ന്യൂയോർക്ക്: കോവിഡ് 19 ഏറെ വൈകാതെ ഒരു ബാലാവകാശ പ്രതിസന്ധി കൂടിയായി മാറുമെന്ന് യുനിസെഫിന്റെ മുന്നറിയിപ്പ്. നടപടികൾ ധൃതഗതിയിലാക്കിയില്ലെങ്കിൽ ആറുമാസം പിന്നിടുമ്പോഴേക്കും പ്രതിദിനം 6000 കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടേക്കാമെന്നാണ് യുനിസെഫ് മുന്നറിയിപ്പ് നൽകുന്നത്. മഹാമാരിയുടെ വ്യാപനം അഞ്ചാം മാസത്തിലേക്ക് കടക്കുമ്പോൾ കുട്ടികളുടെ ആരോഗ്യ പരിരക്ഷ സംവിധാനത്തെ അത് ദുർബലപ്പെടുത്തിയെന്നും പതിവ് പരിരക്ഷ സേവനങ്ങളെ തടസ്സപ്പെടുത്തിയെന്നും യുനിസെഫ് ചൂണ്ടിക്കാട്ടുന്നു.
പ്രതിദിനം അഞ്ച് വയസ്സിൽ താഴെയുള്ള 6000 കുട്ടികൾ മരിക്കുന്ന മോശം അവസ്ഥയിലേക്കാവും ഇത് നയിക്കുക. സാധാരണ നിലയിൽ പ്രതിരോധിക്കാൻ കഴിയുന്ന കാരണങ്ങളാലായിരിക്കും മരണങ്ങൾ സംഭവിക്കുകയെന്നും യുനിസെഫ് എക്സിക്യൂട്ടിവ് ഡയറക്ടർ ഹെൻറിയേറ്റ ഫോറെ വ്യക്തമാക്കി.
കുറഞ്ഞ സാമ്പത്തിക വരുമാനമുള്ള, ആരോഗ്യ സംവിധാന നിലാവാരം കുറഞ്ഞ രാജ്യങ്ങളിലാവും ഇത്തരം മരണങ്ങൾ കൂടുതലായി സംഭവിക്കുക. ഇത്തരം 118 രാജ്യങ്ങളിലെ സ്ഥിതിഗതികൾ വിശകലനം ചെയ്ത് ജോൺസ് ഹോപ്കിൻസ് ബ്ലൂംബെർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് തയാറാക്കിയ റിപ്പോർട്ട് ലാൻസെറ്റ് ഗ്ലോബൽ ഹെൽത്ത് ജേണൽ പ്രസിദ്ധീകരിച്ചിരുന്നു. ഇത് അടിസ്ഥാനമാക്കിയാണ് ഫോറെയുടെ മുന്നറിയിപ്പ്.
കോവിഡ് വ്യാപനം ഇത്തരം രാജ്യങ്ങളിൽ ഇതിനോടകം വലിയ പ്രതിസന്ധി ഉയർത്തിയിട്ടുണ്ട്. അഞ്ചാം പിറന്നാൾ ആഘോഷിക്കും മുമ്പേ കുട്ടികൾ മരിക്കുന്ന സ്ഥിതി ദശകങ്ങൾക്ക് ശേഷം തിരികെ വരുന്നത് മോശം സാഹചര്യമാണ്. അതിനാൽ വൈറസിനെതിരെയുള്ള പോരാട്ടത്തിനിടെ അമ്മമാരേയും കുഞ്ഞുങ്ങളേയും നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാവാൻ അനുവദിക്കരുതെന്നും അവർ പറഞ്ഞു.
പ്രതിരോധിക്കാൻ കഴിയുന്ന കാരണങ്ങളാൽ ഉള്ള മരണങ്ങളുടെ എണ്ണം കുറയ്ക്കുന്നതിൽ ഇതുവരെ കൈവരിച്ച നേട്ടങ്ങൾ നഷ്ടപ്പെടുത്തുന്നതാകും അത്. മഹാമാരിയെ ചെറുക്കുന്നതിന്റെ ഭാഗമായി കുഞ്ഞുങ്ങൾക്കും അമ്മമാർക്കും ആരോഗ്യപരിരക്ഷ കുറയുന്നുണ്ടോ എന്ന മൂന്ന് അവസ്ഥകളാണ് ജോൺസ് ഹോപ്കിൻസ് ബ്ലൂംബെർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് പഠനത്തിന് വിധേയമാക്കിയത്.
ഏറ്റവും മോശം അവസ്ഥയിൽ 12 ലക്ഷം കുട്ടികളും 56,700 അമ്മമാരും ആറ് മാസത്തിനിടെ മരിച്ചേക്കാമെന്ന് പഠനം പറയുന്നു, മികച്ച അവസ്ഥയിൽ പോലും 2.5 ലക്ഷം കുഞ്ഞുങ്ങളും 12,200 അമ്മമാരും മരിച്ചേക്കാമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.
പോഷാകാഹാരക്കുറവ്, പ്രതിരോധ കുത്തിവെപ്പുകളുടെയും മരുന്നുകളുടെയും കുറവ്, സാധാരണ ശിശുരോഗങ്ങൾക്കുള്ള മരുന്ന് ലഭിക്കാതെ വരുന്നത്, ചികിത്സാസൗകര്യങ്ങളുടെ അഭാവം എന്നിവയാണ് പൊതുവായ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.
ഈ പ്രതിസന്ധി മറികടക്കാൻ 1.6 ബില്യൺ ഡോളറിന്റെ ആവശ്യകതയാണ് യുനിസെഫ് നേരിടുന്നത്. 52 രാജ്യങ്ങളിലേക്ക് 66 ലക്ഷം ഗ്ലൗസുകളും 13 ലക്ഷം സർജിക്കൽ മാസ്കുകളും 4,28,000 എൻ - 95 മാസ്കുകളും 34,500 കോവിഡ് 19 നിർണയ കിറ്റുകളും അയച്ചതായും ഹെൻറിയേറ്റ ഫോറെ പറഞ്ഞു.
'കോവിഡ് 19 ന്റെ നേരിട്ടല്ലാത്ത ഫലങ്ങൾ സാമ്പത്തിക പ്രതിസന്ധിക്ക് പുറമേ ലോകത്തെ ലക്ഷക്കണക്കിന് ആളുകളുടെ മാനസിക-ശാരീരിക ആരോഗ്യത്തേയും ഗുരുതരമായി ബാധിച്ചേക്കുമെന്ന് പഠനം പറയുന്നു. ലോകത്തെ 18 വയസിൽ താഴെയുള്ള കുട്ടികളുടെ 77 ശതമാനവും ശക്തമായ ലോക്ഡൗൺ നിലനിൽക്കുന്ന 132 രാജ്യങ്ങളിലാണ്. സ്കൂൾ അടച്ചിട്ടത് തുടങ്ങി വീട്ടിനുള്ളിൽ കഴിയേണ്ടി വരുന്നതിന്റെ പിരിമുറുക്കം വരെ അവരുടെ മാനസികനിലയെ ബാധിക്കാനിടയുണ്ട്. പെൺകുട്ടികൾക്കും സ്ത്രീകൾക്കും അക്രമത്തിന്റെയും പീഡനത്തിന്റെയും അപായ സാധ്യത കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.