ലേക്വ്യൂ, മിഷിഗൺ: നീണ്ട കാത്തിരിച്ചിനുശേഷം 14 പേരുടെ ആൺവീടിലേക്ക് കുഞ്ഞ് മാലാഖയായി മാഗീ ജെയ്ൻ എത്തി. അമേരിക്കയിലെ മിഷിഗണിലെ കാതറി-ജേയ് ദമ്പതികൾക്കാണ് 14 ആൺമക്കൾക്കുശേഷം ഒരു പെൺകുഞ്ഞുകൂടി ജനിച്ചത്. ആദ്യ മകൻ ജനിച്ച് 30 വർഷങ്ങൾക്കുശേഷമാണ് കാതറി പെൺകുഞ്ഞിന് ജന്മം നൽകുന്നത്. ഗ്രാൻഡ് റാപ്പിഡിലെ മേഴ്‌സി ഹെൽത്ത് സെൻറ് മേരീസ് ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ജനിക്കുമ്പോൾ 3.4 കിലോഗ്രാം ഭാരമാണ് മാഗി ജെയ്‌ന് ഉണ്ടായിരുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
45 വയസുള്ള കാതറിയും ജേയും കുഞ്ഞ് മാഗിയെക്കൂടി കുടുംബത്തിലേക്ക് വരവേൽക്കാനായതിെൻറ സന്തോഷത്തിലാണ്. 'ഈ വർഷം പല തരത്തിൽ, പല കാരണങ്ങളാൽ അവിസ്മരണീയമാണ്. പക്ഷേ മാഗിയാണ് ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം'-ജേയ് പറയുന്നു. നേരത്തേതന്നെ കാതറി-ജേയ് ദമ്പതികൾ അവരുടെ കുഞ്ഞുങ്ങളുടെ വിശേഷങ്ങൾ കാരണം അറിയപ്പെടുന്നവരായിരുന്നു.ഇവരുടെ കുടുംബത്തിന് കുടുംബത്തിന് '14 ഒൗട്ട്‌ഡോർസ്മെൻ' എന്നൊരു തത്സമയ ഒാൺലൈൻ സ്ട്രീമിംഗ് പ്രോഗ്രാമും ഉണ്ട്.
മാഗിയുടെ മൂത്ത സഹോദരൻ ടെയിലർക്ക് 28 വയസുണ്ട്. 14 ആൺമക്കൾക്ക് ശേഷം തങ്ങൾക്ക് ഒരിക്കലും ഒരു മകളുണ്ടാകുമെന്ന് മാതാപിതാക്കൾ കരുതിയിരുന്നില്ലെന്ന് ടെയിലർ പറയുന്നു. ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്താണ് കാതറിയും ജേയും ഡേറ്റിങ് ആരംഭിച്ചത്. 1993 ൽ അവർ വിവാഹിതരായി. ബിരുദം നേടുന്നതിനുമുമ്പ് അവർക്ക് മൂന്ന് ആൺമക്കളുണ്ടായിരുന്നു. കുടുംബം വളർന്നപ്പോഴും ദമ്പതികൾ പഠനം തുടർന്നു.
കാതെറി ഗ്രാൻഡ് വാലി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് സാമൂഹ്യപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം നേടിയപ്പോൾ, വെസ്റ്റേൺ മിഷിഗൺ സർവകലാശാലയുടെ ലോ സ്‌കൂളിൽ നിന്ന് ജേയ് നിയമബിരുദവും കരസ്ഥമാക്കി. നിലവിൽ അഭിഭാഷകനാണ് ജേയ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.