ബ്രസീലിനെ കൂടുതല്‍ അസ്ഥിരപ്പെടുത്തുന്ന ഇംപീച്ച്മെന്‍റ്

റിയോ ഡെ ജനീറോ: കുതിച്ചുയരുന്ന പണപ്പെരുപ്പം പിടിച്ചുകെട്ടാനാകാതെ വലയുകയാണ് ബ്രസീല്‍. പണപ്പെരുപ്പത്തെ തുടര്‍ന്ന് എണ്ണ, ഇരുമ്പയിര്, സോയ ഉല്‍പന്നങ്ങളുടെ വിലയിടിഞ്ഞു. 2015ല്‍ സാമ്പത്തിക വളര്‍ച്ച 3.8 ശതമാനത്തിലേക്ക് ചുരുങ്ങി. 1981നുശേഷം ആദ്യമായാണ് ഇത്തരമൊരു കനത്ത പതനം. പണപ്പെരുപ്പം 10.7 ശതമാനമായി. 12 വര്‍ഷത്തേക്കാള്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍. തൊഴിലില്ലായ്മനിരക്ക് ഒമ്പതു ശതമാനമായി വര്‍ധിച്ചു.  അതിനിടെയാണ് ദില്‍മയുടെ ഇംപീച്ച്മെന്‍റ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ബ്രസീലിനെ കൂടുതല്‍ അസ്ഥിരതയിലേക്കു നയിക്കുന്നതാണ് ദില്‍ മ റൂസഫിനെ പുറത്താക്കാനുള്ള സെനറ്റ് തീരുമാനമെന്നാണ് വിലയിരുത്തല്‍. ലോക വ്യാപകമായുള്ള രാഷ്ട്രീയ നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫണ്ട് ശേഖരിക്കാറുണ്ട്. ബ്രസീലിന്‍െറ കാര്യത്തില്‍ അത് പരമപ്രധാനമാണ്.  ഒരു പാര്‍ട്ടിക്ക് ഒറ്റക്ക് അധികാരത്തിലേറാന്‍ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ കൂട്ടുകക്ഷികളെ സ്വാധീനിക്കാന്‍ പണം വാരിയെറിയേണ്ടിവരുന്നു.  

അഴിമതി ഏറെക്കാലമായി ബ്രസീല്‍ സര്‍ക്കാറിനെ പിടിച്ചുലക്കുന്നു.  ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പെട്രോബ്രാസ് കമ്പനിയുമായി എല്ലാ കരാറുകളും അന്വേഷണസംഘം റദ്ദാക്കിയതോടെ വാണിജ്യ മേഖലയും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. രണ്ടു വര്‍ഷംകൊണ്ട് പെട്രോബ്രാസിലെ 2,76,000 ജീവനക്കാര്‍ തൊഴില്‍രഹിതരായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പെട്രോബ്രാസിനെ  ആശ്രയിച്ചുകഴിഞ്ഞിരുന്ന ചെറുകിട കമ്പനികളും പാപ്പരായി.
പെട്രോബ്രാസ് പദ്ധതിയുടെ സൂത്രധാരന്‍ ലൂലാ ഡ സില്‍വയാണ്. നിയമം ലംഘിച്ച് ഒന്നും ചെയ്തിട്ടില്ളെന്ന് ലൂലാ ആവര്‍ത്തിക്കുന്നു. 1953ലാണ് പെട്രോബ്രാസ് എണ്ണ കമ്പനി രൂപവല്‍കരിക്കുന്നത്. തൊണ്ണൂറുകളില്‍ ഭാഗികമായി സ്വകാര്യവല്‍കരിക്കപ്പെട്ട കമ്പനി ലുലയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. കമ്പനിക്ക് അനധികൃതമായി ആനുകൂല്യങ്ങള്‍ നല്‍കി എന്നായിരുന്നു ആദ്യം ആരോപണമുയര്‍ന്നത്. വര്‍കേഴ്സ് പാര്‍ട്ടിയും സഖ്യകക്ഷികളും സ്വന്തം സ്ഥാനാര്‍ഥികളെ കമ്പനിയുടെ ഉന്നതപദവികളില്‍ നിയമിക്കുന്നതോടെയാണ് ആരോപണങ്ങളുടെ തുടക്കം. മുന്‍ ഏകാധിപതി റോബര്‍ട്ടോ കോസ്റ്റ ആയിരുന്നു ഇവരുടെ പിന്നില്‍ പ്രവര്‍ത്തിച്ചത്.

