വാഷിങ്ടണ്‍: ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും തടയിടാന്‍ അവലംബിക്കുന്ന നൂതന സാങ്കേതിക പദ്ധതികള്‍ പ്രതിസന്ധി പരിഹരിക്കാന്‍ പര്യാപ്തമല്ളെന്ന് റിപ്പോര്‍ട്ട്. ഇവയില്‍ ചിലത് പ്രതിസന്ധികള്‍ കൂടുതല്‍ വഷളാക്കാനാണ് ഇടയാക്കുന്നതെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
1992ല്‍ ചേര്‍ന്ന റിയോ ഭൗമ ഉച്ചകോടിയായിരുന്നു ആഗോള താപന വിഷയം ആദ്യമായി ഗൗരവപൂര്‍വം അവലോകനം ചെയ്തത്. ’92ല്‍ 613 കോടി ടണ്‍ കാര്‍ബണ്‍ ഡൈഓക്സൈഡ് ബഹിര്‍ഗമനം ചെയ്യപ്പെടുന്നതായി കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍, കാര്‍ബണ്‍ ബഹിര്‍ഗമന നിയന്ത്രണം നടപ്പാക്കപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ 1000 കോടി ടണ്‍ ആയി വര്‍ധിച്ചതായി ഐക്യരാഷ്ട്രസഭാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാര്‍ബണ്‍ സാന്നിധ്യം ആഗോളതാപനത്തിന്‍െറ മുഖ്യഹേതുവായിരിക്കെ അമ്പരപ്പിക്കുന്ന കണക്കുകളാണ് യു.എന്‍ ഈയിടെ പുറത്തുവിട്ടത്.
ഈ സാഹചര്യത്തില്‍ കൂടുതല്‍ ഫലപ്രദമായ ‘ജിയോ എന്‍ജിനീയറിങ്’ തന്ത്രം പരീക്ഷിക്കാനുള്ള ഗവേഷണങ്ങളിലാണ് ശാസ്ത്രലോകം. ആകാശത്തില്‍ ഉപ്പ്, സള്‍ഫര്‍ തുടങ്ങിയവ വിതറി മേഘങ്ങളുടെ സാന്ദ്രത വര്‍ധിപ്പിക്കാമെന്നും അതുവഴി മേഘങ്ങള്‍ക്ക് സൂര്യരശ്മികളെ സൂര്യനുനേരെ തന്നെ പ്രതിഫലിപ്പിക്കാനും കൂടുതല്‍ വെയില്‍ വീഴാതെ ഭൂമിയെ സംരക്ഷിക്കാനും കഴിയുമെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍, ഇവ ആകാശമധ്യത്തില്‍ എത്തിക്കാന്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വന്‍ വിമാനങ്ങള്‍ അനുപേക്ഷണീയമാണ്. വന്‍ സാമ്പത്തിക ചെലവിനോടൊപ്പം ഇന്ധന ദഹനത്തിലൂടെ കൂടുതല്‍ മലിനീകരണം എന്ന പ്രശ്നത്തിനും അത് കാരണമാകും.
ബഹിരാകാശത്ത് കൂറ്റന്‍ കണ്ണാടികള്‍ സ്ഥാപിച്ച് സൂര്യരശ്മികളെ തിരിച്ചുവിടുക (പ്രതിഫലനം) എന്ന നൂതനാശയവും ശാസ്ത്ര മസ്തിഷ്കങ്ങളില്‍ നാമ്പിടുന്നതായി കഴിഞ്ഞ ദിവസം അല്‍ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ, ഇത്തരം കണ്ണാടികള്‍ നിര്‍മിക്കാന്‍ ആവശ്യമായ ഭീമമായ ചെലവ് താങ്ങാന്‍ ഭൗമമനുഷ്യര്‍ക്ക് കഴിയുമോ എന്നതാണ് ശാസ്ത്രലോകത്തെ കുഴക്കുന്ന പ്രധാന ചോദ്യം. കാര്‍ബണ്‍ ആഗിരണം ചെയ്യാനുള്ള കടല്‍സസ്യങ്ങളുടെ ശേഷിയെ ആധാരമാക്കി അത്തരം ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ടെക്നോളജി പരീക്ഷിക്കാനും ശാസ്ത്രലോകം പദ്ധതിയിടുകയാണ്. എന്നാല്‍, കാര്‍ബണ്‍ ബഹിര്‍ഗമന നിരക്ക് ചുരുക്കുക മാത്രമാണ് പ്രതിരോധ പദ്ധതികളേക്കാള്‍ അഭികാമ്യമെന്ന ഉപദേശം നല്‍കുകയാണ് മറ്റൊരു വിഭാഗം ശാസ്ത്രജ്ഞര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.