ന്യൂയോർക്ക്: ടാൽകം പൗഡർ ഉപയോഗിച്ചതിലൂടെ അണ്ഡാശയ കാൻസർ വന്നുവെന്ന് ആരോപിച്ച് നൽകിയ കേസിൽ അമേരിക്ക ആസ്ഥാനമായ ആഗോള കുത്തക കമ്പനി ജോൺസൺ ആൻഡ് ജോൺസൺ 32,169 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യു.എസ്. കോടതി ഉത്തരവ്. 22 സ്ത്രീകൾ നൽകിയ കേസിൽ ആറാഴ്ചത്തെ വിചാരണക്കുശേഷം മിസൗറി കോടതിയാണ് സുപ്രധാന ഉത്തരവിട്ടത്.
കമ്പനിയിൽനിന്ന് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നഷ്ടപരിഹാരത്തുക ഇൗടാക്കുന്ന കേസാണിത്. ബേബി പൗഡറിൽ കണ്ടെത്തിയ ആസ്ബസ്റ്റോസ് കാൻസറിന് കാരണമായെന്നായിരുന്നു പരാതിക്കാരുടെ വാദം.
ഇത് ശരിവെച്ച കോടതി ആദ്യം 3800 കോടി രൂപ (550 ദശലക്ഷം ഡോളർ) നഷ്ടപരിഹാരമായും പിന്നീട് 28,100 കോടി രൂപ (4.1ശതകോടി ഡോളർ) ശിക്ഷാ നടപടിയുടെ ഭാഗമായും പരാതിക്കാർക്ക് നൽകാൻ ഉത്തരവിട്ടു. ദീർഘകാലം ടാൽകം പൗഡർ ഉപയോഗിച്ചതിലൂടെ അതിലെ ആസ്ബസ്റ്റോസ് തരികൾ ശരീരത്തിൽ കടന്ന് കാൻസറിന് കാരണമായെന്നും 22 പരാതിക്കാരിൽ ആറുപേർ ഇതിനകം മരിച്ചതായും ഹരജിക്കാരുടെ അഭിഭാഷകർ കോടതിയിൽ പറഞ്ഞു.
പൗഡറിൽ അപകടകരമായ രാസസാന്നിധ്യം ഉണ്ടെന്ന് 1970കൾ മുതൽ അറിയാമായിരുന്നിട്ടും കമ്പനി ഇതേപ്പറ്റി ഉപഭോക്താക്കൾക്ക് നിയമപ്രകാരമുള്ള മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്നും അഭിഭാഷകർ ബോധിപ്പിച്ചു. എന്നാൽ, കോടതി ഉത്തരവ് നീതിയുക്തമല്ലെന്നും ഇതിനെതിരെ അപ്പീൽ നൽകുമെന്നും ജോൺസൺ ആൻഡ് ജോൺസൺ പ്രതികരിച്ചു. പൗഡറിൽ ആസ്ബസ്റ്റോസ് ഉണ്ടെന്ന വാദം തള്ളിയ കമ്പനി തങ്ങളുടെ ഉൽപന്നം സുരക്ഷിതമാണെന്നും അവകാശപ്പെട്ടു.
ജോൺസൻ ആൻഡ ജോൺസൺ ബേബി പൗഡറിനെതിരെ വിവിധ രാജ്യങ്ങളിലായി 9000ത്തോളം കേസുകൾ തുടരുന്നുണ്ട്. ഇതിൽ കൂടുതലും പൗഡർ അണ്ഡാശയ കാൻസറിന് കാരണമായി എന്ന ആരോപണമുള്ളവയാണ്.
മറ്റു കേസുകൾ മെസോതെലിയോമ(ആസ്ബസ്റ്റോസ് സാമീപ്യം മൂലമുണ്ടാകുന്ന സംയുക്ത കോശ കാൻസർ) വന്നുവെന്ന ആരോപണമുള്ളവയും. അതേസമയം, ടാൽകം പൗഡർ ദീർഘകാലം ജനനേന്ദ്രിയ ഭാഗങ്ങളിൽ ഉപയോഗിക്കുന്നത് കാൻസറിന് കാരണമാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ബ്രിട്ടൻ ആസ്ഥാനമായ കാൻസർ സന്നദ്ധ സംഘടനയായ ഒാവ കം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.