വെല്ലിങ്ടൺ: പശുക്കളുടെ ഏമ്പക്കത്തിനും അധോവായുവിനും ടാക്സ് ഏർപ്പെടുത്താനുള്ള നീക്കം വിവാദമായതിന് പിന്നാലെ 'ലോലിപോപ് ടാക്സി'ൽ പുലിവാല് പിടിച്ച് ന്യൂസിലാൻഡ്. ഹാലോവീൻ ആഘോഷത്തോടനുബന്ധിച്ചാണ് ന്യൂസിലാൻഡ് റവന്യൂ വിഭാഗം 'ലോലിപോപ് ടാക്സ്' എന്ന ആശയം മുന്നോട്ട് വെച്ചത്. എന്നാൽ, വ്യാപക വിമർശനം നേരിട്ടതോടെ ട്വീറ്റ് പിൻവലിക്കേണ്ടിവന്നു.
ജനങ്ങൾക്കുമേൽ കനത്ത നികുതിഭാരം കെട്ടിവെക്കുകയാണെന്ന ആരോപണം പ്രതിപക്ഷം ഉയർത്തുന്നതിനിടെയാണ് 'ലോലിപോപ് ടാക്സു'മായി റവന്യൂ വിഭാഗം എത്തിയത്. നികുതി നൽകൽ ഉത്തരവാദിത്തമാണെന്ന് കുട്ടികളെ പഠിപ്പിക്കാൻ ഹാലോവീൻ ദിനത്തിൽ മിഠായികൾക്ക് രക്ഷിതാക്കൾ നികുതി ഏർപ്പെടുത്തണമെന്നായിരുന്നു നിർദേശം. ഹാലോവീനിൽ കുട്ടികൾക്ക് ആകെ കിട്ടുന്ന മിഠായികളുടെ മൂന്നിലൊന്ന് രക്ഷിതാക്കളോട് നികുതിയായി വാങ്ങിക്കാനും അതുവഴി കുട്ടികളെ നികുതി നൽകേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് പഠിപ്പിക്കാനുമായിരുന്നു നിർദേശം.
എന്നാൽ, പ്രതിപക്ഷം കനത്ത വിമർശനവുമായി രംഗത്തെത്തിയതോടെ ട്വീറ്റ് പിൻവലിക്കേണ്ടിവന്നു. ജസീന്ത സർക്കാറിന്‍റെ നികുതി സംവിധാനത്തെയാകെ വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തി.
ട്വീറ്റ് ഡിലീറ്റ് ചെയ്ത റവന്യൂ വകുപ്പ് ഖേദം പ്രകടിപ്പിച്ചു. എതിർപ്പുകളറിയിച്ചുള്ള കമന്‍റുകൾ ലഭിച്ചതിനെ തുടർന്ന് ട്വീറ്റ് ഡിലീറ്റ് ചെയ്തതായും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമചോദിക്കുന്നുവെന്നും വകുപ്പ് പറഞ്ഞു.
ഈയടുത്ത് പശുക്കളുടെ ഏമ്പക്കത്തിന് നികുതിയേർപ്പെടുത്താനുള്ള ന്യൂസിലാൻഡിന്‍റെ നീക്കം ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു. ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് പശുക്കളുടെ ഏമ്പക്കത്തിനും അധോവായുവിനും നികുതിയേർപ്പെടുത്തുന്നത്. 2025ഓടെ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കാർഷിക മേഖലയിലെ ഹരിതഗൃഹ വാതക പുറന്തള്ളൽ കുറക്കൽ ലക്ഷ്യമിട്ടാണത്രെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.