ആതൻസ്: സിറിയയിൽ സ്വന്തം സൈനികർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് തുർക്കി അതിർത്ത ികൾ തുറന്നതിനു പിന്നാലെ യൂറോപ് ലക്ഷ്യമിട്ട് കൂട്ടപ്പലായനം. 10,000ത്തോളം പേരെ അതിർത്തികളിൽ തടഞ്ഞതായി ഗ്രീക് പൊലീസ് പറഞ്ഞു. 500ഓളം പേർ ഇതിനകം ലെസ്ബോസ്, സമോസ്, ചിയോസ് ദ്വീപുകളിൽ എത്തിയിട്ടുണ്ട്. ഇവരെ ക്യാമ്പുകളിലേക്ക് മാറ്റി.
37 ലക്ഷം സിറിയക്കാർ നിലവിൽ തുർക്കിയിൽ അഭയാർഥികളായി കഴിയുന്നുണ്ട്. അഫ്ഗാനിസ്താൻ ഉൾപ്പെടെ മറ്റു രാജ്യങ്ങളിൽനിന്ന് എത്തിയ ലക്ഷങ്ങൾ വേറെയും. ഇവരെ യൂറോപ്പിലേക്ക് വിടാതെ തടഞ്ഞുനിർത്താൻ യൂറോപ്യൻ യൂനിയൻ തുർക്കിയുമായി കരാറിലെത്തിയിരുന്നു.
എന്നാൽ, സിറിയൻ ദൗത്യത്തിൽ തുർക്കിക്കൊപ്പം നിൽക്കുന്നില്ലെന്നാരോപിച്ച് കരാറിൽനിന്ന് പിൻവാങ്ങിയ പ്രസിഡൻറ് ഉർദുഗാൻ പടിഞ്ഞാറൻ അതിർത്തികൾ തുറക്കാൻ നിർദേശിക്കുകയായിരുന്നു. ഇതോടെയാണ് വീണ്ടും പലായനം തുടങ്ങിയത്. ഏഴു ബോട്ടുകളിലായി 300 പേർ ലെസ്ബോസ് ദ്വീപിൽ എത്തിയപ്പോൾ സമോസിൽ നാലു ബോട്ടുകളെത്തി. 150 പേരാണ് ഇവയിലുണ്ടായിരുന്നത്.
ചിയോസിൽ 80ലേറെ പേരെ വഹിച്ച് രണ്ടു ബോട്ടുകളും തീരമണഞ്ഞു. ഒരു പുഴ കടന്നാണ് പലരും ഗ്രീസിലേക്ക് എത്തുന്നത്. തടയുന്നവരെ തുർക്കി അതിർത്തി പ്രദേശമായ ഇവ്റോസിലേക്കാണ് അയക്കുന്നത്. ഗ്രീസിനു പുറമെ ബൾഗേറിയയുമായും തുർക്കി അതിർത്തി പങ്കിടുന്നുണ്ട്. 13,000 പേർ അതിർത്തി കടക്കാൻ കാത്തുനിൽക്കുന്നുണ്ടെന്ന് യു.എൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.