വാഷിങ്ടൺ: വമ്പൻ രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്ക കോവിഡിനെതിരെ മികച്ച രീതിയിൽ പോരാടുന്നതായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഇന്ത്യ അതിസങ്കീർണമായ പ്രശ്നത്തിലാണെന്നും ചൈന വൈറസ്ബാധയുടെ വമ്പൻ പൊട്ടിത്തെറി നേരിടാനിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയിൽ കഴിഞ്ഞ ഒരാഴ്ചയായി 50,000ത്തിൽ അധികംപേർക്കാണ് പ്രതിദിനം കോവിഡ് റിപ്പോർട്ട് ചെയ്യുന്നത്. 18,55,745 പേർക്ക് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ചൈനയിൽ 36 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം 43 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
'മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് യു.എസ് കോവിഡിനെതിരെ ശക്തമായി പോരാടുന്നു. മറക്കരുത്, ഇന്ത്യ-ചൈന തുടങ്ങിയ രാജ്യങ്ങളേക്കാൾ അധികം വലുതല്ല അമേരിക്ക. ചൈനയിൽ അണുബാധയുടെ വമ്പൻ പൊട്ടിത്തെറി നടക്കാനിക്കുന്നു. ഇന്ത്യ അതിസങ്കീർണമായ പ്രശ്നങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്നു. മറ്റു രാജ്യങ്ങളും പ്രശ്നം നേരിടുന്നു' -ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു.
ആറുകോടി ജനങ്ങളെ അമേരിക്കയിൽ കോവിഡ് പരിശോധനക്ക് വിധേയമാക്കി. 15 മുതൽ 20മിനിറ്റുവരെ സമയത്തിനുള്ളിൽ പരിശോധന ഫലം ലഭിക്കും. മറ്റാരും ഇത്തരത്തിൽ ചെയ്യുന്നില്ല. ഞങ്ങളാണ് ഏറ്റവും മികച്ച രീതിയിൽ കോവിഡ് പ്രതിരോധം കൈകാര്യം ചെയ്യുന്നതെന്ന് ഞാൻ വിചാരിക്കുന്നു -ട്രംപ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ആറാഴ്ചയായി രോഗബാധിതരുടെ എണ്ണം കുറച്ചുെകാണ്ടുവരാൻ കഴിഞ്ഞു. കോവിഡ് പോസിറ്റീവാകാനുള്ള സാധ്യത 8.7 ശതമാനത്തിൽ നിന്ന് എട്ടുശതമാനമായി. ഹോട്ട്സ്പോട്ടുകളിൽ മാത്രം രോഗബാധിതരുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായതായും ട്രംപ് പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രാജ്യം അമേരിക്കയാണ്. 48,62000ത്തിൽ അധികം പേർക്കാണ് അമേരിക്കയിൽ രോഗം ബാധിച്ചത്. ഒന്നരലക്ഷം മരണവും ഇവിടെ റിപ്പേർട്ട് െചയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.