വാഷിങ്ടൺ: കോവിഡ്-19നെതിരായ യു.എസിെൻറ വാക്സിൻ ഗവേഷണങ്ങൾ ചൈനീസ് ഹാക്കർമാർ മോഷ്ടിക്കാൻ ശ്രമിക്കുന്നതായി യു.എസ് മാധ്യമങ്ങൾ. ഫെഡറൽ ബ്യൂറോ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥരെയും സൈബർ വിദഗ്ധരെയും ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലും ന്യൂയോർക് ടൈംസുമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ചൈനീസ് സർക്കാരുമായി ബന്ധപ്പെട്ടവരാണ് ഹാക്കർമാരാണെന്ന് യു.എസ് ഉദ്യോഗസ്ഥർ ആരോപിച്ചു.
കോവിഡ് വാക്സിൻ സംബന്ധിച്ച ഗവേഷണവിവരങ്ങൾ ചോർത്താനാണ് ഹാക്കർമാർ ശ്രമിക്കുന്നത്. ഇതിനു ശക്തമായ തിരിച്ചടി നൽകുമെന്നും യു.എസ് പ്രതികരിച്ചു. എന്നാൽ ആരോപണം ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് നിഷേധിച്ചു.
കോവിഡ് വാക്സിൻ ഗവേഷണരംഗത്ത് മറ്റേതൊരു രാജ്യത്തേക്കാളും ചൈന മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഒരു തെളിവുമില്ലാത്ത അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ ചൈനയെ നിരന്തരം ലക്ഷ്യം വെക്കുന്നത് ധാർമികപരമല്ലെന്ന് ചൈനീസ് വക്താവ് ഴാവോ ലിജിയൻ പ്രതികരിച്ചു.
കോവിഡിനെതിരെ പോരാട്ടത്തിലേർപ്പെട്ട ആരോഗ്യപ്രവർത്തകർക്കു നേരെ മറ്റു രാജ്യങ്ങൾ സൈബർ ആക്രമണം നടത്തുന്നതായി യു.എസും ബ്രിട്ടനും നേരത്തേയും ആരോപിച്ചിരുന്നു. മെഡിക്കൽ റിസർച്ച് ഓർഗനൈസേഷെൻറയും ആരോഗ്യസുരക്ഷ സമിതിയുടെയും പാസ്വേഡുകൾ കവരാൻ ഹാക്കർമാർ ശ്രമംനടത്തിയതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് ബ്രിട്ടെൻറ നാഷനൽ സൈബർ സുരക്ഷകേന്ദ്രവും യു.എസ് സൈബർസെക്യൂരിറ്റിയും വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.