ലാഗോസ് നഗരം

രണ്ടരക്കോടി ജനങ്ങളുള്ള നഗരം ഈ നൂറ്റാണ്ടോടെ ഇല്ലാതാകും; കാലാവസ്ഥാമാറ്റത്തിന്‍റെ ഗുരുതര പ്രത്യാഘാതം

കാലാവസ്ഥയിലുണ്ടാകുന്ന പ്രതികൂല മാറ്റങ്ങൾ മനുഷ്യ ജീവിതത്തെ വരുംകാലത്ത് വളരെയേറെ ബാധിക്കുമെന്നാണ് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നത്. അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വർധനവും മഞ്ഞുപാളികൾ ഉരുകി സമുദ്രനിരപ്പ് ഉയരുന്നതുമെല്ലാം ഭാവിയിൽ മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറും. നൂറ്റാണ്ടുകളായി ജനങ്ങൾ തിങ്ങിനിറഞ്ഞ് ജീവിക്കുന്ന നഗരങ്ങൾ പോലും എങ്ങിനെ അധിവസിക്കാൻ സാധ്യമല്ലാത്ത ഒരിടമായി മാറിത്തീരുമെന്നതിന് അഫ്രിക്കയിൽ നിന്ന് ഒരുദാഹരണമുണ്ട്. നൈജീരിയയിലെ ഏറ്റവും വലിയ നഗരമായ ലാഗോസ്.

ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ, ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ലാഗോസ് നഗരം ഭൂപടത്തിൽ നിന്ന് മാഞ്ഞുപോയേക്കാമെന്നാണ് മുന്നറിയിപ്പ്. തീരനഗരമായ ലാഗോസ് വർഷാവർഷം വന്നെത്തുന്ന വെള്ളപ്പൊക്കത്തിന്‍റെ കെടുതികളിലാണ്. മാർച്ച് മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ ലാഗോസ് നഗരത്തെ കടൽ കീഴടക്കും. വെള്ളമിറങ്ങിയ ശേഷം വേണം നഗരവാസികൾക്ക് സാധാരണ ജീവിതത്തിലേക്ക് തിരികെ വരാൻ.


2.4 കോടിയാണ് ലാഗോസിലെ ജനസംഖ്യ. അറ്റ്ലാന്‍റിക് തീരപ്രദേശത്തോടു ചേർന്ന് താഴ്ന്ന വിതാനത്തിൽ സ്ഥിതിചെയ്യുന്ന നഗരത്തിൽ വർഷാവർഷം വെള്ളപ്പൊക്കമുണ്ടാക്കുന്ന നഷ്ടം 400 കോടി ഡോളറിന്‍റേതാണ്. വെള്ളപ്പൊക്കത്താൽ ബുദ്ധിമുട്ടുന്ന ഇവിടെ സെപ്റ്റംബറോടെ കനത്ത വെള്ളപ്പൊക്കമാണ് പ്രവചിക്കുന്നത്.

ലാഗോസിന്‍റെ തീരത്തെ ഒന്നൊന്നായി കടൽ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. 2100ഓടെ നഗരം സമുദ്രനിരപ്പിന് താഴേയാവുമെന്നാണ് പ്രവചനം. ആഗോളതലത്തിൽ സമുദ്രനിരപ്പിൽ ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ രണ്ട് മീറ്ററോളം വർധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

ലാഗോസ് ഉൾപ്പെടെ നൈജീരിയൻ തീരങ്ങളിൽ വെള്ളപ്പൊക്കം വൻ പ്രതിസന്ധിയാണ് തീർക്കുന്നത്. 2020ൽ വെള്ളപ്പൊക്കം 20 ലക്ഷത്തിലധികം പേരെ നേരിട്ട് ബാധിച്ചു. കുറഞ്ഞത് 69 പേർ മരിക്കുകയും ചെയ്തു. 2019ൽ രണ്ട് ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. 158 പേരാണ് മരിച്ചത്.



 

ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്‍റെ ആഗോള ലൈവബിലിറ്റി സൂചികയിൽ ലോകത്തെ ജീവിക്കാൻ കൊള്ളാത്ത 10 നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ലാഗോസ്. ആഭ്യന്തരയുദ്ധത്തിന്‍റെ കെടുതികൾ നേരിടുന്ന സിറിയയിലെ ഡമാസ്കസ് നഗരമാണ് ലോകത്ത് ഏറ്റവും ജീവിക്കാൻ കൊള്ളാത്ത നഗരം.

Tags:    
News Summary - Africa's most populous city is battling floods and rising seas. It may soon be unlivable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.