറഞ്ഞു. എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് കണക്കാക്കുന്നതെ ഉള്ളു. ജീവനുകൾ രക്ഷിക്കുന്നതിനാണ് ഇപ്പോൾ വലിയ പ്രാധാന്യം നൽകുന്നതെന്നും ക്യൂബൻ പ്രസിഡന്റ് പറഞ്ഞു.
തങ്ങളുടെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ ഭൂചലനമാണ് ഇതെന്ന് പ്രദേശവാസികൾ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി. വീടുകളിലും കെട്ടിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായി. വീടുകളിലെ ഗ്ലാസുകളും പാത്രങ്ങളുമെല്ലാം ഭൂചലനത്തിൽ തകർന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഭൂചലനമുണ്ടായ സ്ഥലത്തെ കെട്ടിടങ്ങളും വീടുകളുമെല്ലാം വളരെ പഴക്കം ചെന്നതാണ്. അതുകൊണ്ട് കനത്ത നാശനഷ്ടം ഇവിടെ ഉണ്ടായിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. വീടുകളുടെ റൂഫുകളും സീലിങ്ങുകളും മതിലുകളും വിൻഡോകളും തകർന്നതിന്റെ ചില ചിത്രങ്ങൾ ക്യൂബയിലെ ഔദ്യോഗിക മാധ്യമം പുറത്ത് വിട്ടിട്ടുണ്ട്. അതേസമയം, ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.
കൊടുങ്കാറ്റിൽ നിന്നും ക്യൂബ മുക്തമാവുന്നതിന് മുമ്പാണ് ഭൂചലനവും ഉണ്ടായിരിക്കുന്നത്. ഒക്ടോബറിൽ ക്യൂബയിൽ വീശയടിച്ച ഓസ്കാർ വലിയ നാശനഷ്ടത്തിന് കാരണമായിരുന്നു. കഴിഞ്ഞയാഴ്ച ക്യൂബയിലുണ്ടായ റാഫേൽ കൊടുങ്കാറ്റിൽ വൈദ്യുതി ഗ്രിഡ് തകർന്നതിനെ തുടർന്ന് 10 ലക്ഷം ആളുകൾ ഇരുട്ടിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.