വാഷിങ്ടൺ: കോവിഡ് 19 ഏറ്റവും രൂക്ഷമായി പിടിച്ചുലച്ച യു.എസിൽ രോഗബാധിതരായി മരിച്ചവരുടെ എണ്ണം 42,517 ആയി. പുതുതായി 154 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇവിടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,92,913ലേക്ക് ഉയർന്നു. 72,389 പേർ രോഗമുക് തരായി. നിലവിൽ 678,007 പേർ ചികിത്സയിലുണ്ട്. 13,951 രോഗികളുടെ നില ഗുരുതരമാണ്.
ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ രേ ാഗബാധിതരുള്ളത്. 2,52,094 പേർക്കാണ് ന്യൂയോർക്കിൽ കോവിഡ് സ്ഥിരീകരിച്ചത്. 209,278 പേർ ചികിത്സയിലുണ്ട്. 18,929 രോഗികൾ മരണത്തിന് കീഴടങ്ങി. ന്യൂ ജഴ്സി, മസാച്ചുസെറ്റ്സ് എന്നിവിടങ്ങളിലും രോഗം പിടി മുറുക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ന്യൂ ജഴ്സിയിൽ 88,806ഉം മസാച്ചുസെറ്റ്സിൽ 39,643ഉം ആണ്.
കാലിഫോർണിയയാണ് രോഗം ദ്രുതഗതിയിൽ വ്യാപിക്കുന്ന മറ്റൊരു പ്രദേശം. പുതുതായി 154 പേർക്കു കൂടി ഇവിടെ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 33,840 ആയി. പുതുതായി മൂന്ന് മരണം കൂടി ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കാലിഫോർണിയയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1226 ആയി.
കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാൻ സാധിക്കാതായതോടെ രാജ്യത്തേക്കുള്ള കുടിയേറ്റം വിലക്കുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അറിയിച്ചിട്ടുണ്ട്.
"അജ്ഞാതമായ ശത്രുവിന്‍റെ ചെറിയ ആക്രമണം ഉണ്ടായിട്ടുണ്ട്. അതിനാൽ, മഹത്തായ അമേരിക്കൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. രാജ്യത്തേക്കുള്ള കുടിയേറ്റം താൽകാലികമായി വിലക്കാനുള്ള ഉത്തരവിടും" എന്നായിരുന്നു ട്രംപിൻെറ ട്വീറ്റ്.
വൈറസ് വ്യാപനം ശക്തമായ സാഹചര്യത്തിൽ മെക്സിക്കോ, കാനഡ എന്നീ അതിർത്തി രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പൗരന്മാർക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങിവരാനും ചരക്ക് ഗതാഗതത്തിനും മാത്രമാണ് അനുവാദമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.