എക്വഡോര്‍ ഭൂചലനം: മരണം 350 ആയി

കീറ്റോ: കഴിഞ്ഞ ദിവസം എക്വഡോറിലെ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 350 ആയി. 2000ത്തിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഒൗദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനം രാജ്യത്ത് 40 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ്. ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇതിനായി 10,000ത്തിലധികം സൈനികരെയും 3500 പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. വെനിസ്വേല, മെക്സികോ സര്‍ക്കാറുകളും രക്ഷാപ്രവര്‍ത്തനത്തിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഞായറാഴ്ചയാണ് ലാറ്റിനമേരിക്കയെ നടുക്കിയ ഭൂചലനമുണ്ടായത്. തീരദേശപട്ടണമായ മ്യൂസ്നേയില്‍നിന്ന് 28 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്‍െറ പ്രഭവകേന്ദ്രം. മൊത്തം 11 മിനിറ്റ് നീണ്ടുനിന്ന രണ്ടു ചലനങ്ങളാണുണ്ടായത്. ആദ്യം 4.8 രേഖപ്പെടുത്തിയ തീവ്രത 7.8 ആയി ഉയരുകയായിരുന്നു. നിരവധി വീടുകളും വ്യാപാരകേന്ദ്രങ്ങളും തകര്‍ന്നു. വൈദ്യുതി-ടെലിഫോണ്‍ ബന്ധങ്ങള്‍ താറുമാറായി. പലയിടത്തുനിന്നും ആളുകളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് എക്വഡോറിന്‍െറ ആറു പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 

എക്വഡോറിനു പുറമെ വടക്കന്‍ പെറുവിലും തെക്കന്‍ കൊളംബിയയിലും ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, എക്വഡോര്‍ ഭൂകമ്പത്തിന് ജപ്പാനില്‍ ശനിയാഴ്ചയുണ്ടായ ഭൂകമ്പവുമായി ബന്ധമില്ളെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.