ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയാകുന്ന ഹിലരി ക്ലിന്‍റന് പിന്തുണയുമായി പ്രസിഡന്‍റ് ബറാക് ഒബാമ. തന്‍റെ പിൻഗാമിയാവാൻ ഏറ്റവും യോഗ്യയായ വ്യക്തി ഹിലരിയാണെന്ന് ഒബാമ പറഞ്ഞു. ഹിലരിക്ക് വേണ്ടി ഉടൻ പ്രചരണ രംഗത്തിറങ്ങും. ഹിലരിയും സാൻഡേഴ്സും തമ്മിൽ പ്രൈമറിയിൽ പല അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും രണ്ടുപേരും രാജ്യത്തിന്‍റെ പുരോഗതിക്കായി അഹോരാത്രം പ്രവർത്തിക്കുന്നവരാണെന്നും ഒബാമ വ്യക്തമാക്കി.
ഒബാമയുടെ പരസ്യ പിന്തുണക്കെതിരെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാൻ സാധ്യതയുള്ള ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. അടുത്ത നാലു വർഷം കൂടി പ്രസിഡന്‍റായി തുടരാനാണ് ഒബാമയുടെ ആഗ്രഹമെന്ന് ട്രംപ് വിമർശിച്ചു.
ഒബാമയുടെ പിന്തുണ തനിച്ച് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന് ഹിലരി പ്രതികരിച്ചു. 2008ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഒബാമയോട് മത്സരിച്ച് പരാജയപ്പെട്ട ഹിലരിയെ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു.
കഴിഞ്ഞ സൂപ്പർ ചൊവ്വയിൽ നടന്ന ആറ് പ്രൈമറികളിൽ നാലെണ്ണത്തിൽ ഹിലരിയും രണ്ടെണ്ണത്തിൽ ബേണി സാൻഡേഴ്സും വിജയിച്ചിരുന്നു. ജൂലൈയിൽ നടക്കുന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ കൺവെൻഷനിലാണ് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.