യു.എൻ മുൻ സെക്രട്ടറി ജനറൽ ബുത്വുറുസ് ഗാലി അന്തരിച്ചു

കൈറോ: ഐക്യരാഷ്ട്രസഭ മുന്‍ സെക്രട്ടറി ജനറല്‍ ബുത്വുറുസ് ഗാലി (93) അന്തരിച്ചു. കൈറോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 1992 ജനുവരി മുതല്‍ 96 ഡിസംബര്‍ വരെയാണ് ഈജിപ്തുകാരനായ ഗാലി സെക്രട്ടറി ജനറല്‍ പദവി വഹിച്ചത്.

ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിലെ വലിയ വെല്ലുവിളി നേരിട്ട സന്ദര്‍ഭത്തിലാണ് ഗാലി ചുമതലയേറ്റത്. മികച്ച നയതന്ത്രജ്ഞനായിരുന്ന ഗാലിയെ സെക്രട്ടറി ജനറലാക്കാന്‍ തുടക്കത്തില്‍ യു.എസിന് താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍, മറ്റു രാജ്യങ്ങളുടെ വ്യാപക പിന്തുണ ലഭിച്ചതോടെ അമേരിക്ക വഴങ്ങി. എന്നാല്‍, കാലാവധി അവസാനിച്ചശേഷം ഗാലിക്ക് വീണ്ടും അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ആഫ്രിക്കന്‍ രാജ്യങ്ങള്‍ മുന്‍കൈയെടുത്ത് രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയം അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു.

ഗാലിയുടെ സമയത്താണ് ഗള്‍ഫ് യുദ്ധത്തിലും സോമാലിയയിലെ ആഭ്യന്തര കലാപത്തിലും ബോസ്നിയയിലും യു.എന്‍ ഇടപെട്ടത്. ഇവിടങ്ങളിലെല്ലാം അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് വിധേയനാകേണ്ടിവന്നു ഗാലിക്ക്. ഇക്കാലത്ത് യു.എന്നിന്‍െറ പല നടപടികളും കടുത്ത വിമര്‍ശത്തിനിടയാക്കി. 1994ലെ റുവാണ്ടന്‍ വംശഹത്യ പരിഹരിക്കാന്‍ ഗാലിയുടെ നേതൃത്വത്തില്‍ നടന്ന യു.എന്‍ ഇടപെടലും വന്‍ പരാജയമായിരുന്നു. യു.എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനമൊഴിഞ്ഞശേഷം അദ്ദേഹം ഫ്രഞ്ച് സംസാരിക്കുന്ന രാജ്യങ്ങളുടെ സംഘടനയുടെ സെക്രട്ടറി ജനറലായി. 2006വരെ വിവിധ അന്താരാഷ്ട്ര പദവികള്‍ വഹിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.