ന്യൂയോർക്: ട്വിറ്റർ ഉപയോക്താക്കളുടെ പേരിനൊപ്പമുള്ള നീല ടിക്കിന് പ്രതിമാസം എട്ട് ഡോളർ വരിസംഖ്യ ഈടാക്കാനുള്ള പദ്ധതി സി.ഇ.ഒ ഇലോൺ മസ്ക് ഔദ്യോഗികമായി അവതരിപ്പിച്ചു.
യു.എസ്, യുകെ, കാനഡ, ആസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലെ ഐഫോൺ ഉപയോക്താക്കൾക്ക് ഇപ്പോൾ നീല ടിക് വാങ്ങാം. ഇന്ത്യയിൽ ഒരു മാസത്തിനകം അവതരിപ്പിക്കുമെന്നും മസ്ക് വ്യക്തമാക്കി.
നിലവിലുള്ള നാലര ലക്ഷത്തോളം വെരിഫൈഡ് അക്കൗണ്ടുകളിലെ നീല ടിക്കിന് മാറ്റമുണ്ടാകില്ലെന്നാണ് സൂചന.
ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‍ല സ്ഥാപകനുമായ ഇലോൺ മസ്‌ക് ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെയാണ് നടപടി. തുക ഈടാക്കുന്ന കാര്യം കഴിഞ്ഞ ദിവസം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ''പരാതിയുള്ളവർക്ക് അതുമായി മുന്നോട്ടുപോകാം. നീല ടിക് ലഭിക്കണമെങ്കിൽ മാസം എട്ട് അമേരിക്കൻ ഡോളർ വീതം നൽകേണ്ടി വരും. പണം നൽകി ആധികാരിതക ഉറപ്പാക്കൂ''- എന്നായിരുന്നു ട്വീറ്റ്.
പ്രമുഖ വ്യക്തികളുടെ അക്കൗണ്ടുകൾ തിരിച്ചറിയാനാണ് ബ്ലൂ ടിക് ഉപയോഗിക്കുന്നത്. 90 ദിവസം സമയം നൽകിയിട്ടും പണം അടച്ചില്ലെങ്കിൽ അവരുടെ അക്കൗണ്ടുകളിൽനിന്ന് ബ്ലൂ ടിക് ബാഡ്ജുകൾ നഷ്ടമാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ഔദ്യോഗിക തീരുമാനം വന്നിരുന്നില്ല. ഏറെ നാടകീയ നീക്കങ്ങൾക്കൊടുവിൽ 3.62 ലക്ഷം കോടി രൂപയ്ക്കാണ് (4400 കോടി ഡോളർ) മസ്ക് ട്വിറ്റർ വാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.