'റഷ്യക്കെതിരെ യുദ്ധത്തിന് ഞാനുമുണ്ട്'; യുക്രെയ്നിലെ 98കാരി; കൈയടിച്ച് സമൂഹമാധ്യമങ്ങൾ

കിയവ്: യുക്രെയ്ൻ യുദ്ധം ആഴ്ചകൾ പിന്നിടുമ്പോഴും റഷ്യക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല. യുക്രെയ്ൻ നഗരങ്ങളിൽ കനത്ത നാശമാണ് റഷ്യ വിതക്കുന്നത്. പുറത്തുവരുന്ന ദൃശ്യങ്ങളെല്ലാം ഏറെ വേദനയുണ്ടാക്കുന്നതാണ്.

എന്നാൽ, യുക്രെയ്ൻ ജനതയുടെ ചെറുത്തിനിൽപ്പാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ സ്വയം സന്നദ്ധരായി നിരവധി സാധാരണക്കാരും പോരാട്ടത്തിൽ അണിനിരക്കുന്നുണ്ട്. റഷ്യക്കെതിരെ യുദ്ധം ചെയ്യാൻ താൽപര്യമുള്ള സ്വദേശികൾക്കും വിദേശികൾക്കും അവസരമൊരുക്കാമെന്നും യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി വ്യക്തമാക്കിയിരുന്നു. യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം ട്വിറ്ററിൽ പങ്കിട്ട കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

റഷ്യക്കെതിരെ യുദ്ധം ചെയ്യാൻ സന്നദ്ധത അറിയിച്ച 98 വയസ്സുള്ള ഒൽഹ ത്വെർഡോഖ്‌ലിബോവ എന്ന സ്ത്രീയെക്കുറിച്ചുള്ളതാണ് കുറിപ്പ്. രണ്ടാം ലോക മഹായുദ്ധത്തിൽ സജീവമായി പങ്കെടുത്ത ഒൽഹ ഒരു യുദ്ധ വിദഗ്ധ കൂടിയാണ്. റഷ്യൻ അധിനിവേശത്തിൽനിന്ന് തന്റെ മാതൃരാജ്യത്തെ സംരക്ഷിക്കാൻ യുക്രെയ്ൻ സൈന്യത്തിൽ ചേർന്നു പോരാടാനുള്ള സന്നദ്ധത ഒൽഹ മുത്തശ്ശി അറിയിക്കുകയായിരുന്നു. എന്നാൽ, അവരുടെ പ്രായം കണക്കിലെടുത്ത് ഭരണകൂടം അനുമതി നിഷേധിച്ചു.

''98 വയസ്സ്. രണ്ടാം ലോകമഹായുദ്ധത്തിലെ വെറ്ററൻ ഒൽഹ ത്വെർഡോഖ്‌ലിബോവ ജീവിതത്തിൽ രണ്ടാം തവണയും യുദ്ധത്തെ അഭിമുഖീകരിക്കുന്നു. തന്‍റെ മാതൃരാജ്യത്തെ വീണ്ടും സംരക്ഷിക്കാൻ അവർ തയാറായിരുന്നു, എന്നാൽ എല്ലാ യോഗ്യതകളും അനുഭവങ്ങളും ഉണ്ടായിരുന്നിട്ടും, പ്രായം കാരണം നിഷേധിക്കപ്പെട്ടു. അവർ ഉടൻ തന്നെ കിയവിൽ മറ്റൊരു വിജയം ആഘോഷിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്!'' -യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം ട്വീറ്റിൽ പറയുന്നു.


Tags:    
News Summary - 98-yr-old Ukrainian woman offers to join the army to fight against Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.