ബ്രസീലിയ: ഇടക്കാല പ്രസിഡന്‍റായി മൈക്കല്‍ ടിമര്‍ ചുമതലയേറ്റു. ബ്രസീലിയന്‍ ഡെമോക്രാറ്റിക് മൂവ്മെന്‍റ് പാര്‍ട്ടി നേതാവായിരുന്ന ഇദ്ദേഹം വൈസ്പ്രസിഡന്‍റ് സ്ഥാനമായിരുന്നു വഹിച്ചിരുന്നത്. ദില്‍മ റൗസഫിനെ ഇംപീച് ചെയ്യാന്‍ സെനറ്റ് തീരുമാനിച്ചതോടെയാണ് അധികാരം ടിമറിലേക്ക് എത്തിയത്. 22 അംഗ മന്ത്രിസഭയും അധികാരമേറ്റു.ബ്രസീല്‍ കേന്ദ്ര ബാങ്ക് മുന്‍ തലവനായിരുന്ന ഹെന്‍റി മിറെല്ലസാണ് വൈസ്പ്രസിഡന്‍റ്. രാജ്യത്ത് സമാധാനവും സുസ്ഥിരതയും പുന$സ്ഥാപിക്കുകയാണ് തന്‍െറ ലക്ഷ്യമെന്ന് ടിമര്‍ അധികാരമേറ്റയുടന്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു. രാജ്യത്ത് നിക്ഷേപം കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ സാമ്പത്തികപ്രതിസന്ധി മറികടക്കാം.
അതിനായുള്ള ശ്രമങ്ങള്‍ക്കാണ് മുന്‍തൂക്കം.ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി വിവിധ ക്ഷേമപദ്ധതികള്‍ ആവിഷ്കരിക്കുമെന്നും ടിമര്‍ വാഗ്ദാനം ചെയ്തു. ദില്‍മയെ പുറത്താക്കാന്‍ കരുനീക്കംനടത്തിയത് ബദ്ധശത്രുവായ മൈക്കല്‍ ടിമര്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ളെയറോ മാഗി കാര്‍ഷികമന്ത്രിയായും റികാര്‍ഡോ ബാരോസ് ആരോഗ്യമന്ത്രിയായും ചുമതലയേറ്റു.
മന്ത്രിസ്ഥാനത്തിന് യോഗ്യതയില്ളെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനാല്‍ ഇവരുടെ നിയമനങ്ങളും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. മാത്രമല്ല, ഇടക്കാല പ്രസിഡന്‍റിനുനേരെയും അഴിമതിയാരോപണമുണ്ട്.പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് പുറത്താക്കിയ സെനറ്റിന്‍െറ നടപടിയെ ചോദ്യം ചെയ്ത് ദില്‍മ റൗസഫ് രംഗത്തത്തെിയിരുന്നു. രാജ്യത്തിന്‍െറ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റായ തന്നെ ചെയ്യാത്ത കുറ്റത്തിനാണ് പുറത്താക്കുന്നത്. ഇതിനെ ഇംപീച്മെന്‍റ് എന്നല്ല അട്ടിമറി എന്നാണ് വിളിക്കേണ്ടത്. പ്രഹസനമായ രാഷ്ട്രീയ, നിയമ സംവിധാനത്തിന്‍െറ ഇരയാണ് താന്‍. പിഴവുകള്‍ സംഭവിച്ചിട്ടുണ്ടാകാം. എന്നാല്‍, കുറ്റം ചെയ്തിട്ടില്ല. ജീവിതംമുഴുവന്‍ ജനാധിപത്യത്തിനായി സമരം ചെയ്തിട്ടുണ്ട്.
ബ്രസീലിലെ സൈനികഭരണത്തിനെതിരെ സമരംചെയ്ത് വിജയിച്ചിട്ടുണ്ട്. ജനാധിപത്യത്തിനുവേണ്ടിയുള്ള സമരം തുടരും. കഴിഞ്ഞ ദശാബ്ദങ്ങളിലെ വിജയങ്ങള്‍ക്ക് ഭീഷണിയാണ് ഈ അട്ടിമറിയെന്നും വികാരഭരിതയായി ദില്‍മ പറഞ്ഞു.സെനറ്റ് തീരുമാനത്തിനുശേഷം പാര്‍ലമെന്‍റ് മന്ദിരത്തിന് പുറത്ത് ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.