അഫ്ഗാനില്‍ യു.എസ് സൈന്യത്തിന് കൂടുതല്‍ അധികാരം

വാഷിങ്ടണ്‍: അഫ്ഗാനിസ്താനില്‍ യു.എസ് സൈന്യത്തിന് കൂടുതല്‍ ഇടപെടലിന് അനുമതി നല്‍കുന്ന പുതിയ പ്രതിരോധനയത്തിന് പ്രസിഡന്‍റ് ബറാക് ഒബാമയുടെ അംഗീകാരം. താലിബാന്‍വിരുദ്ധ പോരാട്ടത്തിലുള്ള അഫ്ഗാന്‍ സൈന്യത്തെ പരിശീലിപ്പിക്കുന്നതിനും മറ്റുമായി രാജ്യത്ത് നിലയുറപ്പിച്ചിട്ടുള്ള യു.എസ് സൈന്യത്തിന് പുതിയ നയത്തിന് അംഗീകാരം ലഭിച്ചതോടെ കൂടുതല്‍ ഇടപെടലുകള്‍ നടത്താനാകും. അവശ്യഘട്ടത്തില്‍ അഫ്ഗാന്‍ സൈന്യവുമായി ചേര്‍ന്ന് താലിബാനെതിരെ റെയ്ഡ് നടത്തുന്നതിനും മറ്റും ഇനി സാധിക്കും.
കഴിഞ്ഞ വര്‍ഷം, അഫ്ഗാനില്‍നിന്ന് അമേരിക്കയുള്‍പ്പെടുന്ന സഖ്യസേന പിന്‍വാങ്ങിയിരുന്നെങ്കിലും 9800 സൈനികരെ യു.എസ് അവിടെ നിലനിര്‍ത്തിയിരുന്നു. അഫ്ഗാന്‍ സൈന്യത്തെ സഹായിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. 2016 അവസാനത്തോടെ, സൈനികരുടെ എണ്ണം 5500 ആയി കുറക്കുമെന്നും ഒബാമ പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമെന്നോണം പുതിയ തീരുമാനം. അഫ്ഗാനിലെ താലിബാന്‍വിരുദ്ധ പോരാട്ടത്തില്‍ അമേരിക്കക്ക് ഇനി കൂടുതലായി അതിന്‍െറ വ്യോമശക്തി ഉപയോഗിക്കാനാകുമെന്ന് പെന്‍റഗണ്‍ ഉദ്യോഗസ്ഥന്‍ പുതിയ നയത്തെ വിശദീകരിച്ച് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
അഫ്ഗാനില്‍ യു.എസ് സൈനികരെ വെട്ടിച്ചുരുക്കുന്നതിനെതിരെ മുന്‍ ജനറല്‍മാരും നയതന്ത്രജ്ഞരും കഴിഞ്ഞയാഴ്ചകളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. താലിബാന്‍ നേതാവ് ഇവിടെ കൊല്ലപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ഇത്. യു.എസ് സൈനികരുടെ പിന്മാറ്റം താലിബാനെ ശക്തിപ്പെടുത്തുമെന്നായിരുന്നു ഇവരുടെ വാദം. പുതിയ സൈനികനയമനുസരിച്ച്, അഫ്ഗാന്‍ സൈന്യത്തോടൊപ്പം റെയ്ഡില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ഇവിടത്തെ യു.എസ് കമാന്‍ഡര്‍ ജനറല്‍ ജോണ്‍ നിക്കള്‍സന് തീരുമാനിക്കാം.
അഫ്ഗാനില്‍ താലിബാന്‍വിരുദ്ധ പോരാട്ടത്തിന്‍െറ ഭാഗമായി വ്യോമാക്രമണങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞദിവസം അദ്ദേഹം പ്രസ്താവിച്ചത് ഇതിന്‍െറ ഭാഗമായിട്ടാണെന്നാണ് കരുതുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.