ഫലസ്തീനിലെ എല്ലാ രക്തസാക്ഷികളും തന്‍റെ മക്കളാണെന്നും ഫലസ്തീൻ ജനതയുടെ മക്കളുടെ രക്തത്തേക്കാൾ വിലയേറിയതല്ല തന്‍റെ മക്കളുടെ രക്തമെന്നും ഹമാസ് മേധാവി ഇസ്മാഈൽ ഹനിയ്യ. ഹനിയ്യയുടെ മൂന്ന് മക്കളെയും മൂന്ന് പേരക്കുട്ടികളെയും ഗസ്സയിൽ ഇസ്രായേൽ സൈന്യം ആക്രമണത്തിൽ കൊലപ്പെടുത്തിയതിന് പിന്നാലെയായിരുന്നു പ്രതികരണം.
'എന്‍റെ മക്കളെ ലക്ഷ്യമിട്ടത് വഴി വെടിനിർത്തൽ ചർച്ചകളിൽ ഹമാസിന്‍റെ നിലപാടുകളിൽ മാറ്റമുണ്ടാക്കാമെന്നാണ് ഇസ്രായേൽ കരുതുന്നതെങ്കിൽ അവർക്ക് തെറ്റി. ആ ധാരണ വ്യാമോഹമാണ്. ഫലസ്തീൻ ജനതയുടെ മക്കളുടെ രക്തത്തേക്കാൾ വിലയുള്ളതല്ല എന്‍റെ മക്കളുടെ രക്തം... ഫലസ്തീനിലെ എല്ലാ രക്തസാക്ഷികളും എന്‍റെ മക്കളാണ്. ബന്ധുക്കളെയും വീടുകളെയും ഇസ്രായേൽ ലക്ഷ്യംവെച്ചാലും ഫലസ്തീൻ നേതാക്കൾ പോരാട്ടത്തിൽ നിന്ന് പിൻവാങ്ങില്ല. രക്തസാക്ഷികളായവരുടെ രക്തത്തിലൂടെയും മുറിവേറ്റവരുടെ വേദനയിലൂടെയും ഞങ്ങൾ പ്രത്യാശ സൃഷ്ടിക്കും. ഞങ്ങൾ ഭാവിയെ സൃഷ്ടിക്കും. ഞങ്ങളുടെ രാജ്യത്തിനും ജനതയ്ക്കും സ്വാതന്ത്ര്യം നൽകും' -ഇസ്മാഈൽ ഹനിയ്യ പറഞ്ഞു.
നിലവിൽ ഖത്തറിലെ ദോഹയിൽ കഴിയുന്ന ഇസ്മാഈൽ ഹനിയ്യ തന്‍റെ മക്കളുടെ വിയോഗ വാർത്തയറിയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗസ്സയിൽ നിന്ന് ദോഹയിലെ ആശുപത്രിയിലെത്തിച്ച പരിക്കേറ്റ ആളുകളെ സന്ദർശിക്കുന്നതിനിടെയാണ് ഇസ്മാഈൽ ഹനിയ്യ മക്കളെയും പേരക്കുട്ടികളെയും ഇസ്രായേൽ വധിച്ച വിവരമറിയുന്നത്. 'അല്ലാഹു അവരുടെ പാത എളുപ്പമാക്കട്ടെ' എന്നായിരുന്നു ഹനിയ്യയുടെ വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.