ജറൂസലം: അൽ ജസീറ മാധ്യമപ്രവർത്തക ശിറീൻ അബു ആഖില (51) ഇസ്രായേലി സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു. ബുധനാഴ്ച രാവിലെ വെസ്റ്റ്ബാങ്കിലെ ജനീൻ പട്ടണത്തിൽ ഇസ്രായേൽ സൈനിക നടപടി റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. തലക്ക് വെടിയേറ്റ ശിറീനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു. അൽ ജസീറയുടെ തന്നെ മറ്റൊരു മാധ്യമപ്രവർത്തകൻ അലി സമൂദിക്കും വെടിയേറ്റു.
കഴിഞ്ഞ ആഴ്ചകളിൽ ഇസ്രായേലിൽ നടന്ന ആക്രമണങ്ങളെ തുടർന്ന് ജനീനിലും മറ്റ് വെസ്റ്റ് ബാങ്ക് പട്ടണങ്ങളിലും ദിനേന ഇസ്രായേൽ റെയ്ഡ് നടക്കുകയാണ്. ബുധനാഴ്ച ജനീനിൽ റെയ്ഡ് തുടങ്ങിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് രാവിലെ ആറോടെയാണ് ശിറീൻ അവിടേക്ക് പുറപ്പെട്ടത്. സ്ഥലത്തെത്തിയ ഉടൻ ഇസ്രായേൽ സൈന്യം വെടിവെക്കുകയായിരുന്നുവെന്ന് ശിറീനൊപ്പമുണ്ടായിരുന്ന അലി സമൂദി പറഞ്ഞു. മുന്നറിയിപ്പില്ലാതെയായിരുന്നു വെടിവെപ്പ്. ആദ്യ വെടിയുണ്ട അലി സമൂദിക്കാണ് കൊണ്ടത്. രണ്ടാമത്തെ വെടിയുണ്ട ശിറീനിന്റെ തല തകർത്തു. ഇരുവരും നിലത്ത് വീണിട്ടും ഇസ്രായേൽ സൈന്യം വെടിവെച്ചുകൊണ്ടേയിരുന്നുവെന്ന് പ്രാദേശിക മാധ്യമ പ്രവർത്തകയായ ശാസ ഹനയ്ശ വ്യക്തമാക്കി.
സൈന്യം വെടിവെക്കുന്നത് കണ്ട് ശാസയും ശിറീനും ഒന്നിച്ചാണ് സമീപത്തെ വൃക്ഷത്തിന്റെ മറവിലേക്ക് ഓടിയത്. ശാസ ഓടിയെത്തിയെങ്കിലും ശിറീന് കഴിഞ്ഞില്ല. വെടിയേറ്റ് വീണ ശിറീന് നേരെ മരത്തിന് പിന്നിൽ നിന്ന് താൻ കൈനീട്ടിയെങ്കിലും സഹായിക്കാൻ അനുവദിക്കാതെ സൈനികർ വെടിയുതിർത്തു കൊണ്ടിരുന്നുവെന്ന് ശാസ പിന്നീട് പറഞ്ഞു.
എന്നാൽ, ഫലസ്തീനികളുടെ വെടിവെപ്പിലാണ് ശിറീൻ കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ആരോപിച്ചു. ഞെട്ടിക്കുന്ന കുറ്റകൃത്യമാണ് ഇസ്രായേൽ സൈന്യം ചെയ്തിരിക്കുന്നതെന്ന് ഫലസ്തീൻ അതോറിറ്റി പ്രതികരിച്ചു. 1971ൽ ജറൂസലമിൽ ജനിച്ച ശിറീന് അമേരിക്കൻ പൗരത്വമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.