വൈരം മറന്ന് ട്രംപും ഹിലരിയും നര്‍മസല്ലാപത്തില്‍

ന്യൂയോര്‍ക്: അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥികളായ ഡൊണാള്‍ഡ് ട്രംപും ഹിലരി ക്ളിന്‍റനും കഴിഞ്ഞ ദിവസം കണ്ടുമുട്ടിയ വേദി, വിദ്വേഷത്തിന്‍െറ കലര്‍പ്പില്ലാത്ത നര്‍മോക്തികളുടെയും കുശലാന്വേഷണങ്ങളുടെയും അരങ്ങായി. വീറിന്‍െറയും വാശിയുടെയും അഗ്നിചിതറിയ മൂന്നു സംവാദങ്ങള്‍ക്കുശേഷം കഴിഞ്ഞ ദിവസം  ന്യൂയോര്‍ക്കിലെ ആല്‍ഫ്രഡ് സ്മിത് സ്മാരക ഫൗണ്ടേഷന്‍ സംഘടിപ്പിച്ച വിരുന്നായിരുന്നു ഇരുവരുടെയും സമാഗമം. ആദ്യ തമാശപൊട്ടിച്ച് അതിഥികളെ വശത്താക്കിയത് ഡൊണാള്‍ഡ് ട്രംപ്.

‘ഞാന്‍ കടുപ്പക്കാരനാണെന്നാണ് ആരോപണം. തെരഞ്ഞെടുപ്പു വിജയം കടുപ്പമാകുമെന്നും എന്നെ ചിലരൊക്കെ കുറ്റപ്പെടുത്തുന്നു. നോക്കൂ, സത്യത്തില്‍ വിനീതവിധേയനാണ് ഞാന്‍.   ദേഷ്യക്കാരനല്ല, ഒന്നാന്തരം മര്യാദക്കാരന്‍.’ തന്നെ ക്ഷിപ്രകോപിയെന്ന് പരിഹസിച്ച ഹിലരിയെ വ്യംഗ്യമായി സൂചിപ്പിച്ച് ട്രംപ് നടത്തിയ ഹാസ്യോക്തി കുറിക്കുകൊണ്ടു. ട്രംപിന് പിറകെയാണെങ്കിലും തനിക്കിവിടെ സംസാരിക്കാന്‍ അവസരം ലഭിച്ചതില്‍ അതിശയം തോന്നുന്നു എന്നായിരുന്നു ഹിലരിയുടെ മറുപടി.

തനിക്ക് സംബന്ധിക്കാന്‍ കഴിഞ്ഞ ഈ അതിഥിസല്‍ക്കാരത്തില്‍ കൃത്രിമം നടന്നതായി താങ്കള്‍ കരുതുന്നില്ളെന്ന് വിശ്വസിക്കുന്നുവെന്നും ഹിലരി തുറന്നടിച്ചു. താന്‍ വിജയിക്കാത്തപക്ഷം ഇലക്ഷന്‍ ഫലം മാനിക്കില്ളെന്ന ട്രംപിന്‍െറ വാദം വ്യംഗ്യമായി സൂചിപ്പിക്കുകയായിരുന്നു ഹിലരി. കടുപ്പക്കാരനായ ട്രംപുമായി മൂന്നു സംവാദങ്ങള്‍ നടത്തി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട തന്‍െറ ചങ്കൂറ്റം അദ്ഭുതപ്രവൃത്തിയായി എണ്ണാമെന്ന ഹിലരിയുടെ നര്‍മം, അതിഥികള്‍ വന്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.

അതേസമയം, ഹിലരിയുടെ കുമ്പസാരം ശ്രവിച്ച വൈദികന്‍ കടുത്ത അമ്പരപ്പിലാണെന്ന ട്രംപിന്‍െറ ഹാസ്യവും ജനങ്ങളില്‍ ചിരിയുണര്‍ത്തി. ‘പാപം ചെയ്ത കാര്യം ഓര്‍മയില്ളെന്ന് ഹിലരി വൈദികനുമുമ്പാകെ 39 തവണ ഏറ്റുപറഞ്ഞതായാണ് ശ്രുതി’. എഫ്.ബി.ഐക്ക് മുമ്പാകെ 39 തവണ നല്‍കിയ നിഷേധമൊഴി സൂചിപ്പിച്ചായിരുന്നു ട്രംപിന്‍െറ ഈ കമന്‍റ്. സ്ത്രീകളെ ബാഹ്യരൂപംനോക്കി ഗ്രേഡ് നല്‍കുന്ന ട്രംപ് സ്റ്റാച്യു ഓഫ് ലിബര്‍ട്ടി എന്ന വനിതാ ശില്‍പത്തിനുപോലും നാലു പോയന്‍േറ നല്‍കൂ എന്നായിരുന്നു ഹിലരിയുടെ മറ്റൊരു ചാട്ടുളിപ്രയോഗം.

വന്‍കിട കോര്‍പറേറ്റുകള്‍ സംബന്ധിച്ച ഇത്തരമൊരു സദസ്സിനെ ഹിലരി ആദ്യമായാകും ഫീസില്ലാതെ അഭിസംബോധന ചെയ്യുന്നതെന്ന് പ്രഭാഷണങ്ങള്‍ക്ക് വന്‍ തുക പ്രതിഫലം പറ്റുന്ന തന്‍െറ പണക്കൊതിയെ പരിഹസിച്ച ട്രംപിനെ ചിരിയോടെ നേരിട്ട ഹിലരി സംയമനം വിടാതെ മറുപടിയും നല്‍കി.

 

Tags:    
News Summary - hilari, trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.