യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; നാമനിര്‍ദേശത്തിനരികെ ഹിലരി

ന്യൂയോര്‍ക്: നവംബറില്‍ നടക്കുന്ന യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ആവശ്യമായ നാമനിര്‍ദേശത്തിലേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റണിന് ഇനി 60 വോട്ടിന്‍െറ മാത്രം ദൂരം. വിര്‍ജിന്‍ ദ്വീപില്‍ നടന്ന പ്രൈമറിയില്‍ പാര്‍ട്ടിയുടെ ഏഴു പ്രതിനിധികളുടെയും പിന്തുണ അവര്‍ ഉറപ്പാക്കി. 2383 പ്രതിനിധികളുടെ പിന്തുണയാണ് നാമനിര്‍ദേശത്തിന് വേണ്ടത്.
84.2 ശതമാനം വോട്ടുകള്‍ ഹിലരി നേടിയപ്പോള്‍, പ്രധാന എതിരാളി ബേണി സാന്‍ഡേഴ്സിന് 12.2 ശതമാനം വോട്ടര്‍മാരുടെ പിന്തുണയേ നേടാനായുള്ളൂ. ഒരു പ്രതിനിധിയുടെയെങ്കിലും പിന്തുണ നേടാന്‍ മൊത്തം വോട്ടിന്‍െറ 15 ശതമാനമെങ്കിലും വേണമെന്നാണ് നിയമം. ആദ്യമായാണ് ഹിലരി ഒരു സംസ്ഥാനത്തെയോ, പ്രവിശ്യയിലെയോ മുഴുവന്‍ പ്രതിനിധികളുടെയും പിന്തുണ നേടുന്നത്.

ബേണി സാന്‍ഡേഴ്സിന് ഇതുവരെ 1501 പ്രതിനിധികളുടെ പിന്തുണയാണുള്ളത്. നാമനിര്‍ദേശ ഘട്ടത്തില്‍ മാത്രം വോട്ട് ചെയ്യാന്‍ യോഗ്യതയുള്ള അഞ്ച് യു.എസ് പ്രവിശ്യകളില്‍ ഒന്നാണ് വിര്‍ജിന്‍ ദ്വീപ്. നവംബറില്‍ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം ഉപയോഗിക്കാന്‍ ദ്വീപ് നിവാസികള്‍ക്ക് അവസരമില്ല. പ്രൈമറികള്‍ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെ, ചൊവ്വാഴ്ച ന്യൂജഴ്സി, കാലിഫോര്‍ണിയ എന്നിവയടക്കം ആറു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കും. കൊളംബിയയിലാണ് ജൂണ്‍ 14ന് ഏറ്റവും അവസാനത്തെ പ്രൈമറി നടക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.