ന്യൂയോര്‍ക്കില്‍ ഹിലരി–സാന്‍ഡേഴ്സ് സംവാദം

ന്യൂയോര്‍ക്: അടുത്ത ചൊവ്വാഴ്ച ന്യൂയോര്‍ക്കിലെ ഡെമോക്രാറ്റിക് പ്രൈമറിക്കു മുമ്പായി നടന്ന സംവാദത്തില്‍ ഹിലരി ക്ളിന്‍റനെതിരെ ആഞ്ഞടിച്ച് എതിര്‍സ്ഥാനാര്‍ഥി ബേണീ സാന്‍ഡേഴ്സ്. ഹിലരി അവരുടെ പ്രസംഗത്തിന് വന്‍തുക വാങ്ങുന്നതായി സാന്‍ഡേഴ്സ് ആരോപിച്ചു. 2,25,000 ഡോളറാണ് അവര്‍ ഒരു പ്രസംഗത്തിനുമാത്രം വാങ്ങുന്നത്.
സാധനസാമഗ്രികളുടെ വിലയെ ബാധിക്കാത്തരീതിയില്‍ പുറംപണിക്കരാര്‍ ജോലികള്‍ അമേരിക്കയിലെ ദരിദ്രരിലേക്കും മധ്യവര്‍ഗക്കാരിലേക്കും എങ്ങനെ തിരിച്ചുകൊണ്ടുവരുമെന്ന ചോദ്യത്തിന് കുറഞ്ഞ വേതനനിരക്ക് മണിക്കൂറിന് 15 ഡോളറായി ഉയര്‍ത്തുമെന്ന് അദ്ദേഹം മറുപടിനല്‍കി. ഭക്ഷണസാധനങ്ങള്‍ക്ക് വലിയ വിലയാണ് നല്‍കേണ്ടിവരുന്നത്. സാമ്പത്തികരംഗത്തെ സ്ഥിരതക്ക് മെച്ചപ്പെട്ട വേതനം ഉറപ്പാക്കുന്നതരത്തില്‍ നിര്‍മാണമേഖലയെ പൊളിച്ചുപണിയണമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനും നിര്‍മാണമേഖലയെ ശക്തിപ്പെടുത്തുന്നതിന് ഊന്നല്‍നല്‍കുന്നതുമായ സമഗ്രപദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് ഹിലരി ക്ളിന്‍റന്‍ പറഞ്ഞു. ഫലസ്തീനിലെ ജനങ്ങള്‍ അഭിമാനത്തോടെയും അന്തസ്സോടെയും പരിഗണിക്കപ്പെട്ടാല്‍മാത്രമേ മേഖലയില്‍ സമാധാനം കൊണ്ടുവരാനാവുകയുള്ളൂ എന്ന് സാന്‍ഡേഴ്സ് വ്യക്തമാക്കി. അമേരിക്കയും മറ്റു രാഷ്ട്രങ്ങളും ഫലസ്തീന്‍ ജനതയെ സഹായിക്കുന്നതിനായി ഒരുമിച്ചുപ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന സമയത്ത് ഫലസ്തീനും ഇസ്രായേലും തമ്മില്‍ നടന്ന മൂന്നു യോഗങ്ങളില്‍ പങ്കെടുത്തിരുന്നതായി ഹിലരി ചൂണ്ടിക്കാട്ടി.  പ്രസിഡന്‍റാവുകയാണെങ്കില്‍ ഇസ്രായേലിന്‍െറ സുരക്ഷയെ ബാധിക്കാത്തതരത്തില്‍ ഇരുരാജ്യങ്ങളും ഇടയില്‍ കരാറുണ്ടാക്കാന്‍ പരിശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.