മെക്സിക്കോ സിറ്റി: 7.3 കോടി വർഷം മുമ്പ് ജീവിച്ചെന്ന് കരുതുന്ന ദിനോസർ വർഗത്തിന്‍റെ ഫോസിലുകൾ മെക്സിക്കോയിൽ കണ്ടെത്തി. വടക്കൻ മെക്സിക്കോയിലാണ് പുതിയ കണ്ടെത്തലെന്ന് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രപ്പോളജി ആൻഡ് ഹിസ്റ്ററി അധികൃതർ വ്യാഴാഴ്ച വ്യക്തമാക്കി.
'ഏകദേശം 7.2-7.3 കോടി വർഷങ്ങൾക്ക് മുമ്പാണ് വലിയ സസ്യാഹാരിയായ ദിനോസർ ചത്തത്. അവശിഷ്ടങ്ങൾ നിറഞ്ഞ ഒരു ജലാശയത്തിൽ മൂടിക്കിടന്നതിനാൽ കാലങ്ങളോളം സംരക്ഷിക്കപ്പെടുകയും ചെയ്തു'-ഐ.എൻ.എ.എച്ച് പ്രസ്താവിച്ചു.
'ലാടോലോഫസ് ഗലോറം' എന്ന് പേരിട്ട ദിനോസറിന്‍റെ ഫോസിലാണ് കണ്ടെത്തിയത്. ജനറിൽ സിപെട പ്രദേശത്ത് 2013ൽ ഇതിന്‍റെ വാൽ ഭാഗം കണ്ടെത്തിയിരുന്നു. തുടർ ഗവേഷണങ്ങളിൽ തലയോട്ടിയുടെ 80 ശതമാനവും, തൊണ്ടയിലെയും തോൾ ഭാഗത്തെയും 1.32 മീറ്റർ എല്ലുകളും ഗവേഷകർ കണ്ടെത്തി. ഇതോടെയാണ് പുതിയ ഇനം ദിനോസർ വർഗത്തെ ഗവേഷകർ തിരിച്ചറിഞ്ഞത്.
'ചെറിയ ആവൃത്തി ശബ്ദങ്ങൾ കേൾക്കാൻ കഴിവുണ്ടായിരുന്ന ദിനോസറുകളായിരുന്നു അവ. അവർ സമാധാനചിത്തരായിരുന്നുവെങ്കിലും സംസാരപ്രിയരായിരുന്നു'-ഗവേഷകർ പറയുന്നു. ഇരപിടിയൻമാരെ വിരട്ടിയോടിക്കാനും പ്രത്യുൽപാദനവേളയിലും ഇവ ശബ്ദം പുറപ്പെടുവിക്കുമായിരുന്നുവെന്ന് ഗവേഷകർ കരുതുന്നു.
കണ്ടെത്തൽ ഇപ്പോഴും പഠന വിധേയമാക്കി കൊണ്ടിരിക്കുകയാണ്. എന്നാൽ പുതിയ ദിനോസർ വർഗത്തെ കുറിച്ചുള്ള വിവരങ്ങൾ ക്രറ്റേഷ്യസ് റിസർച്ച് എന്ന ശാസ്ത്ര ജേണലിൽ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ഐ.എൻ.എ.എച്ച് പറഞ്ഞു.
പ്രാദേശിക ഭാഷയിൽ നിന്നുള്ള 'ലാടോലി' ഗ്രീക്ക് വാക്കായ 'ലോഫസ്' എന്നീ പദങ്ങളിൽ നിന്നുമാണ് 'ലാടോലോഫസ്' എന്ന് പേര് നൽകിയത്. ലാടോലി എന്നതിന് വാക്ക് അല്ലെങ്കിൽ പ്രസ്താവന എന്നാണ് അർഥം. ലോഫസ് എന്നതിന് തലപ്പൂവ് എന്നാണ് അർഥം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.