ക്രമേണ കമ്പനിയുടെ ലാഭവിഹിതം ഇവരുടെ കീശയിലേക്കായി. കോടിക്കണക്കിന് ഡോളറുകള്‍ തിരിമറി നടത്തി സ്വിസ്ബാങ്കില്‍ നിക്ഷേപിച്ചു. കമ്പനിയില്‍ നിന്നാണ് വര്‍കേഴ്സ് പാര്‍ട്ടിയുടെ പ്രചാരണ ഫണ്ട് എന്നും ആരോപണമുയര്‍ന്നിരുന്നു.  ബജറ്റ് കമ്മി നികത്തുന്നതിന് ബാങ്കുകളില്‍നിന്ന് വന്‍തോതില്‍ വായ്പകള്‍ എടുത്ത കാര്യം മറച്ചുപിടിച്ചെന്നാണ് ദില്‍മക്കെതിരെ ഉന്നയിക്കപ്പെട്ട പ്രധാന ആരോപണം. എന്നാല്‍, ഇത്തരം വായ്പകളുടെ കാര്യം രഹസ്യമായി സൂക്ഷിക്കുന്ന രീതി രാജ്യത്ത് ദീര്‍ഘകാലമായി തുടരുന്ന കീഴ്വഴക്കമാണ്.  ദില്‍മ അഴിമതി നടത്തിയതിന് അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടില്ല. ബ്രസീലിലെ കൈക്കൂലി സ്വീകരിക്കാത്ത ചുരുക്കം ചില നേതാക്കളിലൊരാളാണ് ദില്‍മയെന്നത് രാഷ്ട്രീയ എതിരാളികള്‍പോലും സമ്മതിക്കുന്ന കാര്യമാണ്. അതേസമയം, ഊര്‍ജമന്ത്രിയായിരുന്ന കാലത്ത് ദില്‍മയുടെ അറിവോടെയാണ് അഴിമതി നടന്നതെന്നത് തിരിച്ചടിയായി.  

 പ്രചാരണ ഫണ്ടുകളുടെ ആനുകൂല്യം പറ്റിയ അവര്‍ അഴിമതി തടയാനും ശ്രമിച്ചില്ളെന്നാണ് പ്രോസിക്യൂട്ടര്‍മാരുടെ വാദം.അന്വേഷണം അട്ടിമറിക്കാനും ശ്രമിക്കയുണ്ടായി. പണം കേവലമൊരു വായ്പയല്ളെന്നും പൊതുട്രഷറികളില്‍നിന്നാണ് ബാങ്കുകളിലേക്ക് പണമത്തെുന്നതെന്നും ദില്‍മ പറഞ്ഞിരുന്നു. മുന്‍ ഭരണകൂടങ്ങളും ഇതേയളവിലല്ലാതെ ഇത്തരം നീക്കങ്ങള്‍ നടത്തിയിരുന്നു. ഇതൊക്കെ മുടക്കുന്യായങ്ങളാണ്. ഇംപീച്ച്മെന്‍റിന്‍െറ യഥാര്‍ഥ കാരണം രാഷ്ട്രീയലക്ഷ്യം തന്നെയാണ്. ദില്‍മയെ പുറത്താക്കുകയും 2018ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് ലൂലായെ തടയുകയുമാണ് എതിരാളികളുടെ ലക്ഷ്യമെന്നാണ് അനുകൂലികളുടെ വാദം.  രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ കരകയറ്റാനുള്ള നടപടികള്‍ക്ക് ശ്രമിക്കുന്നില്ളെന്നത് ദില്‍മക്ക് വെല്ലുവിളിയായിരുന്നു.   അതേസമയം, അവിശ്വാസപ്രമേയത്തിലൂടെ ഭരണാധികാരിയെ പുറത്താക്കാന്‍ ബ്രസീല്‍ ഭരണഘടന അനുവദിക്കുന്നില്ല. അതുകൊണ്ടാണ് എതിരാളികള്‍ ഇംപീച്ച്മെന്‍റിന്‍െറ വഴി തേടിയത്.

സര്‍ക്കാറിനു പിന്തുണ ഉറപ്പിക്കാന്‍ പൊതുഫണ്ട് ഉപയോഗിച്ച് കോണ്‍ഗ്രസ് അംഗങ്ങളെ സ്വാധീനിക്കുന്നതിന്‍െറ വിവരങ്ങള്‍ 2005ലാണ് ആദ്യമായി പുറത്തുവന്നത്. 2012ല്‍ 25 രാഷ്ട്രീയ നേതാക്കളെയും ബാങ്ക് ഇടപാടുകാരെയും  ബിസിനസുകാരെയും ശിക്ഷിച്ച് സുപ്രീംകോടതി വിചാരണ അവസാനിപ്പിച്ചു.  പലരും വര്‍ക്കേഴ്സ് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങളായിരുന്നു. 2014 മാര്‍ച്ചിലാണ് പെട്രോബാസ് എണ്ണക്കമ്പനിയുമായി ബന്ധപ്പെട്ട അഴിമതി  അന്വേഷണം തുടങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.