ഒട്ടാവ: ഖലിസ്താൻ വിഘടനവാദി നേതാവ് കാനഡയിൽ കൊല്ലപ്പെട്ടു. സുഖ ദുൻക എന്നറിയപ്പെടുന്ന സുഖ്ദൂൽ സിങ്ങാണ് കൊല്ലപ്പെട്ടത്. ഇരു സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് വിവരം. കാനഡയിലെ വിന്നിപെഗിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഖലിസ്താൻ വിഘടനവാദി അർഷ്ദീപ് സിങ്ങിന്റെ അനുയായിയാണ് കൊല്ലപ്പെട്ട സുഖ ദുൻക എന്നാണ് വിവരം.
2017ലാണ് ഇന്ത്യയിൽ നിരവധി കേസുകളുള്ള സുഖ ദുൻക വ്യാജ രേഖകൾ ഉപയോഗിച്ച് കാനഡയിലേക്ക് കടന്നത്. എൻ.ഐ.എയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലും ഇയാളുണ്ട്. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ വഷളാവുന്നതിനിടെയാണ് പുതിയ കൊലപാതകം.
പഞ്ചാബ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ദവീന്ദർ ബാമിഹ സംഘത്തിന് സാമ്പത്തികം അടക്കം എല്ലാ സഹായങ്ങളും സുഖ ദുൻക നൽകിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2022 മാർച്ച് 14ന് കബഡി താരം സന്ദീപ് സിങ് നങ്കലിനെ സുഖ ദുൻകയുടെ ആസൂത്രണത്തിൽ ഒരു സംഘം കൊലപ്പെടുത്തിയിരുന്നു. ജലന്ധറിലെ മല്ലിയാൻ ഗ്രാമത്തിൽ നടന്ന കബഡി മത്സരത്തിനിടെയാണ് കൊലപാതകം നടന്നത്. പഞ്ചാബിലും അയൽ സംസ്ഥാനങ്ങളുമായി കബഡി താരത്തിന്‍റെ കൊലപാതകം അടക്കം ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് സുഖ ദുൻക.
നേരത്തെ, നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപണം ഉന്നയിച്ചിരുന്നു. തുടർന്ന് ഇരു രാജ്യങ്ങളും നയതന്ത്ര ഉദ്യേഗസ്ഥരെ പുറത്താക്കി. ഇതോടൊപ്പം ഇരു രാജ്യങ്ങളും പൗരൻമാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. യു.എസ് ഉൾപ്പടെയുള്ള രാജ്യങ്ങൾ കാനഡ ഉയർത്തിയ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.