ന്യൂജേഴ്‌സി: വ്യാജ രേഖകൾ ചമച്ച് സ്കൂളിൽ അഡ്മിഷൻ നേടിയ യുവതി അറസ്റ്റിൽ. ഹൈജിയോങ് ഷിൻ എന്ന യുവതി കഴിഞ്ഞ ആഴ്ചയാണ് വ്യാജ രേഖകൾ ഉണ്ടാക്കി സ്കൂളിലെ വിദ്യാർഥി പട്ടികയിൽ കയറിപറ്റിയത്. ന്യൂ ബ്രൺസ്‌വിക്ക് ഹൈ സ്കൂളിലാണ് സംഭവം. കുട്ടിയാണെന്ന വ്യാജേന നാല് ദിവസം ഇവർ ക്ലാസ്സിൽ ഇരിക്കുകയും ചെയ്തു. എന്നാൽ പിന്നീട് സ്കൂൾ അധികൃതർ യുവതിയെ തിരിച്ചറിയുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരുന്നതായി സ്കൂൾ അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച നടന്ന സ്കൂൾ യോഗത്തിലൂടെയാണ് പ്രശ്നം പുറത്തറിയുന്നത്.
"കഴിഞ്ഞ ആഴ്ച ഒരു മുതിർന്ന യുവതി വ്യാജ രേഖകൾ കാണിച്ച് സ്കൂൾ വിദ്യാർഥി ചമഞ്ഞ് വരികയും ക്ലാസ്സുകളിൽ പങ്കെടുക്കുകയും സ്കൂളിലെ കൗൺസിലറോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തിരുന്നു. ഹൈജിയോങ് ഷിൻ എന്ന യുവതിയുടെ പ്രായം വെളിപ്പെട്ടതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു "-സ്കൂൾ സൂപ്രണ്ടായ ഒബ്രെയ് ജോൺസൻ പറഞ്ഞു.
സ്കൂൾ വിദ്യാർഥിയാണെന്ന് തെളിയിക്കാൻ പ്രായംകുറച്ച് ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിനാണ് ഇവരെ ന്യൂ ബ്രൺസ്‌വിക് പൊലീസ് അറസ്റ്റ് ചെയ്തത്. ക്ലാസ് കട്ട് ചെയ്ത് പുറത്തു പോകാം എന്ന തരത്തിൽ ക്ലാസ്സിലെ പല കുട്ടികൾക്കും ഇവർ ടെക്സ്റ്റ് മെസ്സേജ് അയച്ചിരുന്നതായി വിദ്യാർത്ഥികൾ പറഞ്ഞു. കൂടാതെ കുട്ടികളോട് ഇവർ വിചിത്രമായി പെരുമാറുകയും ചെയ്തു. ഇതൊക്കെ കൂടുതൽ സംശയത്തിലേക്ക് നയിച്ചു.
ന്യൂ ജേഴ്സിയിലെ നിയമം അനുസരിച്ച് മതിയായ രേഖകൾ ഹാജരാക്കുകയാണെങ്കിൽ മാതാപിതാക്കൾ ഇല്ലാതെ തന്നെ കുട്ടികൾക്ക് അഡ്മിഷൻ നല്കാൻ കഴിയും. സമാന രീതിയിൽ ഇതിനു മുമ്പും സംഭവങ്ങൾ നടന്നിട്ടുള്ളതായി പൊലീസ് പറഞ്ഞു. പതിനേഴ് വയസ്സാണെന്ന വ്യാജേനെ 30 കാരനായ ബ്രയാൻ മക്കിന്നൻ എന്നയാൾ സ്കൂളിൽ അഡ്മിഷൻ നേടിയിരുന്നു. ഒരു വർഷത്തോളം സ്കൂളിൽ പഠിച്ച ബ്രയാൻ മക്കിന്നന്റെ ഐഡന്റിറ്റി മാധ്യമങ്ങൾ വെളിപ്പെടുത്തുന്നതോടെയാണ് പുറംലോകം അറിയുന്നത്. ഇത് ലോക ശ്രദ്ധ നേടുകയും സംഭവത്തെ കുറിച്ച് ഡോക്യൂമെന്ററി ഇറക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.