വാഷിങ്ടൺ: ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലം അവസാനഘട്ടത്തിലേക്ക് എത്തിയപ്പോൾ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് വ്യക്തമായ മുന്നേറ്റം. 538 അംഗ ഇലക്ടറൽ വോട്ടിൽ 244 വോട്ട് ട്രംപ് നേടിക്കഴിഞ്ഞു. 215 ഇലക്ടറൽ വോട്ടുകളാണ് ഡെമോക്രാറ്റ് സ്ഥാനാർഥി ഹിലരി ക്ലിന്റനുള്ളത്. 270 ഇലക്ടറൽ വോട്ടുകൾ ഉറപ്പിക്കുന്ന സ്ഥാനാർഥിയാണ് യു.എസ് പ്രസിഡന്റാവുക. ട്രംപ് തന്നെ അമേരിക്കയെ നയിക്കുമെന്നാണ് ഒടുവിലത്തെ സൂചന.
നിര്‍ണായക സംസ്ഥാനമായ ഒഹായോയിലും ഹിലരിക്ക് മുന്‍തൂക്കമുണ്ടെന്ന് കരുതിയ അര്‍ക്കന്‍സോയിലും ട്രംപ് വിജയിച്ചു. ആറ് 'സ്വിങ്' സ്റ്റേറ്റുകളില്‍ അഞ്ചും ട്രംപിന് അനുകൂലമായി വോട്ട് ചെയ്തു. പരമ്പരാഗതമായി ഡെമോക്രാറ്റുകൾക്ക് മുന്‍തൂക്കമുള്ള പല സംസ്ഥാനങ്ങളിലും ഹിലരി പിന്നോട്ട് പോയപ്പോള്‍ ഇരുകക്ഷികൾക്കും ഭൂരിപക്ഷമില്ലാത്ത സ്റ്റേറ്റുകളിൽ പലതും ട്രംപ് നേടി.
പോപുലര്‍ വോട്ടില്‍ 5,24,44,896 വോട്ടുകള്‍ ട്രംപ് നേടിയപ്പോള്‍ 5,12,68,275 വോട്ടുകള്‍ ഹിലരി സ്വന്തമാക്കി. സെനറ്റിലും ട്രംപിനും റിപ്പബ്ലിക്കന്‍സിനുമാണ് മുന്‍തൂക്കം. 48 സീറ്റുകള്‍ റിപ്പബ്ലിക്കന്‍സ് നേടിയപ്പോള്‍ ഡെമോക്രാറ്റുകള്‍ 47 സീറ്റുകള്‍ നേടി.
ട്രംപ് വിജയിച്ച സംസ്ഥാനങ്ങൾ
ജോര്‍ജിയ, യൂട്ടാ, ഫ്‌ളോറിഡ, ഐഡഹോ, വയോമിങ്, നോര്‍ത്ത് ഡെക്കോഡ, സൗത്ത് ഡെക്കോഡ, നെബ്രാസ്‌ക, കാന്‍സസ്, ടെക്‌സസ്, അര്‍കന്‍സ, വെസ്റ്റ് വെര്‍ജീനിയ, ഓക്‌ലഹോമ, ടെനിസി, മിസിസിപ്പി, കെന്റക്കി, ഇന്‍ഡ്യാന, സൗത്ത് കരോലെന, അലബാമ, ലൂസിയാന, മോണ്ടാന, മിസോറി, നോര്‍ത്ത് കാരലൈന, ഒഹായോ.
ഹിലരി ക്ലിന്റൻ വിജയിച്ച സംസ്ഥാനങ്ങൾ
ഓറിഗന്‍, നെവാഡ, കലിഫോര്‍ണിയ, ഹവായ്, കൊളറാഡോ, വെര്‍ജീനിയ, ന്യൂ മെക്‌സിക്കോ, ഇല്ലിനോയ്, മേരിലാന്‍ഡ്, ഡെലവെയര്‍, ന്യൂജഴ്‌സി, റോഡ് ഐലന്‍ഡ്, കണക്ടികട്ട്, ന്യൂയോര്‍ക്ക്, വെര്‍മോണ്ട്, മാസചുസെറ്റ്‌സ്, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.