കാബൂൾ: സെപ്റ്റംബറോടെ അഫ്ഗാനിസ്താനിൽനിന്ന് സൈന്യം പിൻവലിക്കുമെന്ന നാറ്റോ തീരുമാനം കർശനമായി പാലിക്കണമെന്ന് താലിബാൻ. പിൻവാങ്ങാതെ രാജ്യത്ത് തങ്ങിയാൽ തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്്. സെപ്റ്റംബറിൽ നാറ്റോ മടങ്ങിയാലും കാബൂൾ അന്താരാഷ്ട്ര വിമാനത്താവളവും നയതന്ത്ര കാര്യാലയങ്ങളും സംരക്ഷിക്കാൻ 1,000 സൈനികരെ നിലനിർത്തുമെന്ന് യു.എസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് മറുപടിയിലാണ് താലിബാൻ ഭീഷണി.
രാജ്യത്തെ സൈനിക സാന്നിധ്യം അവസാനിപ്പിച്ച് യു.എസ് മടങ്ങാനിരിക്കെ താലിബാൻ ആധിപത്യം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ്. യു.എസ് സൈന്യത്തിെൻറ നിയന്ത്രണം നയതന്ത്ര കാര്യാലയങ്ങളിൽ മാത്രം ഒതുങ്ങുമെങ്കിൽ കാബൂൾ പട്ടണം അതിവേഗം താലിബാൻ പിടിയിലാകുമെന്ന സൂചനയുമുണ്ട്. വിദേശ നയതന്ത്ര പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, ജീവനക്കാർ എന്നിവർക്ക് സുരക്ഷ നൽകുമെങ്കിലും സൈനികരെ കാക്കുന്ന ഉത്തരവാദിത്വം ഏൽക്കില്ലെന്ന് താലിബാൻ വക്താവ് സുഹൈൽ ഷാഹീൻ പറഞ്ഞു.
ബഗ്രാം താവളത്തിൽനിന്ന് കഴിഞ്ഞയാഴ്ചയാണ് യു.എസ് സേന പൂർണമായി പിൻവാങ്ങിയത്. യു.എസിലെ ലോക വ്യാപാര കേന്ദ്രത്തിലും പെൻറഗണിലും നടന്ന ആക്രമണത്തിന് 20 വർഷം തികയുന്ന സെപ്റ്റംബർ 11 ഓടെ സൈനികരെ പൂർണമായി അഫ്ഗാനിൽനിന്ന് പിൻവലിക്കുമെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു.
രാജ്യത്ത് അടുത്തിടെയായി താലിബാൻ വൻമുന്നേറ്റമാണ് നടത്തുന്നത്. ദക്ഷിണ കാണ്ഡഹാറിെൻറ ഒരു ഭാഗം ഞായറാഴ്ച പിടിച്ചെടുത്തു. 2001ൽ അഫ്ഗാനിസ്താനിലെത്തിയ യു.എസ് ആ വർഷം ഒക്ടോബറിൽ താലിബാനെ അധികാരത്തിൽനിന്ന് പുറത്താക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.