ന്യൂയോര്‍ക്: വടക്കന്‍ അമേരിക്കയില്‍ എയ്ഡ്സ് പടര്‍ത്തിയെന്ന ആരോപണം ചുമന്നിരുന്ന കനേഡിയന്‍ വിമാനജീവനക്കാരന്‍ ഗെയ്തന്‍ ഡുഗസിന് പതിറ്റാണ്ടുകള്‍ക്കുശേഷം കുറ്റമുക്തി. ‘പേഷ്യന്‍റ് സീറോ’ എന്ന് വിളിച്ചിരുന്ന സ്വവര്‍ഗാനുരാഗിയായ ഗെയ്തന്‍ ഡുഗസ് വഴിയല്ല വടക്കന്‍ അമേരിക്കയില്‍ എയ്ഡ്സ് പടര്‍ന്നതെന്നും 70കളില്‍ എയ്ഡ്സ് പിടിപെട്ട ആയിരങ്ങളില്‍ ഒരാള്‍ മാത്രമായിരുന്നു ഡുഗസ് എന്നും ‘നേച്ചര്‍’ മാഗസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അരിസോണ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഡുഗസിനുമേല്‍ ചുമത്തപ്പെട്ട പാപഭാരം നീങ്ങിയത്. അമേരിക്കയില്‍ സൂക്ഷിച്ചിരുന്ന രക്തസാമ്പിളുകളില്‍ പരിശോധന നടത്തിയാണ് നിഗമനത്തിലത്തെിയത്. രണ്ടായിരത്തോളം രക്തസാമ്പിളുകളില്‍ നടത്തിയ പരിശോധനയില്‍ എട്ടെണ്ണത്തിലാണ് രോഗാണുവിനെ കണ്ടത്തെിയത്. 1970-71കളില്‍തന്നെ യു.എസില്‍ എയ്ഡ്സ് ഉണ്ടായിരുന്നുവെന്നും കരീബിയന്‍ നാടായ ഹെയ്തിയില്‍ നിന്നാണ് യു.എസില്‍ എയ്ഡ്സ് രോഗാണു എത്തിയതെന്നും പഠനത്തില്‍ പറയുന്നു.
1970ല്‍തന്നെ ന്യൂയോര്‍ക്കിലെ ഏഴു ശതമാനം പേര്‍ക്കും സാന്‍ഫ്രാന്‍സിസ്കോയിലെ നാലുശതമാനം പേര്‍ക്കും എയ്ഡ്സ് പിടിപെട്ടിരുന്നതായി പഠനത്തിന് നേതൃത്വം നല്‍കിയ മൈക്കല്‍ വൊറോബേ പറയുന്നു. 1981ല്‍ സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരിലാണ് വടക്കേ അമേരിക്കയില്‍ എയ്ഡ്സ് ആദ്യമായി സ്ഥിരീകരിച്ചത്.
അപൂര്‍വ രോഗം വന്ന് സ്വവര്‍ഗാനുരാഗികളായ പുരുഷന്മാര്‍ മരിക്കാന്‍ തുടങ്ങിയതോടെ ബിഹേവിയറല്‍ സയന്‍റിസ്റ്റായിരുന്ന വില്യം ഡാരോ നടത്തിയ പഠനങ്ങളാണ് ഡുഗസാണ് രോഗാണു വാഹകനെന്ന നിഗമനങ്ങളിലേക്ക് എത്തിച്ചത്. രോഗ ബാധിതരായ മൂന്നുപേര്‍ ഡുഗസിന്‍െറ പേര് പറഞ്ഞതോടെയാണ് ‘അമേരിക്കന്‍ എയ്ഡ്സ് രോഗത്തിന്‍െറ പിതാവ്’ എന്ന് മുദ്ര കുത്തിയത്. പിന്നീട് 1987ല്‍ പുറത്തിറങ്ങിയ റാന്‍ഡി ഷില്‍റ്റ് എന്ന മാധ്യമപ്രവര്‍ത്തകന്‍െറ ‘ആന്‍ഡ് ദ ബാന്‍ഡ് പ്ളെയ്ഡ് ഓണ്‍’ എന്ന പുസ്തകത്തിലും ഡുഗസിനെ എയ്ഡ്സ് വാഹകനായി ചിത്രീകരിച്ചിരുന്നു. പേഷ്യന്‍റ് സീറോ എന്ന് ഈ പുസ്തകത്തിലാണ് ഡുഗസിനെ വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.