ശനി ഗ്രഹത്തെക്കാണാൻ ടെലസ്കോപ്പുമായി വയോധികൻ നടുറോഡിലിറങ്ങി. ആളുകൾ ക്യൂനിന്ന് ടെലസ്കോപ്പ് നോക്കാൻ തുടങ്ങിയതോടെ ഗതാഗതസ്തംഭനംവരെ ഉണ്ടായി. ന്യൂയോർക്, ബ്രൂക്ലിൻ നഗരത്തിലാണ് സംഭവം. 82 കാരനായ ജോ ഡെൽഫോസ് ആണ് പരിസരം മറന്ന് വാനനിരീക്ഷണം നടത്തിയത്. സ്വയം കാണുക മാത്രമല്ല മറ്റുള്ളവരെ വിളിച്ച് ആ മനോഹര കാഴ്ച്ച കാണിച്ചുകൊടുക്കുകയും ചെയ്തു.
ഇൻസ്റ്റാഗ്രാം അക്കൗണ്ടായ ഗുഡ് ന്യൂസ് മൂവ്‌മെന്റിലാണ് വിഡിയോ പങ്കുവയ്ക്കപ്പെട്ടത്. ‘കഴിഞ്ഞ രാത്രി ബ്രൂക്ലിനിൽ ഒരു മനുഷ്യൻ തന്റെ ദൂരദർശിനിയിലൂടെ ശനിയെ എല്ലാവരേയും കാണിക്കാൻ ട്രാഫിക് സ്തംഭനംവരെയുണ്ടാക്കി’ എന്ന കാപ്ഷനിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആളുകൾ ക്യൂവിൽ നിൽക്കുന്നതും ടെലിസ്കോപ്പിലൂടെ ഓരോരുത്തരായി നോക്കുന്നതും വിഡിയോയിൽ കാണാം. കാറുകൾ സാവധാനം നീങ്ങുമ്പോൾ ഡെൽഫോസ് കൗതുകത്തോടെ നോക്കി നിൽക്കുന്നുണ്ട്.
ഗാർഡിയൻ റിപ്പോർട്ട് അനുസരിച്ച്, ഡെൽഫോസ് നടപ്പാതയിൽനിന്നാണ് തന്റെ വാനനിരീക്ഷണം ആരംഭിച്ചത്. എന്നാൽ അവിടെനിന്ന് ഒന്നും കാണാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. തുടർന്നാണ് നടുറോഡിൽ നിന്നാൽ ശനിയുടെ പൂർണ്ണമായ കാഴ്ച ലഭിക്കും എന്ന് ആരോ പറഞ്ഞത്. കേട്ടപാതി അദ്ദേഹം ടെലസ്കോപ്പ് എടുത്ത് റോഡിൽവച്ചു.
ഡെൽഫോസ് വാനിരീക്ഷകനാണെന്നും 20 വർഷത്തിലേറെയായി പാർക്ക് സ്ലോപ്പ് പരിസരത്ത് സ്ഥിരമായി കാണെപ്പടുന്ന ആളാണെന്നും റിപ്പോർട്ട് പറയുന്നു. തെളിച്ചമുള്ള രാത്രികളിൽ അദ്ദേഹം പതിവായി തന്റെ ദൂരദർശിനി പുറത്തെടുക്കുകയും വഴിയാത്രക്കാരെ അതിലൂടെ നോക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഡാഫ്‌നെ ജൂലിയറ്റ് എല്ലിസ് എന്ന 26 കാരിയാണ് വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.