വാഷിങ്ടൺ: കറുത്ത വർഗക്കാരനെ ശ്വാസംമുട്ടിച്ചുകൊന്ന പൊലീസുകാരന്‍റെ നടപടിക്കെതിരെ ദിവസങ്ങളായി അമേരിക്കയിൽ പ്രതിഷേധം ആളിക്കത്തവെ പ്രക്ഷോഭകരെ പിന്തുണച്ച് ഡൊണാൾഡ് ട്രംപിന്‍റെ ഇളയമകൾ ടിഫാനി ട്രംപ്. വൈറ്റ് ഹൗസിന് പുറത്ത് പ്രതിഷേധക്കാർക്ക് നേരെ ടിയർ ഗ്യാസ് പ്രയോഗിച്ചതിന് തൊട്ട് പിന്നാലെയാണ് സമരത്തെ അനുകൂലിക്കുന്ന ടിഫാനിയുടെ സന്ദേശം പ്രത്യക്ഷപ്പെട്ടത്.
യു.എസിൽ പതിവായി അരങ്ങേറുന്ന കറുത്ത വർഗക്കാർക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെ 'ബ്ലാക്കൗട്ട് ട്യൂസ്ഡേ' ഹാഷ്ടാഗോടുകൂടിയ പ്രതിഷേധം തരംഗമാകുന്നതിനിടെയാണ് സോഷ്യൽ മീഡിയയിലൂടെ കറുത്ത സ്ക്രീൻ ഷെയർ ചെയ്യുന്ന 'ബ്ലാക്കൗട്ട് ട്യൂസ്ഡേ' പ്രതിഷേധത്തിൽ ടിഫാനിയും പങ്കാളിയായത്. നിയമ ബിരുദധാരിയായ ടിഫാനി ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും ബ്ലാക്ക് സ്ക്രീൻ ഷെയർ ചെയ്തിട്ടുണ്ട്.
'നമുക്ക് ഒറ്റക്ക് നേടാൻ കഴിയുന്നത് വളരെ കുറച്ച് മാത്രമാണ്. കൂട്ടായ്മയിലൂടെ പലതും നേടിയെടുക്കാം' എന്ന ഹെലൻ കെല്ലറിന്‍റെ കുറിപ്പിനൊപ്പം 'ബ്ലാക്കൗട്ട് ട്യൂസ്ഡേ', 'ജസ്റ്റിസ് ഫോർ ജോർജ് ഫ്ലോയിഡ്' എന്നീ ഹാഷ്ടാഗുകളോടെയാണ് ടിഫാനി ബ്ലാക്ക് സ്ക്രീൻ പങ്കുവെച്ചിട്ടുള്ളത്.
ഡൊണാൾഡ് ട്രംപിന്‍റെ രണ്ടാംഭാര്യയും ടിഫാനിയുടെ അമ്മയുമായ മർല മേപിൾസും ഇതേ ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്. ടിഫാനിയുടെ പോസ്റ്റിന് വലിയ പിന്തുണയാണ് സാമൂഹ്യമാധ്യമങ്ങളിൽ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.