സാന്‍റിയാഗോ: രാജ്യത്തെ സ്മാരകങ്ങൾക്കും റോഡുകൾക്കും അന്തരിച്ച മുൻ പ്രസിഡന്‍റ് ഫിദൽ കാസ്ട്രോയുടെ പേര് നൽകുന്നത് ക്യൂബൻ ഭരണകൂടം നിരോധിക്കും. പേരു നൽകുന്നത് വ്യക്തിപൂജക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ക്യൂബൻ സർക്കാർ നിരോധനം ഏർപ്പെടുത്താൻ പോകുന്നത്. കൂടാതെ പൊതു നിരത്തുകൾക്കും സ്മാരകങ്ങൾക്കും തന്‍റെ പേര് നൽകുന്നതിനെ ജീവിച്ചിരുന്ന കാലത്ത് ഫിദൽ കാസ്ട്രോ എതിർത്തിരുന്നു. ഇതുകൂടി പരിഗണിച്ചാണ് റൗൾ കാസ്ട്രോ സർക്കാറിന്‍റെ നടപടി.
ഫിദലിന് ആദരാഞ്ജലി അർപ്പിക്കാനായി കിഴക്കൻ നഗരമായ സാന്‍റിയാഗോയിൽ ഒത്തുചേർന്ന പൗരന്മാരെ അഭിസംബോധന ചെയ്താണ് റൗൾ കാസ്ട്രോ നിരോധന വിവരം പ്രഖ്യാപിച്ചത്. ക്യൂബൻ ദേശീയ അസംബ്ലിയുടെ അടുത്ത സമ്മേളനത്തിൽ നിരോധനം ഏർപ്പെടുത്തി കൊണ്ടുള്ള നിയമം പാസാക്കും.
മരണപ്പെട്ട വ്യക്തിയുടെ പേര് പൊതു സ്മാരകങ്ങൾ, സ്ഥാപനങ്ങൾ, റോഡുകൾ, പാർക്കുകൾ, മറ്റ് പൊതു സംവിധാനങ്ങൾ എന്നിവക്ക് നൽകുന്നത് വ്യക്തി ആരാധനക്ക് കാരണമാകുമെന്നും ഇത് അനാവശ്യമായ കീഴ്‌വഴക്കങ്ങൾ സൃഷ്ടിക്കുമെന്നുമായിരുന്നു ഫിദൽ കാസ്ട്രോയുടെ നിലപാട്.
കഴിഞ്ഞ നവംബർ 25 അന്തരിച്ച ഫിദൽ കാസ്ട്രോയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.